നെല്ല് സംഭരിച്ചതിനു കര്‍ഷകര്‍ക്കു നല്‍കാനുള്ള 272 കോടി രൂപ അനുവദിച്ചെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍. കേന്ദ്രസര്‍ക്കാരിന്റെ വിഹിതമായി ലഭിച്ച തുക തിങ്കളാഴ്ച വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ആകെ 484 കോടി രൂപയുടെ നെല്ലാണ് സംഭരിച്ചത്. ഇതില്‍ 178.75 കോടി രൂപ സര്‍ക്കാര്‍ നേരത്തെ അനുവദിച്ചിരുന്നു.
വനിതാ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്നു പരാതി ഉയര്‍ന്ന നേമത്തെ ഡിവൈഎഫ്‌ഐ നേതാവ് കെ.കെ. അഭിജിത്തിനു സിപിഎമ്മില്‍നിന്നു സസ്‌പെന്‍ഡു ചെയ്തു. കഴിഞ്ഞ ദിവസം തരംതാഴ്ത്തപ്പെട്ട അഭിജിത്ത് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെതിരേ ആരോപണം ഉന്നയിച്ചിരുന്നു. എസ്എഫ്‌ഐ നേതാവാകാന്‍ പ്രായം കുറച്ച് പറയാന്‍ ഉപദേശിച്ചെന്ന ആരോപണം നാഗപ്പന്‍ ആനാവൂര്‍ തള്ളി. ശബ്ദരേഖയെപ്പറ്റി അയാളോട് തന്നെ ചോദിക്കണമെന്നും ആനാവൂര്‍ പ്രതികരിച്ചു.
സിക്കിമില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ വൈശാഖിന്റെ മൃതദേഹം ഇന്നു ജന്മനാടായ പാലക്കാട് മാത്തൂരില്‍ എത്തിക്കും. ഗാങ്‌ടോക്കില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വൈശാഖിന്റെ വീട്ടിലെത്തി. ചുങ്കമന്നം എയുപി സ്‌കൂളിലാണ് പൊതുദര്‍ശനത്തിനു വയ്ക്കുക.
സമൂഹത്തിലെ ജീര്‍ണതകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തിരസ്‌കരിക്കണമെന്ന് സിപിഎം പിബി അംഗം എ.വിജയരാഘവന്‍. പൊതുസമൂഹത്തിനു മുന്നില്‍ പാര്‍ട്ടി അംഗങ്ങള്‍ക്കു മികവാര്‍ന്ന വ്യക്തിത്വവും ഉന്നതമായ മൂല്യബോധവും സ്വീകാര്യതയും വേണം. വിജയരാഘവന്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കഴിഞ്ഞ ദിവസം പാര്‍ട്ടി നേതാക്കളേയും പ്രവര്‍ത്തകരേയും ഗുണദോഷിച്ചിരുന്നു. പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരേ അനധികൃത പണസമ്പാദനം, മദ്യപാനം, പീഡനം തുടങ്ങിയ ആരോപണങ്ങളും കേസുകളും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നേതാക്കളുടെ പ്രതികരണം.
തന്നെ ചാന്‍സലര്‍ പദവിയില്‍നിന്നു നീക്കം ചെയ്തുകൊണ്ടു നിയമസഭ പാസാക്കിയ ബില്‍ കണ്ടിട്ടില്ലെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബില്ലിലെ ഉള്ളടക്കം പഠിക്കാതെ അഭിപ്രായം പറയില്ലെന്നും അദ്ദേഹം പറഞ്ഞു. ബില്‍ മൂന്നു ദിവസം മുമ്പ് രാജ്ഭവനില്‍ എത്തിച്ചെന്നാണു പൊതുഭരണ വകുപ്പു പറയുന്നത്.
പിഴവുമൂലം എക്കൗണ്ടില്‍ എത്തിയ രണ്ടര കോടി രൂപ ആഘോഷമായി ധൂര്‍ത്തടിച്ച രണ്ടു യുവാക്കള്‍ പോലീസിന്റെ പിടിയില്‍. തൃശൂര്‍ വെളുത്തൂര്‍ സ്വദേശികളായ രണ്ടു യുവാക്കളുടെ പുതുതലമുറ ബാങ്ക് എക്കൗണ്ടില്‍ 2.44 കോടി രൂപയാണ് എത്തിയത്. മറ്റൊരു ബാങ്കുമായി ലയന പ്രക്രിയ പുരോഗമിക്കുന്നതിനിടെ അബദ്ധത്തില്‍ യുവാക്കളുടെ അക്കൗണ്ടിലേക്കുപോയ പണം വീണ്ടെടുക്കാന്‍ നല്‍കിയ പരാതിയിലാണു യുവാക്കള്‍ കസ്റ്റഡിയിലായത്. കടബാധ്യതകള്‍ തീര്‍ക്കാനും വിലകൂടിയ ഫോണുകള്‍ വാങ്ങാനും ക്രിപ്‌റ്റോ കറന്‍സി ഇടപാടിനുള്ള നിക്ഷേപത്തിനും മറ്റുമായി 171 ഇടപാടുകള്‍ നടത്തിയെന്നാണു പോലീസ് കണ്ടെത്തിയിരിക്കുന്നത്. അനര്‍ഹമായ പണം അക്കൗണ്ടില്‍ എത്തിയാല്‍ ബാങ്ക് മേധാവികളെ അറിയിക്കണമെന്നു പോലീസ്.
സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കി. പ്രായം കുറച്ചു പറയാന്‍ നിര്‍ദേശിച്ചെന്ന എസ്എഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറി കെ.കെ. അഭിജിത്തിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കണമെന്നാണ് ആവശ്യം.
മലയാറ്റൂരില്‍ മണപ്പാട്ട് ചിറയിലേക്കു നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. ഇടുക്കി സ്വദേശികളായ മൂന്നുമുകളേല്‍ വീട്ടില്‍ ബിനു (41), പീരുമേട് കല്ലറത്തില്‍ വീട്ടില്‍ ശ്രീനിവാസന്‍ (42) എന്നിവരാണു മരിച്ചത്. പെരുമ്പാവൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്.
തിരുവനന്തപുരം തിരുവല്ലത്ത് 82 കാരിയെ ഭര്‍ത്താവ് കുത്തിക്കൊന്ന സംഭവത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. തിരുവല്ലം പുഞ്ചക്കരി തിരുവഴിമുക്ക് സൗമ്യ കോട്ടേജില്‍ ടി.സി ജഗദമ്മ (82) യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവായ ബാലാനന്ദനെ (87) തിരുവല്ലം പൊലീസ് പിടികൂടിയിരുന്നു.
കൊയിലാണ്ടിയില്‍ പത്തൊന്‍പതുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അമ്മയുടെ അച്ഛന്‍ അറസ്റ്റിലായി. കൊയിലാണ്ടി കാപ്പാട് സ്വദേശിയായ അറുപത്തി രണ്ടുകാരനെയാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്‌സോ, ആത്മഹത്യാപ്രേരണ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു.
ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും. വര്‍ഗീയ ശക്തികളെ ചെറുക്കാന്‍ ക്രിസ്തുവിന്റെ മനുഷ്യസ്‌നേഹം പ്രചോദനമാകട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു. ദൈവത്തിന്റെ മഹത്വമോതിയും ഭൂമിയില്‍ സമാധാനസന്ദേശം പകര്‍ന്നുമുള്ള ക്രിസ്മസ് സാമൂഹത്തില്‍ ഒരുമയും കൂട്ടായ്മയും വളര്‍ത്തട്ടെയെന്ന് ഗവര്‍ണര്‍ ആശംസിച്ചു.
ഡല്‍ഹിയില്‍ എത്തിയ ഭാരത് ജോഡോ യാത്രയില്‍ അണിചേര്‍ന്ന് നടനും മക്കള്‍ നീതിമയ്യം നേതാവുമായ കമല്‍ഹാസന്‍. രാഹുല്‍ഗാന്ധിക്കൊപ്പം ചെങ്കോട്ടവരെ മൂന്നര കിലോമീറ്റര്‍ അദ്ദേഹം നടന്നു. മക്കള്‍ നീതി മയ്യം നേതാക്കളും യാത്രയ്‌ക്കൊപ്പം നടന്നു. ചെങ്കോട്ടയിലെ പൊതുസമ്മേളനത്തില്‍ കമല്‍ഹാസന്‍ പ്രസംഗിച്ചു.
ക്രിസ്മസ് ആശംസകള്‍ നേരുന്നതും ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതും ഇസ്ലാമിക വിരുദ്ധമെന്ന് വിവാദ ഇസ്ലാമിക പ്രഭാഷകന്‍ സക്കീര്‍ നായിക് ഫേസ് ബുക്ക് പോസ്റ്റില്‍. പോസ്റ്റിന് താഴെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി.
ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്‌ട്രോംഗ് റൂമിലേക്കു സമീപത്തെ ഒഴിഞ്ഞ പറമ്പില്‍നിന്നു തുരങ്കമുണ്ടാക്കി കവര്‍ച്ചാ സംഘം ഒരു കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ചു. ഗ്യസ് കട്ടര്‍ ഉപയോഗിച്ചാണ് ലോക്കര്‍ തകര്‍ത്തത്. പത്തടി നീളമുള്ള തുരങ്കത്തിലൂടെയാണ് കവര്‍ച്ചാ സംഘം അകത്തു പ്രവേശിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് അശ്ലീല വീഡിയോകളെടുത്ത് വെബ് സൈറ്റിലൂടെ അപ് ലോഡ് ചെയ്ത കുറ്റവാളിയെ സ്പാനിഷ് പോലീസ് പിടികൂടി. ന്യൂസിലാന്‍ഡുകാരനായ മൈക്കിള്‍ ജയിംസ് പ്രാറ്റ് എന്നയാളാണ് പിടിയിലായത്. അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്ബിഐ ഇയാളെ തെരഞ്ഞെുവരികയായിരുന്നു. സ്‌പെയിനില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.