തെരുവുനായ്ക്കള്‍ക്കു പേവിഷ പ്രതിരോധ കുത്തിവയപ് നല്‍കിത്തുടങ്ങി. വീടുകളില്‍ വളര്‍ത്തുന്ന പട്ടികള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി ജില്ലാ കളക്ടര്‍മാര്‍ ഉത്തരവു പുറപ്പെടുവിച്ചു. തെരുവുനായക്കളെ പിടികൂടി വാക്‌സിന്‍ നല്‍കുന്നതിനു പത്തു ലക്ഷം വാക്‌സിന്‍ എത്തിച്ചു. സംസ്ഥാനത്ത് മൂന്നു ലക്ഷം തെരുവു നായ്ക്കളുണ്ടെന്ന് ഏകദേശ കണക്കു മാത്രമേ സര്‍ക്കാരിനുള്ളൂ. തെരുവുനായ് ശല്യം കൂടുതലുള്ള ഹോട്‌സ്‌പോട്ടുകള്‍ കണ്ടെത്തിവരികയാണ്. കഴിഞ്ഞ വര്‍ഷം 2.34 ലക്ഷം പേരെയാണു തെരുവു നായ കടിച്ചത്. ഈ വര്‍ഷം എട്ടു മാസം പിന്നിട്ടപ്പോഴേക്കും കടിയേറ്റത് 1.84 ലക്ഷം പേര്‍ക്കാണ്.
കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കാന്‍ എഐസിസി അധ്യക്ഷ സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തുന്ന പ്രമേയം കെപിസിസി പാസാക്കി. രമേശ് ചെന്നിത്തല അവതരിപ്പിച്ച പ്രമേയത്തെ വി.ഡി സതീശന്‍, കെ മുരളീധരന്‍, എം എം ഹസന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ സി ജോസഫ് എന്നിവര്‍ പിന്താങ്ങി. എഐസിസി അംഗങ്ങളെയും സോണിയാഗാന്ധി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. മത്സരം ഇല്ലാതെ കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായി തുടരാനാണു ധാരണ.
നിയമസഭ പാസാക്കിയ ലോകായുക്ത നിയമഭേദഗതി ബില്ലും സര്‍വകലാശാലാ നിയമഭേദഗതി ബില്ലും അടക്കമള്ളവ ഗവര്‍ണറുടെ അംഗീകാരത്തിനായി രാജ്ഭവനിലെത്തി. 18 ന് തലസ്ഥാനത്ത് തിരിച്ചെത്തുന്ന ഗവര്‍ണര്‍ ബില്ലുകളില്‍ എന്തു തീരുമാനമെടുക്കുമെന്ന ആകാംക്ഷയിലാണു കേരളം.
താന്‍ റബര്‍ സ്റ്റാമ്പല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമവും ഭരണഘടനയും കീഴ് വഴക്കങ്ങളും പാലിച്ചുമാത്രമേ ബില്ലുകള്‍ ഒപ്പിടൂവെന്നും അദ്ദേഹം വ്യക്തമാക്കി. വിശദമായ പരിശോധന നടത്തുമെന്ന് ഗവര്‍ണര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്.
ആലുവ പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരനു പരിക്ക്. 22 ദിവസംമുമ്പ് പത്തു ലക്ഷം രൂപ മുടക്കി കുഴിയടച്ച റോഡാണിത്. എന്നാല്‍ ഈ റോഡിനു താല്‍കാലിക പാച്ച് വര്‍ക്ക് മതിയാവില്ലെന്നു മരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. റോഡിന് 24 മീറ്റര്‍ വീതി വേണമെന്ന കിഫ്ബി നിര്‍ദേശം അംഗീകരിക്കാതെ 16 മീറ്റര്‍ മതിയെന്ന നാട്ടുകാരുടെ നിലപാട് അംഗീകരിക്കാനാവാത്തതിനാലാണ് റോഡിന്റെ പണി അനിശ്ചിതാവസ്ഥയിലായതെന്നും മന്ത്രി.
ആലുവ- പെരുമ്പാവൂര്‍ റോഡിലെ അപകടകുഴികളില്‍ കരാറുകാരനെയും ഉദ്യോഗസ്ഥരെയും കുറ്റപ്പെടുത്താതെ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട്. റോഡില്‍ പത്തിലേറെ സ്ഥലത്ത് കുഴികളുണ്ടെന്നും കരാര്‍ പ്രകാരമുള്ള 11.7 കിലോ മീറ്റര്‍ ജോലി മുഴുവന്‍ പൂര്‍ത്തിയാക്കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റോഡില്‍ ഇനി രണ്ടര കിലോ മീറ്ററിലെ അറ്റക്കുറ്റപ്പണി ബാക്കിയുണ്ട്. ജോലി പൂര്‍ത്തിയാകാത്തതിനാല്‍ ബില്ലുകള്‍ നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആക്രമണ കേസില്‍ പുതിയ വകുപ്പ് കൂടി ഉള്‍പ്പെടുത്തി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പ്രതികളുടെ ജാമ്യാപേക്ഷയില്‍ നാളെ കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി വിധി പറയും. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം അരുണ്‍ അടക്കം അഞ്ചു പേരാണ് ജാമ്യപേക്ഷ നല്‍കിയത്. പ്രതികള്‍ സമൂഹത്തിന് നന്മ ചെയ്യുന്നവരാണെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ പ്രതികളില്‍ നിന്നു ഭീഷണിയുണ്ടെന്നാണു സെക്യൂരിറ്റി ജീവനക്കാരുടെ വാദം.
അട്ടപ്പാടി മധു കൊലക്കേസില്‍ കൂറുമാറിയ ഇരുപത്തൊമ്പതാം സാക്ഷി സുനില്‍കുമാറിന്റെ നേത്ര പരിശോധനാ ഫലം ഇന്ന് കോടതിയില്‍ ഹാജരാക്കും. മധുവും സുനിലും പ്രതികളും ഉള്‍ക്കൊള്ളുന്ന ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍, ഒന്നും കാണുന്നില്ലെന്ന് സുനില്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് കോടതി ഉത്തരവനുസരിച്ച് ഇയാളുടെ കാഴ്ച ശക്തി പരിശോധിച്ചു. കാഴ്ചശേഷിയുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
അക്രമകാരികളായ തെരുവ് നായകളെ കൊന്നൊടുക്കാന്‍ അനുമതി തേടി കൊല്ലം ജില്ലാ പഞ്ചായത്ത് ഹൈക്കോടതിയെ സമീപിച്ചു. പേ പിടിച്ചതും ആക്രമകാരികളുമായ തെരുവുനായ്ക്കളെ ദയാവധം നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.