അവശ്യ പോഷകങ്ങളുടെ ഒരു പവര്‍ഫുള്‍ പാക്ക് ആണ് മത്തങ്ങ വിത്തുകള്‍. വിറ്റാമിന്‍ സി, മഗ്നീഷ്യം, പ്രോട്ടീന്‍, സിങ്ക്, അയേണ്‍, പൊട്ടാസ്യം, ആരോഗ്യകരമായ കൊഴുപ്പുകളും ആന്റി-ഓക്സിഡന്റുകളും നാരുകളും ധാരാളം മത്തങ്ങ വിത്തില്‍ അടങ്ങിയിട്ടുണ്ട്. ഉറക്കമില്ലായ്മ പരിഹരിക്കുന്നതിന് മത്തങ്ങ വിത്തുകള്‍ മികച്ചതാണ്. ഇതില്‍ അടങ്ങിയ ട്രിപ്റ്റോഫാന്‍ എന്ന സംയുക്തം ശാരീരികമായും മാനസികമായും വിശ്രമം നല്കുന്നു. രാത്രി നല്ല ഉറക്കം ഉണ്ടാകാനും ഇത് നല്ലതാണ്. കൂടാതെ മെലാറ്റോണിന്‍ ഉത്പാദനം വര്‍ധിപ്പിക്കാനും സഹായിക്കുന്നു. മത്തങ്ങ വിത്തുകള്‍ക്ക് കലോറി കുറവും ഉയര്‍ന്ന അളവില്‍ നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് ദീര്‍ഘനേരം വയറിന് സംതൃപി നല്‍കുകയും വിശപ്പ് നിയന്ത്രിക്കുകയും ചെയ്യുന്നു. മത്തങ്ങ വിത്തുകളില്‍ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും. ആന്റി ഓക്സിഡന്റുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ മത്തങ്ങ വിത്തുകള്‍ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും നല്ലതാണ്. രോഗപ്രതിരോധശേഷി കൂട്ടാന്‍ ഇതിലെ വിറ്റാമിന്‍ സി, ഇ, സിങ്ക്, ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയവ സഹായിക്കുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും മത്തന്‍ വിത്തുകള്‍ കഴിക്കുന്നത് നല്ലതാണ്. ഇതിലെ സിങ്ക്, മഗ്നീഷ്യം, ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയവയാണ് ഇതിന് സഹായിക്കുന്നത്. നാരുകള്‍ ധാരാളം അടങ്ങിയ മത്തങ്ങ വിത്തുകള്‍ ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഗുണം ചെയ്യും.