കര്‍ഷകര്‍ക്കു രക്ഷയില്ലാത്ത നാടായി ഇന്ത്യ മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ യുദ്ധത്തിലാണ്. സ്വാതന്ത്ര്യ സമരത്തെ തള്ളിപ്പറഞ്ഞവരാണ് രാജ്യം ഭരിക്കുന്നത്. പൗരത്വം മതാടിസ്ഥാനത്തിലാക്കുകയാണ്. സിവില്‍ നടപടിയായ വിവാഹമോചനം മുസ്ലീമിനു ക്രിമിനല്‍ നടപടിയാക്കണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഭിന്നിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും തൃശൂരില്‍ കിസാന്‍ സഭ ദേശീയ സമ്മേളനത്തില്‍ പ്രസംഗിക്കവേ പിണറായി വിജയന്‍ പറഞ്ഞു.
അടുത്ത മാര്‍ച്ച് 31 നു മുമ്പ് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പഞ്ചിംഗ് ഏര്‍പ്പെടുത്തണമെന്ന് ചീഫ് സെക്രട്ടറി. 2019 മുതല്‍ ഈ നിര്‍ദേശം ഉണ്ടെങ്കിലും കോവിഡ് മൂലം നടപ്പാക്കിയിരുന്നില്ല. ഇനി അലംഭാവം അരുതെന്ന് ചീഫ് സെക്രട്ടറി വി.പി. ജോയി ഉത്തരവിട്ടു.
സിനിമാ നിര്‍മാതാക്കളുടെ വീടുകളിലും പ്രമുഖ നിര്‍മാണ കമ്പനികളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. നടന്‍ പൃഥിരാജ്, നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍, എബ്രഹാം മാത്യു എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന. സിനിമാ നിര്‍മാണത്തിനായി പണം സമാഹരിച്ചതിലും ഒടിടി വരുമാനത്തിലും കളളപ്പണ ഇടപാടും നികുതി വെട്ടിപ്പും നടന്നിട്ടുണ്ടോയെന്നാണു പരിശോധന.
പാലക്കാട് ഗോവിന്ദപുരം ആര്‍ടിഒ ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 26,000 രൂപ പിടികൂടി. റെയ്ഡിന് ഉദ്യോഗസ്ഥര്‍ എത്തിയതുകണ്ട് ഓഫീസില്‍നിന്ന് മുങ്ങാന്‍ ശ്രമിച്ച ഓഫീസ് അസിസ്റ്റന്റിനെ പിന്‍തുടര്‍ന്നാണ് പിടികൂടിയത്. ഓഫീസ് അസിസ്റ്റന്റ് സന്തോഷ് കെ ഡാനിയല്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രതാപന്‍ എന്നിവരാണു ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്.
തിരുവനന്തപുരം കോര്‍പറേഷനിലെ നിയമന ശുപാര്‍ശക്കത്ത് വിഷയത്തില്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ബിജെപി – സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ കൈയാങ്കളി. ബാനറുമായി എത്തിയ ബിജെപിയുടെ വനിതാ കൗണ്‍സിലര്‍മാര്‍ മേയര്‍ ആര്യ രാജേന്ദ്രനെ തടയാന്‍ ഹാളില്‍ കിടന്നുകൊണ്ടു പ്രതിഷേധിച്ചു. പോലീസ് ബലംപ്രയോഗിച്ചു നീക്കി. ബിജെപിയുടെ ഒമ്പതു വനിതാ കൗണ്‍സിലര്‍മാരെ മേയര്‍ സസ്‌പെന്‍ഡു ചെയ്തു.
മലയിന്‍കീഴില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് ഉള്‍പ്പെടെയുള്ള പ്രതികളെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഡിവൈഎഫ്‌ഐ നേതാവ് ജിനേഷ് അടക്കം ആറു പ്രതികളെയാണ് കസ്റ്റഡിയില്‍ വിട്ടത്. കഞ്ചാവ് ബോയ്‌സ് എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ പ്രചരിപ്പിച്ചാണ് ജിനേഷും മറ്റ് ഏഴുപേരും പീഡിപ്പിച്ചത്.
തിരുവനന്തപുരം വെള്ളറടയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചു. നെഞ്ചിലും മുഖത്തും മര്‍ദ്ദനമേറ്റ വിദ്യാര്‍ഥി അമരവിള ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥി അഭിന്‍ രാജേഷ ( 16 ) വെള്ളറട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.
ചൈന ഉയര്‍ത്തുന്ന ഭീഷണിയെ കേന്ദ്രസര്‍ക്കാര്‍ നിസാരവത്കരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചൈന യുദ്ധത്തിന് തയ്യാറെടുക്കുകയാണ്. എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഗൗനിക്കുന്നില്ല. ചൈന നമ്മുടെ ഭൂമി പിടിച്ചെടുത്തു. അവര്‍ നമ്മുടെ പട്ടാളക്കാരെ ആക്രമിക്കുന്നു. കോണ്‍ഗ്രസ് ഏകാധിപതികളുടെ പാര്‍ട്ടിയല്ല. ബിജെപിയെ കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് താഴെയിറക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
റിസര്‍വ് ബാങ്ക് രണ്ടു ഘട്ടങ്ങളായി സോവറിന്‍ ഗോള്‍ഡ് പുറത്തിറക്കും. ഡിസംബര്‍, മാര്‍ച്ച് മാസങ്ങളിലാണു പൊതു സബ്സ്‌ക്രിപ്ഷന്‍. എട്ടു വര്‍ഷമാണു ബോണ്ടുകളുടെ കാലാവധി. അഞ്ചു വര്‍ഷത്തിനു ശേഷം എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം. രണ്ടര ശതമാനമാണ് പലിശ. സര്‍ക്കാരിനുവേണ്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇഷ്യൂ ചെയ്യുന്നത്. ബാങ്കുകള്‍ വഴിയാണ് ബോണ്ടുകള്‍ വില്‍ക്കും. വ്യക്തികള്‍ക്ക് നാലു കിലോഗ്രാം വരേയും ട്രസ്റ്റുകള്‍ക്ക് 20 കിലോഗ്രാം വരേയും അനുവദിക്കും. ബോണ്ടുകള്‍ വായ്പയ്ക്ക് ഈടായി ഉപയോഗിക്കാം.
ബിഹാറിലെ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം അറുപതായി. മരിച്ചവരുട ബന്ധുക്കള്‍ക്ക് ധന സഹായം നല്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍. മുന്നറിയിപ്പ് അവഗണിച്ചതാണ് ദുരന്തത്തിന് ഇടയാക്കിയതെന്ന് നിതീഷ് കുമാര്‍ വിശദീകരിച്ചു. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ബിഹാര്‍ സര്‍ക്കാരിന് നോട്ടീസയച്ചു.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചുകൊണ്ട് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ നടത്തിയ പരാമര്‍ശത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഇന്ത്യ. ബംഗ്‌ളാദേശില്‍ പാകിസ്ഥാന്‍ നടത്തിയ വംശഹത്യയാണ് 1971 ല്‍ ഇതേദിവസം ഇന്ത്യ യുദ്ധത്തിലൂടെ ചെറുത്തതെന്ന് മറക്കരുതെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരം പരമാര്‍ശങ്ങള്‍ക്ക് മോദിയുടെ പ്രതിഛായയില്‍ മങ്ങലേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി പ്രതികരിച്ചു.
2025 ല്‍ നടക്കുന്ന ക്ലബ്ബ് ഫുട്‌ബോള്‍ ലോകകപ്പില്‍ 32 ടീമുകള്‍ മത്സരിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. ഓരോ നാലു വര്‍ഷത്തിലും ക്ലബ്ബ് ലോകകപ്പ് നടത്തും. കോണ്‍ഫഡറേഷന്‍സ് കപ്പ് നടത്തേണ്ട സ്ലോട്ടിലേക്കാണ് ക്ലബ്ബ് ലോകകപ്പ് എത്തുന്നത്.