night news hd 1

ഗുജറാത്തില്‍ റിക്കാര്‍ഡ് ഭൂരിപക്ഷം നേടിയ ബിജെപിക്കു ഹിമാചല്‍ പ്രദേശില്‍ ഭരണം നഷ്ടമായി. ഹിമാചലില്‍ അട്ടിമറി വിജയം നേടിയ കോണ്‍ഗ്രസ് ഭരണത്തിലേക്ക്. ഗുജറാത്തില്‍ തുടര്‍ച്ചയായി ഏഴാം തവണയാണു ബിജെപി ഭരണം. റിക്കാര്‍ഡ് ഭൂരിപക്ഷത്തോടെയാണ് ഭരണത്തുടര്‍ച്ച. ആകെയുള്ള 182 സീറ്റില്‍ 158 സീറ്റുകളും ബിജെപി പിടിച്ചെടുത്തു. കോണ്‍ഗ്രസ് വെറും 16 സീറ്റിലേക്ക് ഒതുങ്ങി. അഞ്ചു സീറ്റുമായി അക്കൗണ്ട് തുടങ്ങിയ ആം ആദ്മി പാര്‍ട്ടി ദേശീയപാര്‍ട്ടി നിലവാരത്തിലേക്ക് ഉയര്‍ന്നു. ഇളക്കി മറിച്ചു പ്രചാരണം നടത്തിയ ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിന്റെ വോട്ടുകള്‍ കൈക്കലാക്കി. ബിജെപിക്ക് റിക്കാര്‍ഡ് നേട്ടമുണ്ടാകാന്‍ കാരണമിതാണ്. മുഖ്യമന്ത്രിയായി ഭൂപേന്ദ്രഭായ് പട്ടേല്‍ തുടരും. 12 ന് ഉച്ചയ്ക്കു രണ്ടിനാണ് സത്യപ്രതിജ്ഞ.

ഹിമാചല്‍ പ്രദേശില്‍ 40 സീറ്റുകളില്‍ ആധിപത്യം നേടി കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിച്ചു. ഭരണവിരുദ്ധ വികാരവും വിമതരും ബിജെപിയെ 26 സീറ്റിലൊതുക്കി. ബിജെപി കോട്ടകളില്‍ പോലും കരുത്തുകാട്ടിയാണ് കോണ്‍ഗ്രസിന്റെ മുന്നേറ്റം. മുഖ്യമന്ത്രി ജയറാം താക്കൂര്‍ രാജിവച്ചു. വിജയിച്ചവരെ കോണ്‍ഗ്രസ് ഛത്തീസ്ഗഡിലെ റിസോര്‍ട്ടിലേക്കു കൊണ്ടുപോകും.
68 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 35 പേരുടെ പിന്തുണ വേണം. ഹിമാചലില്‍ 1985 ന് ശേഷം ഒരു പാര്‍ട്ടിക്കും തുടര്‍ഭരണം ലഭിച്ചിട്ടില്ല. കഴിഞ്ഞ തവണ ബിജെപി 45 സീറ്റാണ് നേടിയത്.

കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലറെ നിശ്ചയിക്കാനുള്ള സെര്‍ച്ച് കമ്മിറ്റി അംഗത്തെ ഒരു മാസത്തിനകം സെനറ്റ് നാമനിര്‍ദേശം ചെയ്യണമെന്ന് ഹൈക്കോടതി. ആരെയും നോമിനേറ്റ് ചെയ്തില്ലെങ്കില്‍ ചാന്‍സലര്‍ക്ക് യുജിസി  ചട്ടപ്രകാരം വിസി നിയമനത്തിനുള്ള  നടപടിയുമായി മുന്നോട്ടു പോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി. സെനറ്റ് അംഗം എസ് ജയറാം നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

