മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് എന്‍ഫോഴ്‌സ്‌മെന്റ് കേസിലും ജാമ്യം. അലഹബാദ് ഹൈക്കോടതിയുടെ ലക്‌നോ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. യുപി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സിദ്ദിഖ് കാപ്പന് നേരത്തെ സുപ്രീംകോടതി ജാമ്യം നല്‍കിയിരുന്നു. സിദ്ദിഖ് കാപ്പന്റെ മോചനം വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
സോളാര്‍ തട്ടിപ്പുകാരിയുടെ പീഡന പരാതിയില്‍ മുന്‍മന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെ.സി വേണുഗോപാലിനെതിരേ തെളിവില്ലെന്നു സിബിഐ. പരാതി വ്യാജമാണെന്നു സിബിഐ തിരുവനന്തപുരം സിജെഎം കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കി. പീഡന സമയത്ത് ധരിച്ചതായി പറയുന്ന രണ്ടു സാരികളും കോടതിയില്‍ ഹാജരാക്കി. മന്ത്രി മന്ദിരമായ റോസ് ഹൗസില്‍ പീഡിപ്പിച്ചെന്നായിരുന്നു ആരോപണം. പീഡിപ്പിക്കുന്നത് ഒരാള്‍ വീഡിയോയില്‍ പകര്‍ത്തിയെന്ന മൊഴിയും ശരിയല്ലെന്നും സിബിഐ കണ്ടെത്തി.
നാഗ്പൂരില്‍ ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനെത്തിയ മലയാളി വിദ്യാര്‍ഥിനി നിദ ഫാത്തിമയുടെ മരണത്തില്‍ അഖിലേന്ത്യാ സൈക്കിള്‍ പോളോ സെക്രട്ടറി ദിനേശ് സാന്‍വേ ഹാജരാകണമെന്ന് ഹൈക്കോടതി. സമാന്തര സംഘടനയുടെ സെക്രട്ടറി പ്രവീണ്‍ ചന്ദ്രനും ഹാജരാകണം. കേരള സൈക്കിള്‍ പോളോ അസോസിയേഷന്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് നടപടി. കോടതി ഉത്തരവുമായി ദേശീയ ചാന്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ നാഗ്പൂരില്‍ എത്തിയ താരങ്ങള്‍ക്കു അഖിലന്ത്യാ ഫെഡറേഷന്‍ താമസ, ഭക്ഷണ സൗകര്യങ്ങള്‍ നല്‍കിയില്ലെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. ഹര്‍ജി ജനുവരി 12 നു വീണ്ടും പരിഗണിക്കും.
സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പ് താരം നിദ ഫാത്തിമ മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് കേരളം. മന്ത്രി വി ശിവന്‍കുട്ടി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയ്ക്കു കത്തയച്ചു. കുട്ടിക്കു മെച്ചപ്പെട്ട വൈദ്യസഹായം ലഭിച്ചില്ലെന്ന ആരോപണവും അന്വേഷിക്കണമെന്ന് മന്ത്രി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വഴിയോരത്ത് കെട്ടിയ തോരണത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രക്കാരിക്കു പരിക്കേറ്റ സംഭവത്തില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി വീണ്ടു ഹാജരായി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. ഗുരുതരമായി പരിക്കേറ്റിട്ടും പോലീസ് കേസെടുക്കാത്തത് എന്തുകൊണ്ടാണ്? ജനുവരി പന്ത്രണ്ടിന് ഹര്‍ജി വീണ്ടും പരിഗണിക്കും.
ലോക്‌സഭാ തെരഞ്ഞെടുപ്പിനു സിപിഎമ്മും ബിജെപിയും ഒരുക്കം ആരംഭിച്ചിരിക്കേ, കോണ്‍ഗ്രസ് പുനസംഘടന വൈകുന്നതു നന്നല്ലെന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍. പുനസംഘടന വേഗത്തില്‍ ഉണ്ടാകുമെന്ന ചിന്തന്‍ ശിബിരത്തിലെ തീരുമാനം നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വയനാട് തിരുനെല്ലി തെറ്റ് റോഡില്‍ ബസ് തടഞ്ഞ് ഒന്നര കോടിയോളം രൂപ കൊള്ളയടിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കോഴിക്കോട് രാമനാട്ടുകര സ്വദേശി മുഹമ്മദ് ഷാഫിയെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ 14 പേര്‍ പിടിയിലായി. കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിന് പുലര്‍ച്ചെയാണ് ബസ് തടഞ്ഞു കവര്‍ച്ച നടത്തിയത്.
കൈക്കൂലി വാങ്ങിയതിന് വിജിലന്‍സിന്റെ പിടിയിലായ എംജി സര്‍വകലാശാല അസിസ്റ്റന്റ് സി.ജെ എല്‍സിയെ പിരിച്ചു വിട്ടു. എല്‍സിയെ പിരിച്ചു വിടാനുള്ള ഒക്ടോബറിലെ ശുപാര്‍ശ ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം അംഗീകരിക്കുകയായിരുന്നു.
