പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ഹര്‍ത്താല്‍ അക്രമങ്ങളിലെ നാശനഷ്ടങ്ങള്‍ക്കു നഷ്ടപരിഹാരം ഈടാക്കാന്‍ ഹൈക്കോടതി ഉത്തരവനുസരിച്ചാണ് നടപടി. ശനിയാഴ്ച വൈകുന്നേരം അഞ്ചിനു മുമ്പായി സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്ന് ലാന്‍ഡ് റവന്യു കമ്മിഷണര്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് കത്തയച്ചിരുന്നു. തൃശൂര്‍, വയനാട്, കാസര്‍കോട്, തിരുവനന്തപുരം, കോട്ടയം, കൊല്ലം, എറണാകുളം ജില്ലകളിലെ പ്രതികളുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. സംസ്ഥാന ജനറല്‍ സെക്രട്ടറിയിരുന്ന കൊല്ലത്തെ അബ്ദുള്‍ സത്താറിന്റെ കരുനാഗപ്പള്ളിയിലെ വീടും, വസ്തുക്കളും ഉച്ചയോടെ ജപ്തി ചെയ്തു.
സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 93,014 ഫയലുകള്‍. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ 15 വരെയുള്ള കണക്കാണിത്. ഇക്കാലത്ത് ഒന്നേമുക്കാല്‍ ലക്ഷം ഫയലുകളില്‍ 82,401 ഫയലുകളാണു തീര്‍പ്പാക്കിയത്. സെക്രട്ടേറിയറ്റിനു പുറത്ത് 47 വകുപ്പുകളിലായി 15 ലക്ഷം ഫയലുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 6.90 ലക്ഷം ഫയലുകളാണു തീര്‍പ്പാക്കിയത്. തദ്ദേശ സ്വയംഭരണ വകുപ്പ് 2,36,000 ഫയലുകള്‍ തീര്‍പ്പാക്കി.
കേരള ഹൈക്കോടതിയിലെ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം അറുപതാക്കി. 2013 ഏപ്രില്‍ ഒന്നിനു ശേഷം ജോലിയില്‍ പ്രവേശിച്ചവരുടെ പെന്‍ഷന്‍ പ്രായമാണ് 56 ല്‍ നിന്ന് 60 ആക്കിയത്. 2013 ഏപ്രില്‍ ഒന്നിന് മുമ്പ് സര്‍വീസില്‍ പ്രവേശിച്ചവരുടെ പെന്‍ഷന്‍ പ്രായം 56 ആയി തുടരും.
കേന്ദ്ര സര്‍വീസുകളിലെ 30 ലക്ഷം തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണെന്നും നിയമനം നടത്തണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം ചെയ്ത എട്ടു വര്‍ഷത്തിനകം 16 കോടി തൊഴിലവസരങ്ങള്‍ എവിടെയാണ്? പ്രധാനമന്ത്രി വിതരണം ചെയ്ത 71,000 നിയമന കത്തുകള്‍ തുച്ഛമാണെന്നും ഖര്‍ഗെ പറഞ്ഞു.
പത്തനംതിട്ട നഗരത്തില്‍ സിവില്‍ സ്റ്റേഷനു സമീപത്തെ വ്യാപാര സ്ഥാപനങ്ങളില്‍ തീപിടിത്തം. നമ്പര്‍ വണ്‍ ചിപ്‌സ് കടയില്‍ നിന്നാണ് തീ പടര്‍ന്നത്. തുടര്‍ന്ന് എ വണ്‍ ചിപ്‌സ്, ഹാശിം ചിപ്‌സ്, അഞ്ജന ഷൂ മാര്‍ട്ട്, സെല്‍ ടെക് മൊബൈല്‍ ഷോപ്പ് എന്നിവയിലേക്കും തീ പടര്‍ന്നു. അഗ്‌നിശമനസേന തീയണക്കുന്നതിനിടെ ചിപ്‌സ് കടകളിലെ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു. ഇതോടെ തീ കൂടുതല്‍ പടര്‍ന്നു. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരടക്കം തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
കെഎസ്ആര്‍ടിസി ബസില്‍ പരസ്യം നല്‍കാനുള്ള പുതിയ സ്‌കീം തയാറാക്കാന്‍ നാല് ആഴ്ചത്തെ സാവകാശം സുപ്രീം കോടതി അനുവദിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പരസ്യം നല്‍കുന്നത് വിലക്കിയ ഹൈക്കോടതി ഉത്തരവിന് സ്റ്റേ തുടരുമെന്ന് കോടതി വ്യക്തമാക്കി.
സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനം ശനിയാഴ്ച കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യം. കലൂര്‍ സ്റ്റേഡിയത്തിലാണ് സമ്മേളനം. എട്ടു മാസത്തിനകം ലക്ഷം സംരംഭങ്ങള്‍ ആരംഭിച്ചെന്ന് അഴകാശപ്പെട്ട വ്യവസായ വകുപ്പു ദേശീയ അംഗീകാരം നേടിയിരുന്നു.
മകളെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ നാലു വയസുള്ള മകളുടെ പിതാവായ പോലീസുകാരനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡു ചെയ്തു. എറണാകുളം ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനില്‍ കമാന്‍ഡറും മങ്കട കൂട്ടില്‍ ചേരിയം സ്വദേശിയുമായ മുണ്ടേടത്ത് അബ്ദുല്‍വാഹിദി(33) നെയാണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടില്‍ താമസിക്കുന്ന ഭാര്യയുടെ പരാതിയിലാണ് അറസ്റ്റ്. മകളെ സ്‌കൂളില്‍നിന്ന് ബലമായി പിടിച്ചുകൊണ്ടുപോയതിനാണ് കേസ്.
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കായി സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു. ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ടാസ്‌ക് ഫോഴ്‌സ് സംസ്ഥാനത്തെ ഭക്ഷ്യ വിഷബാധ പോലുള്ള അടിയന്തിര ഘട്ടങ്ങളില്‍ അന്വേഷിച്ച് ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കും.
ആര്യങ്കാവില്‍ ക്ഷീരവികസന വകുപ്പ് പിടികൂടിയ പാല്‍ നശിപ്പിച്ചു. പത്തു ദിവസമായിട്ടും പാല്‍ കേടായിട്ടില്ലെന്നും മായം കലര്‍ന്നിട്ടുണ്ടെന്നുമാണ് ക്ഷീരവികസന വകുപ്പിന്റെ പുതിയ വാദം. എന്നാല്‍ ലാബിലെ വിദഗ്ധ പരിശോധനയില്‍ മായം കണ്ടെത്താനായിട്ടില്ല. ആര്യങ്കാവില്‍ നിന്ന് പിടിച്ചെടുത്ത 15,300 ലിറ്റര്‍ പാല്‍ പാല്‍ നശിപ്പിച്ചത്. ലോറി ഉടമയ്ക്കു വിട്ടുകൊടുക്കാനാണ് നിര്‍ദേശം.
ആലപ്പുഴ അരൂരില്‍ മൂവായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് ആരോപിതയായ പഞ്ചായത്തിലെ വനിതാ ഓവര്‍സിയര്‍ ആത്ഹമത്യക്കു ശ്രമിച്ചു. ചേര്‍ത്തലയിലെ വീട്ടില്‍ തൂങ്ങിയ അപര്‍ണയെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിനു പെര്‍മിറ്റിനായി കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് അപര്‍ണക്കെതിരെ ഭരണസമിതി കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയിരുന്നു.
തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ പതിനാലുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് എട്ടു വര്‍ഷം കഠിന തടവ്. വട്ടിയൂര്‍ക്കാവ് നെട്ടയം സ്വദേശി ലാല്‍ പ്രകാശിനെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്.
ഗുണ്ടാ ബന്ധത്തിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ മംഗലപുരം എഎസ്‌ഐ ജയന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ സാജിദിനെതിരേ വധഭീഷണി മുഴക്കി. സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ കഴക്കൂട്ടം പൊലീസില്‍ പരാതി നല്‍കി.
നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മലയാളി യുവാവ് ഷാര്‍ജ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂര്‍ പള്ളിക്കര വി.പി ഹൗസില്‍ മുനീര്‍ അബ്ദുല്ല (33) ആണ് മരിച്ചത്.
ജോഷിമഠില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന മലയാളി വൈദികന്‍ അപകടത്തില്‍ മരിച്ചു. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി ഫാ. മെല്‍വിന്‍ പി എബ്രഹാമാണ് മരിച്ചത്. ദുരിതമേഖലകളില്‍ ഭക്ഷണം എത്തിച്ച് മടങ്ങുകയായിരുന്നു മെല്‍വിന്‍.
ന്യൂയോര്‍ക്കില്‍നിന്നു ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിയുടെ ദേഹത്ത് സഹ യാത്രികന്‍ മൂത്രമൊഴിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യയ്ക്ക് ഡിജിസിഎ 30 ലക്ഷം രൂപ പിഴ ചുമത്തി. പരാതിയില്‍ നടപടിയെടുക്കാന്‍ വൈകിയതിനാണ് പിഴ. വിമാന സര്‍വീസുകളുടെ ഡയറക്ടര്‍ വസുധ ചന്ദ്രയ്ക്കു മൂന്നു ലക്ഷം രൂപ പിഴയും ചുമത്തി. പൈലറ്റിന്റെ ലൈസന്‍സ് മൂന്നു മാസത്തേക്കു റദ്ദാക്കി.
ഐസിഐസിഐ ബാങ്ക് വായ്പ തട്ടിപ്പു കേസില്‍ വീഡിയോകോണ്‍ ചെയര്‍മാന്‍ വേണുഗോപാല്‍ ധൂതിന് ഇടക്കാല ജാമ്യം. സിബിഐ അറസ്റ്റ് ചെയ്ത ധൂതിന് ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.
