രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ഇന്നു തുടക്കം. കന്യാകുമാരിയില്‍ ഇന്നു വൈകുന്നേരം അഞ്ചിന് യാത്ര ഉദ്ഘാടനം ചെയ്യും. രാജീവ്ഗാന്ധി വീരമൃത്യു വരിച്ച തമിഴ്നാട്ടിലെ ശ്രീപെരുമ്പുത്തൂരില്‍ രാവിലെ പ്രാര്‍ത്ഥനയ്ക്കുശേഷമാണ് രാഹുല്‍ തിരുവനന്തപുരം വഴി കന്യാകുമാരിയില്‍ എത്തുക. 12 സംസ്ഥാനങ്ങളിലൂടെ 3,570 കിലോമീറ്റര്‍ നടന്ന് 150 ാം ദിവസം യാത്ര ജമ്മു കാഷ്മീരില്‍ സമാപിക്കും. യാത്രയില്‍ രാഹുല്‍ഗാന്ധിക്കൊപ്പം 117 സ്ഥിരാംഗങ്ങളുണ്ടാകും.
ഇന്ന് ഉത്രാടം. നാളെ തിരുവോണത്തിന്റെ ഒരുക്കങ്ങള്‍ക്കുള്ള ഉത്രാടപാച്ചില്‍ ഇന്നലെതന്നെ തുടങ്ങി. പുടവയും പച്ചക്കറിയും പൂക്കളും വാങ്ങാന്‍ ഓടുന്നവര്‍. ഓണാഘോഷത്തിനു നാടണയുന്നവരുടെ തിരക്ക് വേറെ. വാഹന ബാഹുല്യം മൂലം നഗരങ്ങളിലെല്ലാം ഗതാഗതക്കുരുക്ക്.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസില്‍ പ്രതികളായ അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കോഴിക്കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ കോടതിയിലെത്തി. ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗം കെ അരുണ്‍, രാജേഷ്, അഷിന്‍, മുഹമ്മദ് ഷബീര്‍ എന്നിവരെയാണ് ജയിലിലടച്ചത്. പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളിയതിനാല്‍ കോഴിക്കോട് നടക്കാവ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസിലെ പ്രതികള്‍ക്ക് പോലീസ് ഒത്താശ ചെയ്തെന്ന് മര്‍ദനമേറ്റ സുരക്ഷാ ജീവനക്കാര്‍. പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് അവര്‍ ഹൈക്കോടതിയെ സമീപിച്ചു.
രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫീസ് ആക്രമിച്ചതിനു നേതൃത്വം നല്‍കിയതിനു പിരിച്ചുവിട്ട എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റിയെ പുനസ്ഥാപിച്ചു. ജില്ലാ സെക്രട്ടറിയായി ജിഷ്ണു ഷാജിയും പ്രസിഡന്റായി ജോയല്‍ ജോസഫും തുടരും. പതിനൊന്നംഗ ജില്ലാ കമ്മിറ്റിയെ വീണ്ടും തെരഞ്ഞെടുത്തു. എസ്എഫ്ഐ ജില്ലാ കണ്‍വെന്‍ഷനിലാണ് തീരുമാനം.
ഹയര്‍സെക്കണ്ടറി വൊക്കേഷണല്‍ ഒന്നാം വര്‍ഷ ഏകജാലക പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.