ലംബോര്‍ഗിനി ടെമെരാരിയോ സ്വന്തമാക്കി റെയ്മണ്ട് സി ഇ ഒ ഗൗതം സിംഘാനിയ. ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് ഈ വാഹനം ഇന്ത്യന്‍ വിപണിയിലെത്തിയത്. ആറു കോടി രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ ടെമെരാരിയോയ്ക്ക് വില. പെട്രോള്‍ എന്‍ജിനൊപ്പം ഹൈബ്രിഡും ഒരുക്കിയാണ് ലംബോര്‍ഗിനി ടെമെരാരിയോയെ കളത്തിലിറക്കിയിരിക്കുന്നത്. 4.0 ലീറ്റര്‍ വി8 പെട്രോള്‍ എന്‍ജിന്‍ വാഹനത്തിനു കരുത്ത് നല്‍കുന്നു. ഇതിനൊപ്പം മൂന്നു ഇലക്ട്രിക് മോട്ടറും ബാറ്ററിയും ഉള്‍പ്പെടുന്നതാണ് ഹൈബ്രിഡ് സംവിധാനം. 920 എച്ച് പി പവറും 800 എന്‍ എം ടോര്‍ക്കും ഉല്‍പാദിപ്പിക്കും. എട്ട് സ്പീഡ് ഡ്യുവല്‍ ക്ലെച്ചാണ് ട്രാന്‍സ്മിഷന്‍. പരമാവധി വേഗം 340 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്ന ടെമെരാരിയോ 2.7 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗം കൈവരിക്കും. ടെസ്റ്റ് ഡ്രൈവിനായി തിരഞ്ഞെടുത്ത ലംബോര്‍ഗിനിയുടെ ഹുറാകാന് തകരാര്‍ കണ്ടതിനെ തുടര്‍ന്ന് ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മാതാക്കള്‍ക്കെതിരെ സിംഘാനിയ വിമര്‍ശനവുമായി എത്തിയിരുന്നു.
