മഗ്‌നീഷ്യവും സിങ്കും നിറയെ ആന്റിഓക്‌സിഡന്റുകളും അടങ്ങിയ മത്തങ്ങ വിത്തുകള്‍ ഹൃദയാരോഗ്യത്തെ സംരക്ഷിക്കാന്‍ മികച്ചൊരു ഓപ്ഷനാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതില്‍ അടങ്ങിയ മഗ്‌നീഷ്യം ഉയര്‍ന്ന രക്തസമ്മര്‍ദത്തെ കുറയ്ക്കാനും ഹൃദയമിടിപ്പ് ക്രമീകരിക്കാനും സഹായിക്കും. ചീത്ത കൊളസ്‌ട്രോളിനെ കുറച്ചുകൊണ്ട് ആരോഗ്യകരമായ കൊളസ്‌ട്രോള്‍ നിലനിര്‍ത്താനും പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും ഇതില്‍ അടങ്ങിയ സിങ്ക് സഹായിക്കും. കൂടാതെ ആന്റിഓക്സിഡന്റുകളും ആരോഗ്യകരമായ കൊഴുപ്പും ശരീരവീക്കം കുറച്ച്, രക്തക്കുഴലുകള്‍ തകരാറിലാകുന്നത് തടയാനും സഹായിക്കുന്നതാണ്. മാഗ്നീഷ്യം, പ്രോട്ടീന്‍, സിങ്ക്, അയേണ്‍, പൊട്ടാസ്യം തുടങ്ങിയ നിരവധി പോഷകങ്ങളുടെ കലവറയാണ് മത്തങ്ങ വിത്തുകള്‍. ഇതില്‍ അടങ്ങിയ പ്രോട്ടീനും നാരുകളും കൊഴുപ്പും രക്തത്തിലെ പഞ്ചസാരയുടെ അളവു സ്ഥിരമായി നിലനിര്‍ത്തുകയും ഹൃദയത്തിലെ ആയാസം കുറയ്ക്കുകയും ചെയ്യുന്നു. പോഷകഗുണങ്ങള്‍ നിരവധി ഉണ്ടെന്ന് പറയുമ്പോഴും മിതത്വം പാലിക്കുക എന്നത് പ്രധാനമാണ്. സോഡിയത്തിന്റെ അളവു കൂടുതല്‍ സ്വീകരിക്കുന്നുണ്ടെങ്കില്‍ മത്തങ്ങ വിത്തുകള്‍ ഒഴിവാക്കണം. ദഹനപ്രശ്‌നമുള്ളപ്പോഴും മത്തങ്ങ വിത്തുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. നട്‌സിനോടും വിത്തുകളോടും അലര്‍ജി ഉള്ളവര്‍ മത്തങ്ങ വിത്തുകള്‍ കഴിക്കുമ്പോള്‍ സൂക്ഷിക്കണം. മത്തങ്ങ വിത്തുകള്‍ക്ക് കലോറി കൂടുതലാണ്. അവ അമിതമായി കഴിക്കുന്നത് ശരീരഭാരം വര്‍ധിപ്പിക്കാന്‍ കാരണമാകും. കുറഞ്ഞ രക്തസമ്മര്‍ദം ഉള്ളവരിലും രക്തം കട്ടിയാക്കല്‍ മരുന്നുകള്‍ കഴിക്കുന്നവരിലും മത്തങ്ങ വിത്തുകള്‍ വിപരീതഫലം ഉണ്ടാക്കിയേക്കാം.
ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ മത്തങ്ങ വിത്തുകള്‍
