സംസ്ഥാനത്തു സി.പി.എം സമാന്തര റിക്രൂട്ട്മെന്റ് നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. ശിപായിമാര്‍ മുതല്‍ വൈസ് ചാന്‍സലര്‍മാര്‍ വരെയുള്ളവരെ പാര്‍ട്ടിയാണു നിയമിക്കുന്നത്. ജോലി ഒഴിവുകള്‍ എപ്ലോയ്മെന്റ് എക്സേഞ്ചുകളിലേക്കു റഫര്‍ ചെയ്യാതെ പാര്‍ട്ടിയുടെ താഴേത്തട്ടു മുതല്‍ സംസ്ഥാന കമ്മിറ്റി വരെ നിയമനത്തട്ടിപ്പു നടത്തുകയാണ്. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചപ്പോഴാണ് അദ്ദേഹം നിയമസഭില്‍ ഇങ്ങനെ പറഞ്ഞത്.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസിലെ അഞ്ചു പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. തട്ടിപ്പു കാലത്ത് പ്രതികള്‍ 117 കോടി രൂപയുടെ വ്യാജ വായ്പ തരപ്പെടുത്തിയെന്നു ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. മാനേജര്‍ ബിജു കരീം, അക്കൗണ്ടന്റ് ജില്‍സ്, കമ്മീഷന്‍ ഏജന്റ് ബിജോയ്, സൂപ്പര്‍ മാര്‍ക്കറ്റ് ക്യാഷ്യര്‍ റജി. കെ അനില്‍ എന്നിവരുടെ സ്വത്തുക്കളാണു കണ്ടുകെട്ടുക. ഇവര്‍ 2011 മുതല്‍ 2021 വരെ സമ്പാദിച്ച 58 സ്വത്തുക്കളാണ് കണ്ടുകെട്ടുക. ഒന്നാം പ്രതി സുനില്‍കുമാറിന്റെ പേരില്‍ സ്വത്തുക്കളില്ലാത്തതിനാല്‍ കണ്ടുകെട്ടാനാവില്ല.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ കളക്ഷന്‍ ഏജന്റ് എ.കെ ബിജോയിയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. 30.70 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. ബാങ്ക് ഭരണ സമിതി അറിയാതെ ബിജോയ് 26.60 കോടി വായ്പ നല്‍കിയെന്ന് കണ്ടെത്തിയിരുന്നു.
വിഴിഞ്ഞത്തെ സമരപ്പന്തലില്‍ സമാധാന ദൗത്യ സംഘം. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്നും അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കണമെന്നും സര്‍വമത നേതാക്കളടങ്ങുന്ന ദൗത്യ സംഘം. അതേസമയം, തുറമുഖം വേണമെന്ന് ആവശ്യപ്പെട്ടു സമരം നടത്തുന്ന പ്രാദേശിക ജനകീയ കൂട്ടായ്മ സമാധാന ദൗത്യസംഘം ഏകപക്ഷീയമാണെന്ന് ആരോപിച്ചു. തങ്ങളെ ആക്രമിച്ചവരെ അറസ്റ്റു ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. ബിഷപ്പ് ഡോ. സൂസപാക്യം, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ഓര്‍ത്തഡോക്‌സ് സഭ തിരുവനന്തപുരം ഭദ്രാസാനാധിപന്‍ ഡോ. ഗ്രബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, പാളയം ഇമാം തുടങ്ങിയവരാണ് സ്ഥലം സന്ദര്‍ശിച്ചത്.
