ഏകീകൃത സിവില്‍ കോഡ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ അനുമതി. ബില്‍ അവതരിപ്പിക്കുമ്പോള്‍ പ്രതിപക്ഷാംഗങ്ങള്‍ വളരെ കുറവായിരുന്നു. കോണ്‍ഗ്രസ് എംപിമാര്‍ ഭൂരിപക്ഷവും പുറത്തായിരുന്നു. ബിജെപി എംപി കിറോഡി ലാല്‍ മീണയാണ് സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ അനുമതി തേടിയത്. 23 നെതിരെ 63 വോട്ടുകള്‍ക്കാണ് ബില്‍ അവതരണത്തിന് രാജ്യസഭ അനുമതി നല്‍കിയത്.
ഷാരോണിനെ കൊലപ്പെടുത്തിയത് താനാണെന്നു സമ്മതിച്ചില്ലെങ്കില്‍ മാതാപിതാക്കളെ പ്രതിയാക്കുമെന്നു പൊലീസ് ഭീഷണിപ്പെടുത്തിയെന്നു പ്രതി ഗ്രീഷ്മ. താന്‍ ഷാരോണിനെ കൊലപ്പെടുത്തിയിട്ടില്ലെന്നും ഗ്രീഷ്മ വാദിച്ചു. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പൊലീസിനെതിരെ ആരോപണം ഉന്നയിച്ചത്. അട്ടക്കുളങ്ങര വനിതാ ജയിലില്‍നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഹാജരാക്കിയത്. ഗ്രീഷ്മയുടെ റിമാന്‍ഡ് 14 ദിസത്തേക്കുകൂടി നീട്ടി.
എറണാകുളം പെരുമ്പാവൂരിനടുത്ത കപ്രിക്കാട്ട് വനം വകുപ്പിന് കീഴിലുള്ള ആഭയാരണ്യത്തില്‍ സംരക്ഷിക്കുന്ന മ്ലാവുകളുടെ എണ്ണം പെരുപ്പിച്ചു കാട്ടി ഒന്നരക്കോടി രൂപ തട്ടിയെടുത്തു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ ഈ വെട്ടിപ്പ് കണ്ടെത്തിയതും വനം വകുപ്പുുതന്നെയാണ്. സംഭവത്തില്‍ വനം വിജലിന്‍സ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. 134 മ്ലാവുകള്‍ക്കു പകരം റജിസ്റ്ററില്‍ 170 മ്ലാവുകളുണ്ടെന്നു രേഖപ്പെടുത്തി ഓരോ മ്‌ളാവിനും പ്രതിമാസം 8289 രൂപ വീതം തീറ്റക്കായി ചിലവഴിച്ചെന്നു കണക്കുണ്ടാക്കിയാണു തട്ടിപ്പു നടത്തിയത്.
മന്ത്രിസ്ഥാനത്തേക്ക് സജി ചെറിയാനെ തിരികെ കൊണ്ടുവരുന്ന കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സജി ചെറിയാനെതിരെ കേസൊന്നുമില്ല. അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചത് ധാര്‍മ്മികതകൊണ്ടാണ്. മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയെന്ന് തങ്ങളാരും പറഞ്ഞിട്ടില്ല. ലീഗ് ജനാധിപത്യ പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. എകെജി സെന്ററില്‍ സംസ്ഥാന സെക്രട്ടേറിയേറ്റിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് സര്‍ക്കാര്‍ ചെലവില്‍ വിദേശത്ത് ചികിത്സ നടത്താന്‍ അനുമതി തേടി മുന്‍ സ്പീക്കറും നോര്‍ക് റൂട്‌സ് വൈസ് ചെയര്‍മാനുമായ പി ശ്രീരാമകൃഷണന്റെ അപേക്ഷ മന്ത്രിസഭയുടെ പരിഗണനയില്‍. മുന്‍ നിയമസഭാംഗങ്ങള്‍ക്ക് വിദേശ ചികിത്സയ്ക്കു സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പണം അനുവദിക്കാന്‍ വ്യവസ്ഥയില്ല.
ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ പ്രതികളായ മൂന്ന് മുന്‍ ഉദ്യോഗസ്ഥരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഈമാസം 15 ലേക്കു മാറ്റി. മുന്‍ ഗുജറാത്ത് ഡിജിപി ആര്‍ബി ശ്രീകുമാര്‍, ഐബി മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി. എസ് ജയപ്രകാശ്, വി.കെ മൈനി എന്നിവരുടെ ജാമ്യഹര്‍ജിയാണ് മാറ്റിയത്. ഹൈക്കോടതി നേരത്തെ മൂന്നു പേര്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നെങ്കിലും സുപ്രീം കോടതി റദ്ദാക്കിയിരുന്നു.
പോപ്പുലര്‍ഫ്രണ്ടിനെതിരായ കള്ളപ്പണകേസില്‍ ചോദ്യം ചെയ്യലിനായി ഡല്‍ഹിയില്‍ ഹാജരാകാനുള്ള എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സിനെതിരെ പാലക്കാട് അലനെല്ലൂര്‍ സ്വദേശി എന്‍ ഉസ്മാന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഭാഷ അറിയില്ലെന്നും കേരളത്തിലെ ഇഡി ഓഫീസില്‍ ഹാജരായി മൊഴി നല്‍കാമെന്നുമമുള്ള ഉസ്മാന്റെ നിലപാട് കോടതി തള്ളി.
നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വകാര്യ ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്കുള്ള ബിസിനസ് ജെറ്റ് ടെര്‍മിനല്‍ നാളെ വൈകുന്നേരം അഞ്ചിനു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെര്‍മിനലിനു നാല്‍പതിനായിരം ചതുരശ്രയടി വിസ്തീര്‍ണമുണ്ട്.
ഗവര്‍ണറെ സര്‍വകലാശാകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു മാറ്റാനുള്ള ബില്ലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് മലക്കം മറിഞ്ഞത് മുസ്ലിംലീഗിനെ ഭയന്നാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ലീഗാണ് യുഡിഎഫിനെ നിയന്ത്രിക്കുന്നതെന്ന് തെളിഞ്ഞിരിക്കുകയാണെന്നും സുരേന്ദ്രന്‍.
ചലച്ചിത്ര മേളകളെ ചിലര്‍ സങ്കുചിത ചിന്തകള്‍ പ്രചരിപ്പിക്കാനുള്ള വേദിയാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്തു രാജ്യാന്തര ചലചിത്രമേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭയരഹിതമായി ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് നമുക്ക് വേണ്ടത്. അത് ഉറപ്പാക്കുന്ന വേദികളാകണം ചലച്ചിത്ര മേളകളെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇറാനിയന്‍ സംവിധായിക മഹ്നാസ് മുഹമ്മദിയുടെ മുറിച്ച മുടി വേദിയില്‍ കാണിച്ച് ഗ്രീക്ക് ചലച്ചിത്രകാരി അതീന റേച്ചല്‍ സംഗാരി ഇറാനിലെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമാണ് ഗ്രീക്ക് ചലച്ചിത്രകാരി പിന്തുണ നല്‍കിയത്.
കോഴിക്കോട് നടക്കാനിരിക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രചരണവുമായി ‘കൊട്ടും വരയും ‘ പരിപാടി നാളെ. വൈകിട്ട് അഞ്ചരയ്ക്ക് 61 പ്രാവുകളെ പറത്തി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് കോഴിക്കോട് ബീച്ചില്‍ പ്രചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. 61 വിദ്യാര്‍ത്ഥികള്‍ ബലൂണുകള്‍ പറത്തും.
മലയിന്‍കീഴില്‍ ഡിവൈഎഫ്‌ഐ നേതാവും സംഘവും ബലാത്സംഗം ചെയ്ത പതിനാറുകാരി കേരളം വിടുന്നു. അമ്മൂമ്മയുടെ നാടായ പോണ്ടിച്ചേരിയിലേക്ക് പോകുകയാണെന്ന് വീട്ടുകാര്‍ പോലീസിനെ അറിയിച്ചു. കേസില്‍ അറസ്റ്റിലായ ഡിവൈഎഫ്‌ഐ വിളവൂര്‍ക്കല്‍ പ്രസിഡന്റ് ജിനേഷ് ജയന്റെ ലഹരി ഇടപാടുകളില്‍ തെളിവില്ലാത്തതിനാല്‍ ലഹരിക്കേസ് എടുക്കേണ്ടെന്നാണ് പൊലീസിന്റെ നിലപാട്. കഞ്ചാവ് ബോയ്‌സ് എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ പ്രചരിപ്പിച്ചാണ് ജിനേഷും ഏഴുപേരും പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
സ്വര്‍ണമാല കവരുകയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ പതിനെട്ടുകാരനെ കരമന പൊലീസ് അറസ്റ്റു ചെയ്തു. പാറശ്ശാല സ്വദേശി ജിത്തു എന്ന അജിത്താണ് (18) അറസ്റ്റിലായത്. സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട തമലം സ്വദേശിനിയായ 16 കാരിയെയാണ് പീഡിപ്പിക്കുകയും സ്വര്‍ണമാല അപഹരിക്കുകയും ചെയ്തത്.
ഇലന്തൂരില്‍ നരബലിക്കിരയായ റോസിലിയുടെ മകളുടെ ഭര്‍ത്താവ് ജീവനൊടുക്കി. കട്ടപ്പന വട്ടോളി വീട്ടില്‍ ബിജു (44)വടക്കാഞ്ചേരി എങ്കക്കാട് നമ്പീശന്‍ റോഡിലെ വാടകവീട്ടില്‍ ജീവനൊടുക്കുകയായിരുന്നു. ഭാര്യ മഞ്ജു വര്‍ഗീസ് എറണാകുളത്തേക്കു മകനുമായി പോയതായിരുന്നു.
സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്കു നഴ്‌സുമാരെ നിയമിക്കുന്നു. ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് വഴി അപേക്ഷിക്കാം.
മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം ഏകീകരിക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസയച്ചു. ദേശീയ വനിതാ കമ്മീഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. മുസ്ലിം വ്യക്തിനിയമ പ്രകാരം 18 വയസിനു താഴെയുള്ള മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹം സാധുവാണെന്ന് വിവിധ ഹൈക്കോടതികള്‍ ഉത്തരവിട്ട സാഹചര്യത്തിലാണ് ഹര്‍ജി.
യൂട്യൂബില്‍നിന്ന് 75 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയയാള്‍ക്കു സുപ്രീം കോടതി 25,000 രൂപ പിഴ ചുമത്തിക്കൊണ്ട് ഹര്‍ജി തള്ളി. യുട്യൂബിലെ പരസ്യങ്ങള്‍ കാരണം ശ്രദ്ധ വ്യതിചലിച്ചെന്നും മത്സര പരീക്ഷയില്‍ തോറ്റെന്നും പറഞ്ഞ് മധ്യപ്രദേശ് സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി പിഴ ചുമത്തിക്കൊണ്ടു തള്ളിയത്.
രണ്ടാം തവണയും ലൈംഗിക ബന്ധത്തിനു വിസമ്മതിച്ച ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിനെ ഉത്തര്‍പ്രദേശിലെ അംറോഹ ജില്ലയില്‍ പോലീസ് അറസ്റ്റു ചെയ്തു. മുപ്പതുകാരിയായ ഭാര്യ റുക്‌സാറിനെ കൊലപ്പെടുത്തിയതിന് ഭര്‍ത്താവ് 34 കാരനായ മുഹമ്മദ് അന്‍വറിനെയാണ് അറസ്റ്റു ചെയ്തത്. ഇയാള്‍ കുറ്റസമ്മതം നടത്തുന്ന വീഡിയോ പൊലീസ് പുറത്തുവിട്ടു.
ഇന്ത്യ അമേരിക്കയുടെ വെറും സഖ്യകക്ഷിയല്ലെന്നും മറിച്ച് മറ്റൊരു വലിയ ശക്തിയാണെന്നും വൈറ്റ് ഹൗസ് വക്താവ്. ആസ്പെന്‍ സെക്യൂരിറ്റി ഫോറം യോഗത്തില്‍ ഇന്ത്യയെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായാണ് വൈറ്റ് ഹൗസ് ഏഷ്യ കോഓര്‍ഡിനേറ്റര്‍ കുര്‍ട്ട് കാംബെല്‍ ഇങ്ങനെ പറഞ്ഞത്.21-ാം നൂറ്റാണ്ടിലെ യുഎസിന് ഏറ്റവും പ്രധാനപ്പെട്ട ഉഭയകക്ഷി ബന്ധമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.