night news hd
രാജ്യത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നു. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. കോവിഡ് വ്യാപനം കൂടിയ രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരില്‍ രണ്ടു ശതമാനം പേരില്‍ പരിശോധന നടത്തും. കേന്ദ്രം മുന്നറിയിപ്പ് നല്‍കിയതോടെ എല്ലാ ജില്ലകള്‍ക്കും ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. പൊതു ഇടങ്ങളില്‍ മാസ്‌ക് വേണമെന്നാണു മുഖ്യമായ മാര്‍ഗനിര്‍ദേശം. സാമൂഹിക അകലം പാലിക്കണം. സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ കഴുകണം. വിവാഹം, രാഷ്ട്രീയ സാമൂഹിക യോഗങ്ങള്‍ തുടങ്ങിയ പൊതുയോഗങ്ങള്‍ ഒഴിവാക്കണം. ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടെ കൊവിഡ് വാക്‌സിനേഷന്‍ എത്രയും വേഗം എടുക്കണം.ലോക്കപ്പ് മര്‍ദനം ഉണ്ടായാല്‍ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസില്‍ വൈകൃതങ്ങള്‍ കാണിക്കുന്നവരോടുള്ള സമീപനത്തില്‍ സര്‍ക്കാരിന് ഒരു ആശയക്കുഴപ്പവുമില്ല. ക്രിമനലുകളെ നേരിടാനുള്ള പൊലീസില്‍ ക്രിമിനലുകള്‍ വേണ്ട. അദ്ദേഹം പറഞ്ഞു. കേരളാ പൊലീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മെഡിക്കല്‍ കോളേജ് വനിതാ ഹോസ്റ്റലുകളില്‍നിന്ന് രാത്രി ഒമ്പതരയ്ക്കുശേഷം പുറത്തുപോകാന്‍ ഉപാധികളോടെ അനുമതി നല്‍കി ഹൈക്കോടതി. കാമ്പസിലേക്കു പോകാന്‍ വാര്‍ഡന്റെ അനുമതി മതി. മറ്റാവശ്യങ്ങള്‍ക്കു പുറത്തുപോകാന്‍ രക്ഷാകര്‍ത്താക്കളുടെ അനുമതി വേണം. സമയ നിയന്ത്രണം സംബന്ധിച്ച വിദ്യാര്‍ത്ഥികളുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. സര്‍ക്കാര്‍ നിലപാട് രേഖപ്പെടുത്തിയാണ് കോടതി ഹര്‍ജി തീര്‍പ്പാക്കിയത്.

കഴുത്തില്‍ റോഡരികിലെ തോരണചരട് കുരുങ്ങി തൃശൂരില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ അഭിഭാഷകയ്ക്കു പരിക്കേറ്റ സംഭവത്തില്‍ തൃശൂര്‍ കോര്‍പറേഷന്‍ സെക്രട്ടറി ഹാജരാകണമെന്നു ഹൈക്കോടതി. സംഭവം ഭയാനകമാണ്. ദുരന്തം ഉണ്ടാകാന്‍ അധികൃതര്‍ കാത്തിരിക്കുകയാണ്. കോടതി വിമര്‍ശിച്ചു. സിപിഎമ്മിന്റെ കര്‍ഷകസംഘടനയായ കിസാന്‍ സഭയുടെ അഖിലേന്ത്യാ സമ്മേളനത്തിനു കെട്ടിയ തോരണച്ചരടു കുടുങ്ങിയാണു പരിക്കേറ്റത്. അനധികൃത കോടിതോരണവും ബാനറും വയ്ക്കുന്നവര്‍ കാറില്‍ യാത്ര ചെയ്യുന്നവരാണ്. അത്തരക്കാരല്ല, സാധാരണക്കാരാണ് ബുദ്ധിമുട്ടുന്നതെന്നും കോടതി വിമര്‍ശിച്ചു.

തൊടുപുഴയില്‍ ബൈക്ക് യാത്രക്കാരന്റെ കഴുത്തില്‍ കയര്‍ കുരുങ്ങി പരിക്കേറ്റ സംഭവത്തില്‍ പിഡബ്ല്യുഡി ഓവര്‍സിയര്‍ അറസ്റ്റില്‍. തൃശ്ശൂര്‍ മുള്ളൂര്‍ക്കര സ്വദേശി സുപര്‍ണ്ണയെയാണ് അറസ്റ്റു ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. റോഡു പണിയുടെ കരാര്‍ ഏറ്റെടുത്തയാളെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു.

കേരളത്തിനു രണ്ടു സ്‌പെഷല്‍ ട്രെയിനുകള്‍ കൂടി. കൊച്ചുവേളി – മൈസൂരു റൂട്ടിലാണ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചത്.

കൊവിഡ് മാനദണ്ഡങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. രാജ്യത്ത് പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്ഥിതി ഗതികള്‍ വിലയിരുത്തി വരികയാണെന്നും ജാഗ്രതയോടെ മുന്നോട്ട് പോകണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

കോവിഡ് ദീര്‍ഘനാള്‍ നിലനില്‍ക്കുമെന്നും കോവിഡിനെക്കുറിച്ച് അകാരണമായ ഭീതി സൃഷ്ടിക്കരുതെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. പുതിയ വകഭേദങ്ങളെക്കുറിച്ച് ജാഗ്രത വേണം. പരിശോധനകള്‍ കേരളത്തിലും വേണ്ടിവരും. മാസ്‌ക് ഉപയോഗിക്കണമെന്നും ഐഎംഎ നിര്‍ദേശിച്ചു.

ജനവിരുദ്ധ പ്രവണതകള്‍ സിപിഎം അംഗീകരിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പാര്‍ട്ടിയുടെ നിലപാടുകള്‍ ജനപക്ഷത്തുനിന്നാകണം. ജനം അംഗീകരിക്കാത്ത ഒരു പ്രവണതയും വച്ചുപൊറുപ്പിക്കില്ല.  വിട്ടുവീഴ്ചയില്ലാത്ത സംഘടനാ നിലപാട് എടുക്കും. ഓരോരുത്തരും തെറ്റു തിരുത്തി മുന്നോട്ടു പോകണം. വെള്ളം കടക്കാത്ത അറകളുള്ള കമ്പാര്‍ട്ടുമന്റല്ല സിപിഎം. ഗോവിന്ദന്‍ പറഞ്ഞു.

ബഫര്‍ സോണില്‍നിന്ന് ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന് ലോക്‌സഭയില്‍ കെ മുരളീധരന്‍ എംപി. ഫീല്‍ഡ് സര്‍വേ നടത്തണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

കുമളി ചെക്ക് പോസ്റ്റില്‍ കൈക്കൂലി പിരിവു നടത്തിയെന്ന് ആരോപിച്ച് നാല് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജോര്‍ജ് ജോസഫ്, ഉദ്യോഗസ്ഥരായ രവി, രഞ്ജിത് കവിദാസ്, ജെയിംസ് മാത്യു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

രാജ്യസഭയില്‍ കേന്ദ്രമന്ത്രിമാരെ അഭിനന്ദിച്ചിട്ടില്ലെന്ന് പി.വി അബ്ദുല്‍ വഹാബ് എംപി. തമാശ രൂപത്തില്‍ പറഞ്ഞത് പ്രശംസയായി പലരും വ്യാഖ്യാനിച്ചതാണെന്നും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.

കണ്ണൂര്‍ മമ്പറത്ത് സ്‌കൂള്‍ ഗ്രൗണ്ടില്‍ ജീപ്പില്‍ വിദ്യാര്‍ത്ഥികളുടെ അഭ്യാസ പ്രകടനം. അഭ്യാസത്തിനിടയില്‍ പല കുട്ടികളും ജീപ്പില്‍നിന്നു തെറിച്ച് വീണു. എന്നിട്ടും സാഹസിക പ്രകടനം തുടര്‍ന്നു. അഭ്യാസ പ്രകടനത്തിന്റെ വീഡിയോ പുറത്ത്.

മക്കളെ സന്ദര്‍ശിക്കാന്‍ അബുദാബിയിലെത്തിയ കൊല്ലം സ്വദേശി പ്രഭാത നടത്തത്തിനിടെ കുഴഞ്ഞുവീണു മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി തുണ്ടില്‍ പുത്തന്‍വീട്ടില്‍ വര്‍ഗീസ് പണിക്കര്‍ (68) ആണ് മരിച്ചത്. റെയില്‍വേ ജീവനക്കാരനും യൂണിയന്‍ നേതാവുമായിരുന്നു.

ഇതര സംസ്ഥാന തൊഴിലാളി കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍. പട്ടാമ്പി റെയില്‍വേ സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടില്‍ ഒഡീഷാ സ്വദേശി ഉത്തം പ്രഥാനാണ് മരിച്ചത്.

യമനില്‍ പോയതു പഠിക്കാനാണെന്നു തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് ഷബീറിന്റെ വീഡിയോ സന്ദേശം. തങ്ങള്‍  യമനിലെ തരീമിലെ ദാറുല്‍ മുസ്തഫ കാമ്പസിലാണുള്ളത്. സൂഫിസവും അറബിക്കും പഠിക്കാന്‍ വന്നതാണ്. തനിക്ക് മറ്റ് ഉദ്ദേശങ്ങളൊന്നുമില്ല. വിസ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് യമനില്‍ എത്തിയത്. കുടുംബാംഗങ്ങളുമായി സ്ഥിരം ബന്ധപ്പെടാറുണ്ടെന്നും ഷബീര്‍ വീഡിയോ സന്ദേശത്തില്‍ പറയുന്നു. ഇവരെക്കുറിച്ച് പോലീസും എന്‍ഐഎയും അന്വേഷണം ആരംഭിച്ചിരിക്കേയാണ് പ്രതികരണം.

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന പൂജാരി മരിച്ചു. കാസര്‍കോട് കോട്ടപ്പാറ വാഴക്കോട് സ്വദേശി ഹരി നാരായണന്‍ (25) ആണ് മരിച്ചത്.

ഒന്‍പതു വയസുകാരനെ പീഡിപ്പിച്ച മോഷ്ടാവിന് പോക്‌സോ കേസില്‍ 25 വര്‍ഷം കഠിന തടവും മുക്കാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ. തൃശൂര്‍ തളിക്കുളം സ്വദേശി കാളകൊടുവത്ത് വീട്ടില്‍ പ്രേംലാലിനെ (47)യാണ് തൃശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ ജഡ്ജി ശിക്ഷിച്ചത്.

ഹൃദ്രോഗിയായ മലങ്കര സ്വദേശി മുരളീധരനെ ഡിവൈഎസ്പി പി മധു  മര്‍ദിച്ചെന്ന പരാതിയില്‍ വകുപ്പുതല അന്വേഷണം. ഡി സി ആര്‍ ബി ഡിവൈഎസ്പി ജില്‍സണ്‍ മാത്യുവിനാണ് അന്വേഷണ ചുമതലയെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി യു കുരിയാക്കോസ്.

കൊവിഡ് നിയന്ത്രണം രാഷ്ട്രീയക്കളി അല്ലെന്ന്  കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മണ്ടവ്യ രാജ്യസഭയില്‍. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി രോഗബാധിതനായി. ഈ സാഹചര്യത്തിലാണ് രാജസ്ഥാന്‍ മുഖ്യമന്ത്രിക്കും രാഹുല്‍ ഗാന്ധിക്കും കത്തയച്ചത്. ആരോഗ്യ മന്ത്രി എന്ന നിലയില്‍ ഉത്തരവാദിത്തമാണ് ചെയ്യുന്നത്. കോവിഡ് വ്യാപനം കൂടിയ രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരില്‍ രണ്ടു ശതമാനം പേരില്‍ പരിശോധന നടത്തും. ആവശ്യമെങ്കില്‍ വിദേശത്തുനിന്നെത്തുന്ന എല്ലാവര്‍ക്കും പരിശോധന നിര്‍ബന്ധമാക്കും. ആരോഗ്യമന്ത്രി പറഞ്ഞു.

ഭാരത് ജോഡോ യാത്ര നിര്‍ത്തിവയ്ക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി. കൊവിഡ് വീണ്ടും വരുന്നുവെന്ന പ്രചാരണം അഴിച്ചുവിടുന്നത് ജോഡോ യാത്രയെ പേടിച്ചാണ്. ജോഡോ യാത്ര പലരേയും വിറളി പിടിപ്പിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

താജ്മഹലില്‍ പ്രവേശിക്കാന്‍ കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി. കൊവിഡ് ഇല്ലെന്ന പരിശോധനാ റിപ്പോര്‍ട്ടു ഹാജരാക്കുന്നവര്‍ക്കു മാത്രമാണ് താജ് മഹലില്‍ പ്രവേശനം അനുവദിക്കുക.

ചൈനയില്‍ കോവിഡ് രോഗികള്‍ വര്‍ദ്ധിച്ചതോടെ ആശുപത്രികള്‍ നിറഞ്ഞു. പല പ്രവിശ്യകളിലും മരുന്നുക്ഷാമവും രൂക്ഷമായി. ജര്‍മ്മനിയില്‍ നിന്ന് ചൈന വാക്‌സീന്‍ വാങ്ങിത്തുടങ്ങി. ലോകാരോഗ്യ സംഘടന കടുത്ത ആശങ്ക രേഖപ്പെടുത്തി.



Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *