വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും കൊണ്ട് നിറഞ്ഞ ഡ്രൈഫ്രൂട്ടാണ് കറുത്ത ഉണക്കമുന്തിരി. പൊട്ടാസ്യം, കാത്സ്യം, മഗ്‌നീഷ്യം, വിറ്റാമിന്‍ സി, ഫൈബര്‍ തുടങ്ങിയവ ഇവയില്‍ അടങ്ങിയിരിക്കുന്നു. അയേണ്‍, കോപ്പര്‍, ബി കോംപ്ലക്‌സ് വിറ്റമിനുകള്‍ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ സ്ത്രീകള്‍ പതിവായി ഇവ കഴിക്കുന്നത് ഇരുമ്പിന്റെ അഭാവം അകറ്റാനും വിളര്‍ച്ചയെ തടയാനും സഹായിക്കും. പ്രത്യേകിച്ച് ആര്‍ത്തവവിരാമം സംഭവിച്ച സ്ത്രീകളില്‍ വിളര്‍ച്ചയും ക്ഷീണവുമൊക്കെ കാണപ്പെടാം. അയേണ്‍ അടങ്ങിയ കറുത്ത ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കുന്നത് ഇരുമ്പിന്റെ അഭാവം അകറ്റാനും വിളര്‍ച്ചയെ തടയാനും ക്ഷീണം അകറ്റാനും സഹായിക്കും. ശരീരത്തിന് വേണ്ട ഊര്‍ജ്ജം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ ധാതുക്കള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഉണക്ക മുന്തിരിയില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ എല്ലുകള്‍ക്ക് ശക്തിയേകാനും സഹായിക്കും. നാരുകള്‍ ധാരാളം അടങ്ങിയതിനാല്‍ കറുത്ത ഉണക്ക മുന്തിരി കുതിര്‍ത്ത് കഴിക്കുന്നത് മലബന്ധം അകറ്റാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും. ആന്റിഓക്‌സിഡന്റുകളോടൊപ്പം പൊട്ടാസ്യവും ധാരാളം വിറ്റാമിനുകളും അടങ്ങിയതിനാല്‍ ഇവ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും. ഉണക്ക മുന്തിരി ശീലമാക്കുന്നത് നിരവധി ക്യാന്‍സര്‍ സാധ്യതകളെ തടയാന്‍ സഹായിക്കും എന്നും ചില പഠനങ്ങള്‍ പറയുന്നു. പ്രതിരോധശേഷി കൂട്ടാനും ഉറക്ക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകാനും ഹോര്‍മോണ്‍ പ്രശ്‌നങ്ങളെ തടയാനും കുതിര്‍ത്ത ഉണക്ക മുന്തിരി കഴിക്കാം. ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും കറുത്ത ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കാം.