വിഴിഞ്ഞം വിഷയത്തില്‍ സര്‍ക്കാരിന്റെ നിഷേധാത്മക നിലപാട് ഖേദകരമെന്ന് കേരള കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ്. സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളോട് ചര്‍ച്ചയിലൂടെ സമവായത്തിലെത്താതെ സര്‍ക്കാര്‍ ഏകപക്ഷീയമായി ഉത്തരവുകള്‍ ഇറക്കുകയും കേസുകളെടുക്കുകയുമാണ്. ആവശ്യങ്ങളെല്ലാം അംഗീകരിച്ചതായി സര്‍ക്കാര്‍ അവകാശപ്പെടുന്നു. മത്സ്യത്തൊഴിലാളികളുടെ നീതി സമരത്തെ അടിച്ചമര്‍ത്താന്‍ കേന്ദ്രസേനയെ വിളിക്കാനുള്ള നീക്കം ആശങ്കാജനകമാണെന്നും കെസിബിസി.
ശബരിമല തീര്‍ത്ഥാടകര്‍ക്കായി കെ.എസ്.ആര്‍.ടി.സി പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകളുടെ എണ്ണം 189 ആയി വര്‍ധിപ്പിച്ചു. നേരത്തെ 171 ബസുകളായിരുന്നു. രണ്ടു ദിവസത്തിനകം 15 എസി ലോ ഫ്‌ളോര്‍ ബസുകള്‍ കൂടി എത്തും. ഇതോടെ എ.സി ബസുകളുടെ എണ്ണം 60 ആകും.
എറണാകുളം അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. ഏകീകൃത കുര്‍ബാനയെച്ചൊല്ലി തര്‍ക്കമുന്നയിക്കുന്ന വിമത വിഭാഗത്തില്‍നിന്ന് ജീവനു ഭീഷണിയുണ്ടെന്ന് ബിഷപ്പ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
കളമശ്ശേരി നഗരസഭയില്‍ എല്‍ഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ പരാജയപ്പെടുത്തി യുഡിഎഫ് ഭരണം നിലനിര്‍ത്തി. വോട്ടെടുപ്പില്‍നിന്ന് യുഡിഎഫും ബിജെപിയും വിട്ടുനിന്നതാണ് അവിശ്വാസം പരാജപ്പെടാന്‍ കാരണം. ഒരൊറ്റ അംഗത്തിന്റെ ഭൂരിപക്ഷത്തിലായിരുന്നു യുഡിഎഫ് ഭരണം. യുഡിഎഫിനെ പിന്തുണച്ചിരുന്ന സ്വതന്ത്രനെ അടര്‍ത്തി എടുത്താണ് എല്‍എഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
വ്യാജ വിസ നല്‍കി സ്‌പെയിനിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കും മനുഷ്യക്കടത്തു നടത്തിയ സംഘത്തെ എറണാകുളത്ത് അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് ആലക്കോട് സ്വദേശി ജോബിന്‍ മൈക്കിള്‍, പാലക്കാട് കിനാവല്ലൂര്‍ സ്വദേശി പൃഥ്വിരാജ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ നല്‍കിയ വ്യാജ വിസയുമായി പോയ മൂന്നു മലയാളികളെ സ്‌പെയിനില്‍ പിടികൂടി ഇന്ത്യയിലേക്ക്ു തിരിച്ചയച്ചിരുന്നു.
അനുമതിയില്ലാതെ ഇടുക്കി രാമക്കല്‍മേടിലേക്കു വിനോദയാത്രയുമായി വന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ടൂറിസ്റ്റ് ബസ് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. നിലമ്പൂരില്‍നിന്ന് കൊടൈക്കനാലിലേക്കു പോകുകയായിരുന്ന ബസാണ് പിടിച്ചത്.
കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ പ്രവര്‍ത്തനം പഠിക്കാന്‍ ഫിന്‍ലാന്‍ഡ് വിദ്യാഭ്യാസ സംഘം തിരുവന്തപുരത്ത്. സംസ്ഥാന കായികോത്സവ മേളയുടെ പവലിയനില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയുമായി സംഘാംഗങ്ങള്‍ സംസാരിച്ചു. മുഖ്യമന്ത്രിയും സംഘവും ഫിന്‍ലന്‍ഡ് സന്ദര്‍ശിച്ചതിന്റെ ഭാഗമായുള്ള തുടര്‍ ചര്‍ച്ചകള്‍ക്കായിട്ടാണ് സംഘം തിരുവനന്തപുരത്ത് എത്തിയത്. എട്ടാം തീയ്യതി വരെ സംഘം സംസ്ഥാനത്തുണ്ടാകും.
