മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴയും മഴക്കെടുതികളും തുടരുകയാണ്. കോഴിക്കോട് കല്ലാച്ചിയില്‍ കനത്തമഴയില്‍ വീട് തകര്‍ന്നു. പാലക്കാട് മംഗലംഡാമില്‍ വ്യാപാരഭവന്‍റെ മുകളില്‍ മരംവീണ് കെട്ടിടം തകര്‍ന്നു.
തൃശൂര്‍ ചെമ്പുക്കാവില്‍ റോഡിലെ വൈദ്യുതി പോസ്റ്റിലേക്ക് തെങ്ങ് വീണു. റോഡില്‍ വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. വയനാട്ടിലും അതിശക്തമായ മഴ തുടരുകയാണ്. ദുരിതാശ്വാസ ക്യാംപുകളുടെ എണ്ണം ഇരുപതായി. എറണാകുളം ജില്ലയുടെ മലയോര മേഖലയിൽ അടക്കം ഇന്നലെ രാത്രിയിൽ ഇടവിട്ട് ശക്തമായ മഴ പെയ്തു. പലയിടങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടായി. കോതമംഗലം കുടമുണ്ട പാലം വെള്ളത്തിനടിയിലായി ഗതാഗതം തടസപ്പെട്ടു. ഭൂതത്താൻ കെട്ട് അണക്കെട്ടിന്റെ മുഴുവൻ ഷട്ടറുകളും തുറന്നിട്ടുള്ളതിനാൽ പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകളും കുറച്ച് കൂടി ഉയർത്താൻ സാധ്യതയുണ്ട്.
ഭാരതപ്പുഴയുടെ ജലനിരപ്പ് ഉയർന്ന് തൃത്താലയിലെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറി.
കോഴിക്കോട് ജില്ലയിൽ 34 വില്ലേജുകളിലാണ് മഴക്കെടുതി. 33 വീടുകൾ ഭാഗികമായി തകർന്നു. 5 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. പുനൂർ പുഴ കരകവിഞ്ഞ് ഒഴുക്കുകയാണ്.
പെരുവണ്ണാമുഴി ഡാമിൻ്റെ 4 ഷട്ടറുകൾ തുറന്നു. കക്കയം ഡാമിലും നിരൊഴുക്കേറിയിട്ടുണ്ട്.