റീപോ നിരക്ക് കാല്‍ ശതമാനം കുറച്ച് റിസര്‍വ് ബാങ്ക് പണനയം. റീപോ നിരക്ക് പ്രതീക്ഷിച്ചതു പോലെ 6.25 ശതമാനത്തില്‍ നിന്ന് ആറു ശതമാനമാക്കി. ഭവന, വാഹന വായ്പയുടെ പലിശബാധ്യത കുറയാന്‍ ഇത് സഹായകമാകും. ഈ ധനകാര്യ വര്‍ഷത്തെ ജിഡിപി വളര്‍ച്ച പ്രതീക്ഷ 6.7 ല്‍ നിന്ന് 6.5 ശതമാനമായി കുറച്ചു. ചില്ലറവിലക്കയറ്റ പ്രതീക്ഷ 4.2 ല്‍ നിന്ന് നാലു ശതമാനമായി കുറച്ചു. സ്വര്‍ണപ്പണയ വായ്പകള്‍ക്കു സമഗ്രമായ മാര്‍ഗരേഖ ഉടനേ പുറപ്പെടുവിക്കും എന്ന് ഗവര്‍ണര്‍ അറിയിച്ചതോടെ സ്വര്‍ണപ്പണയ കമ്പനികളുടെയും ബാങ്കുകളുടെയും ഓഹരികള്‍ താഴ്ന്നു. കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ് എന്നിവ പത്തുശതമാനം വരെയാണ് ഇടിഞ്ഞത്. അതേസമയം ഡോളറിനെതിരെ രൂപയുടെ മൂല്യവും ഇടിഞ്ഞു. 30 പൈസയുടെ നഷ്ടത്തോടെ 86.56 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം തുടരുന്നത്. ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പണം പിന്‍വലിക്കുന്നതാണ് രൂപയുടെ മൂല്യത്തില്‍ പ്രതിഫലിക്കുന്നത്. സ്വര്‍ണം ലോകവിപണിയില്‍ ഔണ്‍സിന് 3007 ഡോളറിലാണ്. കേരളത്തില്‍ ആഭരണ സ്വര്‍ണം പവന് 520 രൂപ കൂടി 66,320 രൂപയായി.