വയനാട് കണിയാരത്ത് കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം. കണിയാരം ഫാ. ജികെഎംഎച്ച്എസിന് സമീപമുള്ള റബര്‍ തോട്ടത്തിനരികിലാണ് കാര്‍ കത്തിനശിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കെഎല്‍ 58 എം 9451 നമ്പര്‍ കാറാണ് കത്തിയത്.
സിപിഎം പ്രവര്‍ത്തകനും ഡിവൈഎഫ്‌ഐ നേതാവുമായിരുന്ന വഞ്ചിയൂര്‍ വിഷ്ണു കൊലക്കേസില്‍ പ്രതികളെ വിട്ടയച്ചതിനെ ഹൈക്കോടതി വിധിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. പതിമൂന്ന് പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടിരുന്നു.
ആര്‍.ജെ ക്രിയേഷന്‍സ് സിനിമ നിര്‍മ്മാണ കമ്പനിയുടെ ഉടമ ജെയ്‌സണ്‍ എളംകുളം പനമ്പള്ളി നഗര്‍ സൗത്തിലുള്ള ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 44 വയസായിരുന്നു. കോട്ടയം സ്വദേശിയാണ്.
കോടികള്‍ വിലവരുന്ന കസ്തൂരി മാനിന്റെ കസ്തൂരിയുമായി മൂന്നു പേര്‍ കണ്ണൂരില്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശികളായ റിയാസ്, സാജിദ് , ആസിഫ് എന്നിവരാണ് പിടിയിലായത്.
ആസാമിലെ ജയിലിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് പെരുമ്പാവൂര്‍ ജിഷ കൊലക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാം നല്‍കിയ ഹര്‍ജിയില്‍ കേരള, ആസാം സര്‍ക്കാരുകള്‍ക്കു സുപ്രീം കോടതി നോട്ടീസ്. നാല് ആഴ്ചയ്ക്കകം മറുപടി നല്‍കണം.
നേമത്ത് ഒന്‍പതു വര്‍ഷം മുന്‍പ് വീടിനകത്ത് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. നേമം സ്വദേശിനി അശ്വതി വീടിനകത്തു മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് രതീഷിനെ പൊലീസ് അറസ്റ്റു ചെയ്തു.
ഗൂഡല്ലൂരില്‍ യുവതിയുടെ മരണത്തില്‍ രണ്ടര വര്‍ഷത്തിനു ശേഷം ഭര്‍ത്താവ് അറസ്റ്റില്‍. മേപ്പാടി റിപ്പണ്‍ സ്വദേശിനി ഫര്‍സാനയുടെ മരണത്തില്‍ ഭര്‍ത്താവ് മേപ്പാടി ചൂരല്‍മലയില്‍ പൂക്കാട്ടില്‍ ഹൗസില്‍ അബ്ദുള്‍ സമദാണ് അറസ്റ്റിലായത്. മകളുടെ മരണം കൊലപാതകമാണെന്ന ഫര്‍സാനയുടെ പിതാവിന്റെ പരാതിയിലാണ് അറസ്റ്റ്.
അവയവ മാറ്റത്തിനു വിവിധ സംസ്ഥാനങ്ങളിലെ നിയമങ്ങള്‍ ഏകോപിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് സുപ്രീംകോടതി. കേന്ദ്ര നിയമവുമായി ബന്ധപ്പെടുത്തി സംസ്ഥാന ചട്ടങ്ങളും ഏകോപിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയിലാണ് നടപടി.
