അള്‍ട്രാവയലറ്റ് എഫ്77 ലിമിറ്റഡ് എഡിഷന്‍ ഇലക്ട്രിക് സ്പോര്‍ട്സ് ബൈക്ക് സ്വന്തമാക്കി, വിഡിയോ ജോക്കി രണ്‍വിജയ് സിന്‍ഹ. ആകെ പുറത്തിറക്കുന്ന 77 അള്‍ട്രാവയലറ്റ് എഫ്77 ലിമിറ്റഡ് എഡിഷനില്‍ പതിനാറാമത്തെ സ്പോര്‍ട്സ് ബൈക്കാണ് രണ്‍വിജയ് സിന്‍ഹയുടേത്. ബുക്കിങ് തുടങ്ങി രണ്ടു മണിക്കൂറിനകം ഈ ലിമിറ്റഡ് എഡിഷന്‍ എഫ്77 വിറ്റു തീര്‍ന്നിരുന്നു. ടിവിഎസ് മോട്ടോഴ്സിന്റെ പിന്തുണയുള്ള വൈദ്യുത വാഹന സ്റ്റാര്‍ട്ട് അപ്പാണ് അള്‍ട്രാവയലറ്റ് ഓട്ടമോട്ടീവ്. മലയാളി സിനിമാ താരം ദുല്‍ക്കര്‍ സല്‍മാനുമായും അള്‍ട്രാവയലറ്റ് ഓട്ടമോട്ടീവിന് ബന്ധമുണ്ട്. ഈ സ്റ്റാര്‍ട്ട് അപ്പിലെ ആദ്യ നിക്ഷേപകരില്‍ ഒരാളാണ് ദുല്‍ക്കര്‍. ഏറ്റവും ബേസ് വേരിയന്റായ ഷാഡോക്ക് 3.8 ലക്ഷം രൂപയാണ് വില. 4.5 ലക്ഷം രൂപയുടെ റെക്കോണാണ് ഏറ്റവും ഉയര്‍ന്ന വിലയുള്ള വേരിയന്റ്. അതേസമയം ലിമിറ്റഡ് എഡിഷന്‍ വാഹനമായ എഫ്77ന്റെ വില കമ്പനി പരസ്യമാക്കിയിട്ടില്ല. റെക്കോണ്‍ വേരിയന്റിനേക്കാളും വില കൂടുതലായിരിക്കും എഫ്77 എന്നാണ് കരുതപ്പെടുന്നത്. ഉയര്‍ന്ന വേരിയന്റായ എഫ്77എയര്‍ സ്ട്രൈക്കില്‍ 40.4ബിഎച്പി കരുത്തും പരമാവധി 100എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണുള്ളത്. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗതയിലേക്കു കുതിക്കാന്‍ ഈ വാഹനത്തിന് 7.8 സെക്കന്‍ഡ് മാത്രമാണ് വേണ്ടത്. പരമാവധി വേഗത 152 കിലോമീറ്റര്‍.