പ്രമുഖ നിക്ഷേപ സേവനസ്ഥാപനമായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് നടപ്പുവര്‍ഷത്തെ (2023-24) സെപ്റ്റംബര്‍ പാദത്തില്‍ 57.68 ശതമാനം വളര്‍ച്ചയോടെ 37 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ സമാനപാദ ലാഭം 24 കോടി രൂപയായിരുന്നു.മൊത്ത വരുമാനം 112 കോടി രൂപയില്‍ നിന്ന് 29.69 ശതമാനം ഉയര്‍ന്ന് 146 കോടി രൂപയുമായി. നടപ്പുവര്‍ഷത്തെ ആദ്യപാദമായ ഏപ്രില്‍-ജൂണിലെ 116 കോടി രൂപയേക്കാള്‍ 25.46 ശതമാനം അധികമാണ് കഴിഞ്ഞപാദ വരുമാനം. ലാഭം ജൂണ്‍പാദത്തിലെ 22 കോടി രൂപയില്‍ നിന്ന് 69.75 ശതമാനവും വര്‍ധിച്ചു. ജിയോജിത്തിന്റെ കഴിഞ്ഞപാദ വരുമാനത്തില്‍ 92.60 കോടി രൂപയും ഓഹരി, ഓഹരി അധിഷ്ഠിത വിഭാഗത്തില്‍ നിന്നാണ്. മ്യൂച്വല്‍ഫണ്ടുകളും ഇന്‍ഷ്വറന്‍സും ഉള്‍പ്പെടുന്ന ധനകാര്യ ഉത്പന്ന വിതരണ വിഭാഗത്തില്‍ നിന്ന് 31.19 കോടി രൂപയും സോഫ്റ്റ് വെയര്‍ വിഭാഗത്തില്‍ നിന്ന് 2.35 കോടി രൂപയും ലഭിച്ചു. നികുതി, പലിശ തുടങ്ങിയ ബാധ്യതകള്‍ക്ക് ശേഷമുള്ള ലാഭം സെപ്റ്റംബര്‍പാദത്തില്‍ 60 കോടി രൂപയാണ്. കഴിഞ്ഞവര്‍ഷത്തെ സമാനപാദത്തില്‍ ഇത് 41 കോടി രൂപയായിരുന്നു. സെപ്റ്റംബര്‍ 30ലെ കണക്കുപ്രകാരം 79,240 കോടി രൂപയുടെ ആസ്തികളാണ് ജിയോജിത് കൈകാര്യം ചെയ്യുന്നത്. 13.3 ലക്ഷം ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്.