ഈരാറ്റുപേട്ട – വാഗമണ്‍ റോഡിന്റെ നിര്‍മ്മാണം സംബന്ധിച്ച് അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടു. റോഡിന്റെ നിലവിലെ അവസ്ഥയില്‍ ഹൈക്കോടതി ആശ്ചര്യം രേഖപ്പെടുത്തുകയും ചെയ്തു. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോണ്‍ ജോര്‍ജ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. 2016 ല്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 63.99 കോടി രൂപ അനുവദിച്ച് അന്താരാഷ്ട്ര നിലവാരത്തില്‍ റോഡ് നവീകരിക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ സ്ഥലം ഏറ്റെടുക്കാന്‍ വൈകി.
കോട്ടയത്തു ടാര്‍ ചെയ്ത ഉടന്‍ റോഡ് കുത്തിപ്പൊളിച്ച സംഭവത്തില്‍ നടപടിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. പ്രാദേശിക സമിതിയുടെ അനുമതി ഇല്ലാതെ റോഡ് കുഴിക്കാന്‍ പാടില്ല. റോഡ് പൂര്‍വസ്ഥിതിയിലാക്കേണ്ടത് പാത വെട്ടിപ്പൊളിക്കുന്നവരുടെ ഉത്തരവാദിത്വമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അരീക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വിവിധ ഇടങ്ങളില്‍ മലഞ്ചരക്ക് മോഷ്ടിച്ചെന്ന കേസില്‍ ദമ്പതികള്‍ അറസ്റ്റിലായി. കോഴിക്കോട് മുക്കം സ്വദേശിയായ റിയാസ് (33), ഭാര്യ ഷബാന (33) എന്നിവരെയാണ് അരീക്കോട് പോലീസ് അറസ്റ്റു ചെയ്തത്. നാളികേരം, അടക്ക, റബ്ബര്‍ ഷീറ്റ് തുടങ്ങിയവയാണ് ഇവര്‍ മോഷ്ടിച്ചിരുന്നതെന്നു പോലീസ് പറയുന്നു.
രാവിലെ നടക്കാനിറങ്ങിയ യുവാവ് വീടിനു സമീപത്തെ തോട്ടില്‍ മരിച്ച നിലയില്‍. ഹരിപ്പാട് ആറാട്ടുപുഴ കിഴക്കേക്കര പട്ടോളിമാര്‍ക്കറ്റ് വാഴശ്ശേരില്‍ പുതുവല്‍ വിശ്വംഭരന്റെ മകന്‍ സനില്‍കുമാറാ(38)ണ് മരിച്ചത്.
പതിനാലുകാരിയായ മകളെ പീഡിപ്പിച്ചു ഗര്‍ഭണിയാക്കിയ ഇടുക്കി കൊന്നത്തടി സ്വദേശിയായ പിതാവിന് 31 വര്‍ഷം കഠിന തടവ്. 75,000 രൂപ പിഴയും അടയ്ക്കണം. വിചാരണ വേളയില്‍ അതിജീവിതയും അമ്മയും സാക്ഷികളും കൂറുമാറി. എന്നാല്‍ അബോര്‍ട് ചെയ്ത ഭ്രൂണത്തിന്റെ സാമ്പിള്‍ ഡിഎന്‍എ പരിശോധനയിലൂടെ പ്രതി പിതാവാണെന്ന് പൊലീസ് തെളിയിച്ചു.
ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയറായി ഷെല്ലി ഒബ്റോയിയെ ആം ആദ്മി പാര്‍ട്ടി നാമനിര്‍ദേശം ചെയ്തു. എഎപി എംഎല്‍എ ഷോയിബ് ഇഖ്ബാലിന്റെ മകന്‍ ആലെ മുഹമ്മദ് ഇഖ്ബാലിനെ ഡെപ്യൂട്ടി മേയറായും നിര്‍ദേശിച്ചു. ജനുവരി ആറിനാണ് തെരഞ്ഞെടുപ്പ്. 39 കാരിയായ ഷെല്ലി ഒബ്റോയ് ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ അസി. പ്രൊഫസറായിരുന്നു.
യുക്രെയിന്‍ യുദ്ധം പത്തു മാസം തികയുമ്പോള്‍ ‘സംഘര്‍ഷം’ എത്രയും വേഗം അവസാനിപ്പിക്കാന്‍ ആഗ്രഹമുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍. യുക്രെയിനെതിരെ ‘പ്രത്യേക സൈനിക നടപടി’ എന്ന പേരില്‍ കഴിഞ്ഞ ഫെബ്രുവരി 24 നാണ് പുടിന്‍ സൈനീക നീക്കം ആരംഭിച്ചത്.
ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചു. രണ്ടു മിസൈലുകളാണ് ഇത്തവണ പ്രയോഗിച്ചത്.
ഇന്‍ഡിഗോ ആഭ്യന്തര, അന്തര്‍ദേശീയ ഫ്‌ളൈറ്റുകളില്‍ ശൈത്യകാല ഓഫറുകള്‍. 2022 ഡിസംബര്‍ 23 മുതല്‍ 25 വരെ ബുക്കു ചെയ്യുന്നവര്‍ക്ക് ആഭ്യന്തര വിമാനങ്ങള്‍ക്ക് 2,023 രൂപ മുതലും അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് 4,999 രൂപ മുതലുമാണു നിരക്ക്. 2023 ജനുവരി 15 മുതല്‍ 2023 ഏപ്രില്‍ 14 വരെയുള്ള യാത്രകള്‍ക്കാണ് ഇളവുകൾ.