മത പരിവര്‍ത്തന വിരുദ്ധ നിയമങ്ങളെക്കുറിച്ച് സംസ്ഥാന സര്‍ക്കാരുകളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ച് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നു കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി. നിര്‍ബന്ധിച്ചോ സ്വാധീനിച്ചോ നടത്തുന്ന മതപരിവര്‍ത്തനം നടത്തുന്നത് തെറ്റാണെന്ന് സുപ്രീംകോടതി. ദാനത്തിലൂടെ മതപരിവര്‍ത്തനം പാടില്ല. കേസ് ഡിസംബര്‍ 12 ന് പരിഗണിക്കും.
പൊതു-സ്വകാര്യ മേഖലകളില്‍ ജോലിചെയ്യന്ന ഭിന്നശേഷിക്കാര്‍ക്കു വീട്ടിലിരുന്ന് ജോലിചെയ്യാന്‍ അവസരം നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തോട് അനുബന്ധിച്ചാണ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
ഗവര്‍ണര്‍മാര്‍ സംസ്ഥാന ഭരണത്തിനെതിരേ ഡിസംബര്‍ 29 ന് രാജ്യത്ത് ഫെഡറലിസ സംരക്ഷണ ദിനമായി ആചരിക്കുമെന്നു സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. ഗവര്‍ണര്‍ പദവി നീക്കം ചെയ്യണം. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണത്തില്‍ ഗവര്‍ണര്‍മാര്‍ അനാവശ്യമായി ഇടപെടുകയാണ്. അനാവശ്യ ഇടപെടല്‍ ഭരണഘടന വിരുദ്ധമാണ്. രാജ പറഞ്ഞു.
സാമ്പത്തിക സംവരണം ശരിവച്ച സുപ്രീംകോടതി വിധിക്കെതിരെ ഡിഎംകെ പുനഃപരിശോധന ഹര്‍ജി നല്‍കി. നേരത്തെ കോണ്‍ഗ്രസ് നേതാവ് ജയ താക്കൂറും ഹര്‍ജി നല്‍കിയിരുന്നു.
ആര്‍ജെഡി പ്രസിഡന്റ് ലാലു പ്രസാദ് യാദവിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി. സിംഗപ്പൂരിലാണ് ശസ്ത്രക്രിയ നടന്നത്. വൃക്ക ദാനം ചെയ്ത മകള്‍ രോഹിണി ആചാര്യയുടെ ആരോഗ്യനിലയും തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍.
കൊടും തണുപ്പില്‍ ജാക്കറ്റു ധരിക്കാതെ ഭാരത് ജോഡോ യാത്ര നയിച്ച് രാഹുല്‍ ഗാന്ധി. രാവിലെ ആറേകാലിനു 13 ഡിഗ്രി സെല്‍ഷ്യസ് താപനിലയുള്ളപ്പോഴാണ് ഹാഫ് സ്ലീവ് ടീ ഷര്‍ട്ടു ധരിച്ച് രാഹുല്‍ നടന്നത്. രാജസ്ഥാനിലെ പര്യടനത്തിനു മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും യാത്രയില്‍ പങ്കെടുത്തു.
കൂടുതല്‍ നിക്ഷേപം നടത്തണമെന്നും ഇന്ത്യയുടെ സഹായത്തോടെ ആരംഭിച്ച അടിസ്ഥാന സൗകര്യ വികസനപദ്ധതികള്‍ പൂര്‍ത്തിയാക്കണമെന്നും ഇന്ത്യയോട് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം. താലിബാന്റെ നഗരവികസന-ഭവന മന്ത്രി ഹംദുല്ല നൊമാനിയും രാജ്യത്തെ ഇന്ത്യയുടെ സാങ്കേതിക ടീം തലവന്‍ ഭരത് കുമാറും തമ്മിലാണ് കൂടിക്കാഴ്ച നടന്നത്.
ദക്ഷിണാഫ്രിക്കയിലെ ജൊഹനാസ്ബര്‍ഗില്‍ പ്രളയത്തില്‍ 14 പേര്‍ മരിച്ചു. ജുക്‌സ്‌കെയ് നദീ തീരത്താണ് ദുരന്തമുണ്ടായത്.