മദ്യത്തിന്റെ വില്‍പന നികുതി നാലു ശതമാനം വര്‍ദ്ധിപ്പിക്കുന്ന ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. പരമാവധി 20 രൂപയേ വര്‍ധിക്കൂവെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാലന്‍. മദ്യകമ്പനികള്‍ക്കു ലാഭമുണ്ടാക്കികൊടുക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഈ വര്‍ഷം 23 പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കി. 170 കോടി രൂപ മദ്യ കമ്പനികള്‍ക്ക് നേടിക്കൊടുക്കുമ്പോള്‍ അധിക ഭാരം ജനങ്ങള്‍ക്കാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

സില്‍വല്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലെന്നും പ്രതിഷേധക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. കേന്ദ്രാനുമതി ലഭിക്കുന്ന മുറയ്ക്ക് പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ജനങ്ങളോടു യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ജനങ്ങള്‍ക്കു വേണ്ടാത്ത കെ.റെയില്‍ അടിച്ചേല്‍പ്പിക്കാമെന്നത് മുഖ്യമന്ത്രിയുടെ മൗഢ്യമാണ്. ഇനിയും മഞ്ഞക്കുറ്റിയുമായി ഇറങ്ങിയാല്‍  കോണ്‍ഗ്രസ് പിഴുതെറിയുമെന്നും സുധാകരന്‍ പറഞ്ഞു.

തുടര്‍ ഭരണത്തിന്റെ ധാര്‍ഷ്ട്യത്തിലാണ് അനുമതിയില്ലാത്ത സില്‍വര്‍ലൈന്‍ പദ്ധതിയുമായി സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിയമസഭയില്‍. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചു വാക്കൗട്ടിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സില്‍വര്‍ ലൈന്‍ വിജ്ഞാപനം റദ്ദാക്കണമെന്നും കേന്ദ്രാനുമതിയുമായി വന്നാലും പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതിക സര്‍വകലാശാല താല്‍കാലിക വിസി നിയമനം അംഗീകരിച്ച ഹൈക്കോടതി വിധിക്കെതിരേ അപ്പീലുമായി സംസ്ഥാന സര്‍ക്കാര്‍. ഡോ. സിസ തോമസിനെ താല്‍കാലിക വിസിയായി നിയമിച്ച ഗവര്‍ണറുടെ നടപടിക്കെതിരെയുള്ള സര്‍ക്കാരിന്റെ ഹര്‍ജി സിംഗിള്‍ ബഞ്ച് തള്ളിയിരുന്നു.

അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിനെ കാട്ടില്‍നിന്ന് പിടിച്ചു കൊണ്ടുവന്നതായി എഫ്‌ഐആറില്‍ പറയുന്ന ഏഴുപേര്‍ കാട്ടില്‍ പോയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍. പ്രതിഭാഗത്തിന്റെ വിസ്താരത്തിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അഗളി മുന്‍ ഡിവൈഎസ്പി ടി.കെ.സുബ്രഹ്‌മണ്യനെ വിസ്തരിച്ചപ്പോഴാണ് ഈ മൊഴിയുണ്ടായത്. മധുവിനെ കസ്റ്റഡിയിലെടുത്ത അഡീഷനല്‍ എസ്‌ഐ പ്രസാദ് വര്‍ക്കി എഴുതിയത് കളവാണെന്ന് ബോധ്യമായെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്തിലെ ബിജെപിയുടെ വന്‍ വിജയത്തിന് കളമൊരുക്കിയത് ആം ആദ്മി പാര്‍ട്ടിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ കേജരിവാളുമാണെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. കെജരിവാളിന്റെ തലയില്‍ മോദി കൈവച്ച് അനുഗ്രഹിക്കുന്ന ചിത്രം സഹിതമാണ് സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അതേ ഫലമാണ് ഗുജറാത്തിലേതെന്ന് മുസ്ലിം ലീഗ്. എന്‍ഡിഎ വിരുദ്ധര്‍ ഭിന്നിച്ചതാണ് കാരണമെന്നും മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. കേജരിവാള്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിച്ചു. മുഴുവന്‍ ജനപ്രതിനിധികളെയും വിലക്ക് വാങ്ങുന്ന ബിജെപിയുടെ രാഷ്ട്രീയ കുതിരക്കച്ചവടം തടയണം. ഇടതുപക്ഷം അടക്കമുള്ള പ്രതിപക്ഷ സഖ്യം അനിവാര്യമാണമെന്നും പിഎംഎ സലാം പറഞ്ഞു.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ജനുവരി മൂന്നു മുതല്‍ ഏഴു വരെ കോഴിക്കോടാണു കലോല്‍സവം.  239 ഇനങ്ങളിലായി ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌ക്കൂള്‍ വിഭാഗങ്ങളിലെ 14000 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.