ക്രമസമാധാന പാലനത്തില്‍ ശ്രദ്ധിക്കണമെന്നു ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്‌സേനയ്ക്ക് മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഉപദേശം. ഗവര്‍ണറുടെ കത്തിന് അദ്ദേഹം മറുപടി നല്‍കുകയും ചെയ്തു. കെജ്രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും കാണാന്‍ സമ്മതമാണെന്ന് ഗവര്‍ണര്‍ കത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍, എല്ലാ എംഎല്‍എമാരുമായും കാണണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം ഗവര്‍ണര്‍ നിരാകരിച്ചു.
റോഡിലുണ്ടായ അപകടത്തെച്ചൊല്ലി തര്‍ക്കിച്ച് കാറിന്റെ ബോണറ്റില്‍ കയറിയിരുന്ന യുവാവുമായി ഒരു കിലോമീറ്ററോളം കാറോടിച്ച് യുവതി. ബെംഗളുരുവിലാണു സംഭവം. മാരുതി സ്വിഫ്റ്റ് കാര്‍ ഓടിച്ചിരുന്ന ദര്‍ശന്‍ എന്ന യുവാവും ടാറ്റ നിക്‌സണ്‍ കാര്‍ ഓടിച്ചിരുന്ന ശ്വേത എന്ന യുവതിയും തമ്മിലാണ് തര്‍ക്കമുണ്ടായത്. സംഭവത്തില്‍ ഇരുവരും അടക്കം അഞ്ചു പേരെ അറസ്റ്റ് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യന്‍’ ഡോക്യുമെന്റെറിയില്‍ ബിബിസിക്കെതിരെ പരാതി. സുപ്രീം കോടതി അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ വിനീത് ജിന്‍ഡാലാണ് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ സഞ്ജയ് അറോറ ഐപിഎസിന് പരാതി നല്‍കിയത്. രാജ്യത്തെ ജനങ്ങളാണ് പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത്. ഇവിടെ ഒരു ഗവണ്‍മെന്റുണ്ട്. ബിബിസിയുടെ ഡോക്യുമെന്ററി ലോകമെങ്ങുമുള്ള ഹിന്ദുക്കള്‍ക്കെതിരെ മുസ്ലിംകളെ ഇളക്കി വിടാനുള്ള ഗൂഢാലോചനയാണെന്നും വിനീത് പരാതി പങ്കുവച്ച് ട്വീറ്റ് ചെയ്തു.
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെയും മുകുള്‍ റോയിയെയും കുറിച്ച് അപകീര്‍ത്തികരമായ കാര്‍ട്ടൂണ്‍ അയച്ചതിന് 11 വര്‍ഷം മുമ്പ് അറസ്റ്റിലായ ജാദവ്പൂര്‍ സര്‍വകലാശാലയിലെ പ്രൊഫ. അംബികേഷ് മഹാപാത്ര കുറ്റവിമുക്തനായി. കോടതി കുറ്റമുക്തനായി പ്രഖ്യാപിക്കുകയായിരുന്നു.
കാറില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്ത ഇന്ത്യന്‍ വംശജനായ ബ്രീട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ വീഡിയോ ബ്രിട്ടനില്‍ വൈറലായി. സംഭവത്തെ ‘വിധിയിലെ പിഴ’വെന്ന് പറഞ്ഞ് ഋഷി സുനക്ക് ക്ഷമാപണം നടത്തി. ബ്രിട്ടനില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 500 പൗണ്ടാണ് പിഴ.
ഹിന്ദു ദൈവങ്ങളെയും സംസ്‌കാരത്തെയും അവഹേളിക്കുന്ന സിനിമകളെ തടയാന്‍ ധര്‍മ്മ (മതം) സെന്‍സര്‍ ബോര്‍ഡ് രൂപീകരിച്ചെന്ന് പ്രമുഖ സന്ന്യാസി ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ സരസ്വതി. താന്‍തന്നെയാണ് സെന്‍സര്‍ ബോര്‍ഡിന്റെ അധ്യക്ഷനെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഗൂഗിളിലും കൂട്ട പിരിച്ചുവിടല്‍. ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റില്‍ 12,000 പേരെ പിരിച്ചുവിടും. ആറു ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്.
റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ജീവിച്ചിരിപ്പുണ്ടോയെന്ന് അറിയില്ലെന്നു പരിഹസിച്ച് യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കി. ദാവോസില്‍ വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു സെലന്‍സ്‌കി. റഷ്യ- യുക്രൈന്‍ സമാധാന ചര്‍ച്ച എപ്പോള്‍ ആരംഭിക്കുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ബാഴ്സലോണയുടെയും ബ്രസീലിന്റേയും ഫുട്‌ബോള്‍ ഇതിഹാസമായ ഡാനി ആല്‍വസ് ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായി. കഴിഞ്ഞ ഡിസംബറില്‍ ഒരു നൈറ്റ് ക്ലബില്‍ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് അറസ്റ്റ്.