റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയുടെ ദ്വൈമാസ പണനയ അവലോകന യോഗം പലിശ നിരക്ക് നിലനിര്‍ത്തിയേക്കും. തുടര്‍ച്ചയായ നാലാംതവണയും പലിശ നിരക്കുകളില്‍ മാറ്റം വരുത്തില്ലെന്നാണ് സാമ്പത്തിക വിദഗദ്ധരുടെ വിലയിരുത്തല്‍. റീട്ടെയില്‍ പണപ്പെരുപ്പം കൂടി നില്‍ക്കുകയും യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ന്ന നിലയില്‍ തുടരാന്‍ തീരുമാനിക്കുകയും ചെയ്ത സാഹചര്യം കണക്കാക്കിയാണ് വിലയിരുത്തല്‍. ഒക്ടോബര്‍ 4മുതല്‍ 6 വരെയാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ നേതൃത്വത്തിലുള്ള ആറംഗ മോണിറ്ററി പോളിസി കമ്മിറ്റി ചേരാന്‍ തീരുമാനിച്ചിരിക്കുന്നത്. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പം ജൂലായിലെ 7.44 ശതമാനത്തില്‍ നിന്ന് ആഗസ്റ്റില്‍ 6.83 ശതമാനമായി കുറഞ്ഞെങ്കിലും, റിസര്‍വ് ബാങ്കിന്റെ കംഫര്‍ട്ട് ലെവലായ 6 ശതമാനത്തിന് മുകളില്‍ തുടരുകയാണ്. പണപ്പെരുപ്പം 2023 ആഗസ്റ്റിലെ 6.8 ശതമാനത്തില്‍ നിന്ന് 2023 സെപ്തംബറില്‍ 5.3-5.5 ശതമാനമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. 2023 ഫെബ്രുവരി 8 ന് റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 6.5 ശതമാനമായി ഉയര്‍ത്തിയിരുന്നു, അതിനുശേഷം ഉയര്‍ന്ന റീട്ടെയില്‍ പണപ്പെരുപ്പവും അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലക്കയറ്റം ഉള്‍പ്പെടെയുള്ള ചില ആഗോള ഘടകങ്ങളും കണക്കിലെടുത്ത് നിരക്കുകള്‍ അതേ നിലയില്‍ നിലനിര്‍ത്തുകയാണ് ഉണ്ടായത്. റിസര്‍വ് ബാങ്ക് ദ്വൈമാസ പണ നയത്തില്‍ പ്രധാനമായും സി.പി.ഐ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പമാണ് വിലയിരത്തുന്നത്.