സംസ്ഥാനത്ത് എട്ടു മാസംകൊണ്ട് 1,01,353 എംഎസ്എംഇ സംരംഭങ്ങള്‍ തുടങ്ങിയെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിയമസഭയില്‍ അറിയിച്ചു. ഇതിലൂടെ 6,282 കോടി രൂപയുടെ ആഭ്യന്തര നിക്ഷേപം കേരളത്തിലെത്തി. 2,20,500 പേര്‍ക്കു തൊഴില്‍ ലഭിച്ചെന്നും അവകാശപ്പെട്ടു.  മലപ്പുറം, എറണാകുളം ജില്ലകളില്‍ മാത്രം പതിനായിരത്തില്‍ അധികം സംരംഭങ്ങളാണ് തുടങ്ങിയത്. ഒരു വര്‍ഷം കൊണ്ട് കൈവരിക്കാന്‍ ലക്ഷ്യമിട്ട കാര്യമാണ് വ്യവസായ വകുപ്പ് എട്ട് മാസം കൊണ്ട് യാഥാര്‍ത്ഥ്യമാക്കിയതെന്നും മന്ത്രി പറഞ്ഞു.

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്ക്. വെര്‍ച്വല്‍ ക്യൂ വഴി 93,600 പേരാണ് ഇന്നു ദര്‍ശനത്തിനായി ബുക്കു ചെയ്തത്.  നാളെ ദര്‍ശനത്തിനായി 1,04200 പേര്‍ ബുക്ക് ചെയ്തിട്ടുണ്ട്. ഡിസംബര്‍ പന്ത്രണ്ടിനും ഒരു ലക്ഷത്തിലേറെ പേര്‍ ബുക്ക് ചെയ്തിട്ടുണ്ട്. ക്രിസ്മസ് അവധി ദിവസങ്ങളില്‍ തിരക്ക് വര്‍ധിക്കും.

നെടുങ്കണ്ടം മയിലാടുംപാറ ആട്ടുപാറയില്‍ ഗ്രാനൈറ്റ് ഇറക്കുന്നതിനിടെ ശരീരത്തിലേക്കു വീണ് രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു.

കരിപ്പൂരില്‍നിന്നു റിയാദിലേക്കുള്ള വിമാനത്തില്‍ പാസ്പോര്‍ട്ട് മറന്നുവച്ച മലയാളി യാത്രക്കാരി റിയാദ് വിമാനത്താവളത്തില്‍ കുടുങ്ങി. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ് 321-ാം നമ്പര്‍ വിമാനത്താവളത്തില്‍ റിയാദിലേക്കു യാത്ര ചെയ്ത മലപ്പുറം ചെമ്മാട് വെളിമുക്ക് സ്വദേശി സക്കീനാ അഹമ്മദാണ് പാസ്പോര്‍ട്ട് വിമാനത്തില്‍ മറന്നുവച്ചത്.

മണിയന്‍പിള്ള രാജുവിന്റെ മകനും യുവ താരവുമായ നിരഞ്ജും ഫാഷന്‍ ഡിസൈനര്‍ നിരഞ്ജനയും തമ്മില്‍ വിവാഹിതരായി. പാലിയം കൊട്ടാരത്തില്‍ നടന്ന വിവാഹത്തില്‍ മമ്മുട്ടി, ജയറാം, ജഗദീഷ്, സുരേഷ് കുമാര്‍, സേതു തുടങ്ങിയവര്‍ പങ്കെടുത്തു.

ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയത്തെ വിമര്‍ശിക്കുന്നതിനെതിരേ കേന്ദ്ര സര്‍ക്കാരിനു സുപ്രീം കോടതിയുടെ താക്കീത്. കൊളീജിയം ഈ രാജ്യത്തിന്റെ നിയമമാണ്. വിമര്‍ശനങ്ങളെ അംഗീകരിക്കാനാവില്ലെന്ന് സര്‍ക്കാരിനെ ഉപദേശിക്കണമെന്ന് അറ്റോര്‍ണി ജനറലിനോട് കോടതി നിര്‍ദേശിച്ചു. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തില്‍ കൊളീജിയം സംവിധാനത്തെ വിമര്‍ശിച്ചതിനോടു പ്രതികരിക്കുകയായിരുന്നു സുപ്രീം കോടതി.

ജനാധിപത്യത്തില്‍ ജയവും തോല്‍വിയും സാധാരണമെന്ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുനന്‍ ഖര്‍ഗെ. ഗുജറാത്തിലെ തിരിച്ചടിയില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളുമെന്നും ഖാര്‍ഗെ പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചു ഭരണം നല്‍കിയ ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ക്ക് അദ്ദേഹം നന്ദി പ്രകടിപ്പിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരെ അഭിനന്ദിച്ചു.

ഏഴാം തവണയും തുടര്‍ഭരണം തന്ന ഗുജറാത്തിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ ശക്തിയെ നമിക്കുന്നു. വികസന രാഷ്ട്രീയത്തെ ജനങ്ങള്‍ അനുഗ്രഹിച്ചെന്നും തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മോദി ട്വീറ്റ് ചെയ്തു.

ഗുജറാത്തില്‍ അക്കൗണ്ട് തുടങ്ങിയ ആം ആദ്മി പാര്‍ട്ടി ഒട്ടേറെ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനെ പിന്നിലാക്കി രണ്ടാം സ്ഥാനം നേടി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇസുദാന്‍ ഗാഡ്വി 18,000 വോട്ടിനു പരാജയപ്പെട്ടു. മാധ്യമ പ്രവര്‍ത്തകനെന്ന നിലയില്‍ ഗാഡ്വി നടത്തിയിട്ടുള്ള അഴിമതി വിരുദ്ധ വാര്‍ത്തകള്‍ ഉയര്‍ത്തിക്കാട്ടിയാണ് എഎപി പ്രചാരണം നടത്തിയിരുന്നത്.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയം 30 വര്‍ഷത്തെ വര്‍ഗീയ ധ്രുവീകരണത്തിന്റെ ഫലമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. വിലക്കയറ്റവും തൊഴിലില്ലായ്മയും അടക്കമുള്ള പ്രശ്‌നങ്ങള്‍ ഹിന്ദുത്വ പ്രചാരണത്തിലൂടെ ബിജെപി മറികടന്നു. ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് നേടിയ വിജയം ബിജെപിക്ക് കനത്ത തിരിച്ചടിയാണെന്നും സിപിഎം വിലയിരുത്തി.

സമാജ് വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവിന്റെ മരണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പു നടന്ന ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ലോകസഭാ സീറ്റില്‍ അദ്ദേഹത്തിന്റെ മരുമകളായ ഡിംപിള്‍ യാദവ് രണ്ടരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചു.

ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങളുടെ പേരില്‍ ഇറാനില്‍ ആദ്യത്തെ വധശിക്ഷ. ദൈവവിരോധം ആരോപിച്ച് മുഹ്സിന്‍ ഷെകാരി എന്ന യുവാവിനെയാണ് തൂക്കിലേറ്റിയത്. കലാപങ്ങള്‍ക്കിടെ ടെഹ്‌റാനിലെ പ്രധാനപാത ഉപരോധിച്ചതിനും,  സൈനികനെ കുത്തിയതിനുമാണ് മൊഹ്സിനെ പോലീസ് അറസ്റ്റ് ചെയ്തത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *