ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയതിനു തെളിവില്ലെന്നു പറഞ്ഞ് മുന്‍മന്ത്രി സജി ചെറിയാനെതിരായ അന്വേഷണം പോലീസ് അവസാനിപ്പിച്ചു. ക്രിമിനല്‍ കേസ് നിലനില്‍ക്കില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമോപദേശം നല്‍കി. മല്ലപ്പള്ളി പ്രസംഗത്തില്‍ കോടതി ഉത്തരവനുസരിച്ചാണ് പൊലീസ് കേസെടുത്തത്. വിവാദമായതോടെ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്ന കേസിലാണ് പോലീസ് ഒത്തുകളിച്ചത്. വീഡിയോ തെളിവായി ഉണ്ടായിട്ടും പോലീസ് അന്വേഷണം അട്ടിമറിച്ചെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും പരാതിക്കാരന്‍.
സെക്രട്ടേറിയറ്റില്‍ ഫയലുകള്‍ അനാവശ്യമായി നിയമോപദേശത്തിനു വിടുന്നതിനെതിരേ നിയമ, ധനകാര്യ വകുപ്പുകള്‍. ഇതുമൂലം ഫയല്‍നീക്കം വൈകുകയും സര്‍ക്കാരിനു സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്.
നിയമസഭാ സമ്മേളനം ഇന്നു മുതല്‍. ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്ന നിയമം പാസാക്കാനാണ് സഭാ സമ്മേളനം വിളിച്ചിരിക്കുന്നത്. വിഴിഞ്ഞം സംഭവം, ഗവര്‍ണറുമായുള്ള പോര്, തിരുവനന്തപുരം കോര്‍പറേഷനിലെ നിയമന തട്ടിപ്പിനുള്ള ശുപാര്‍ശ കത്ത് തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം സര്‍ക്കാരിനെതിരേ ആഞ്ഞടിക്കും.
കേരളത്തില്‍ എല്ലായിടത്തും പരിപാടി സംഘടിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഉപദേശിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. താന്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്കു വിവാദങ്ങള്‍ ഉണ്ടാകുന്നത് എങ്ങനെയാണെന്ന് അറിയില്ല. തന്റെ എല്ലാ പരിപാടികളും അതതു ജില്ലകളിലെ ഡിസിസി അധ്യക്ഷരെ അറിയിച്ചിട്ടുണ്ട്. വിവരം അറിയിച്ച തീയതി അടക്കം തന്റെ കൈയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസില്‍ ശശി തരൂരിനെതിരായ പോര്‍വിളി യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുമെന്ന ലീഗിന്റെ വിമര്‍ശനത്തെ അര്‍ഹിക്കുന്ന പരിഗണനയോടെ കാണുന്നുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. പരിഹാരം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കുടുംബശ്രീ സ്ത്രീ സമത്വ സന്ദേശ പ്രചാരണത്തിന്റെ ഭാഗമായി സിഡിഎസ് അംഗങ്ങള്‍ക്കു ചൊല്ലാന്‍ തയാറാക്കിയ പ്രതിജ്ഞ പിന്‍വലിച്ചിട്ടില്ലെന്നു കുടുംബശ്രീ ഡയറക്ടര്‍. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പ്രതിജ്ഞ പരിഭാഷപ്പെടുത്തിയിട്ടേയുള്ളൂവെ
വിഴിഞ്ഞത്ത് അനുരഞ്ജന നീക്കവുമായി സിപിഎമ്മും. തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപപ്പ് ഡോ. തോമസ് ജെ. നെറ്റോയുമായി കൂടിക്കാഴ്ച നടത്തി. ചീഫ് സെക്രട്ടറിയും മലങ്കര സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ക്ലീമിസും ഇടപെട്ടതിനു പിറകേയാണ് നാഗപ്പന്‍ വിഴിഞ്ഞത്തു പ്രചാരണ ജാഥ പ്രഖ്യാപിച്ചുകൊണ്ട് ആര്‍ച്ച്ബിഷപിനെ സന്ദര്‍ശിച്ചത്.
എല്‍ഡിഎഫ് വിഴിഞ്ഞം സമരത്തിനെതിരെ തിരുവനന്തപുരം ജില്ലയില്‍ പ്രചാരണ ജാഥ നടത്തുന്നു. തുറമുഖം വേണമെന്നും വിഴിഞ്ഞം സംഘര്‍ഷം സര്‍ക്കാരും പോലീസും സൃഷ്ടിച്ചതാണെന്ന ആരോപണത്തെ ചെറുക്കാനുമാണു ജാഥ. ചൊവ്വാഴ്ച വര്‍ക്കലയില്‍ മന്ത്രി പി രാജീവ് ജാഥ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ഒമ്പതാം തീയതി വിഴിഞ്ഞത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. വികസനം സമാധാനം എന്ന പേരിലാണ് ജാഥ.
കൊല്ലത്ത് ഉദ്യോഗസ്ഥന്റെ വീഴ്ചമൂലം കൊല്ലം ചവറ സ്വദേശിനി നിഷക്ക് സര്‍ക്കാര്‍ ജോലി നഷ്ടപ്പെട്ട സംഭവത്തില്‍ പിഎസ്‌സിയാണു കുറ്റക്കാരെന്നു തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. നഗരകാര്യ വകുപ്പ് ഡയറക്ടര്‍ ഓഫീലെ ഉദ്യോഗസ്ഥര്‍ കൃത്യ സമയത്ത് ഒഴിവ് റിപ്പോര്‍ട്ട് ചെയ്തിരുന്നെന്നാണ് മന്ത്രിയുടെ വാദം.
സ്‌കൂള്‍ യൂണിഫോമില്‍ മല്‍സ്യം വിറ്റു വാര്‍ത്താതാരമായ ഹനാന്‍ വീണ്ടും വാര്‍ത്തകളില്‍. ജലന്ധറില്‍ പരീക്ഷയ്ക്കുള്ള ട്രെയിന്‍ യാത്രക്കിടെ മദ്യലഹരിയിലുള്ള യാത്രക്കാന്‍ അപമര്യാദയായി പെരുമാറിയതിനെതിരേ പ്രതികരിച്ച തന്നോട് പോലീസ് എത്തി അപരിചിതമായ സ്റ്റേഷനില്‍ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടതു ലൈവായി സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ടതാണ് ഇപ്പോള്‍ വാര്‍ത്തയായത്. അക്രമിയെ കസ്റ്റഡിയിലെടുക്കാതെ തന്നോട് ഇറങ്ങാന്‍ പറയുന്ന പോലീസിനോടു ശക്തമായി പ്രതികരിക്കുന്ന വീഡിയോയാണ് ഹനാന്‍ ലൈവായി പോസ്റ്റു ചെയ്തത്.
മലയാളി യുവാവ് ബ്രിട്ടനില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ലിവര്‍പൂളിനു സമീപം വിരാളിലാണ് ബിജിന്‍ വര്‍ഗീസ് മരിച്ചത്. സ്റ്റുഡന്റ് വിസയില്‍ ബ്രിട്ടനിലെത്തിയതാണ് യുവാവ്.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ദേശീയ പ്രസ്ഥാനത്തിന്റെ രൂപത്തിലേക്കും ആവേശത്തിലേക്കും വളര്‍ന്നെന്ന് എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന ഖര്‍ഗെ. ഒരു കാലത്ത് കോണ്‍ഗ്രസിന്റെ വിമര്‍ശകരായിരുന്നവര്‍ പോലും യാത്രക്കൊപ്പം ചേരുന്നുണ്ടെന്നും പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ അദ്ദേഹം അവകാശപ്പെട്ടു.
ഇറാനില്‍ ഹിജാബ് വിരുദ്ധ സമരത്തെ അടിച്ചമര്‍ത്തിയ മതകാര്യ പൊലീസിനെ സര്‍ക്കാര്‍ പിരിച്ചുവിട്ടു. മഹസ അമിനിയുടെ കസ്റ്റഡി മരണത്തെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങള്‍ രണ്ടുമാസം പിന്നിട്ട സാഹചര്യത്തിലാണ് ഈ നടപടി.