പ്രിയാമണിയുടെ യാത്രകള്‍ക്ക് ഇനി കൂട്ടാകുന്നത് മെഴ്സിഡീസിന്റെ അത്യാഡംബരം. ജവാനിലൂടെ ഷാരൂഖിനൊപ്പം ബോളിവുഡില്‍ മിന്നുന്ന പ്രകടനം കാഴ്ച വച്ച താരസുന്ദരിയുടെ ഗാരിജിലെത്തിയ പുതിയ അതിഥി മെഴ്സിഡീസ് ബെന്‍സ് ജി എല്‍ സി ആണ്. രണ്ടു മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ പെട്രോള്‍ മോഡലിന് 74.20 ലക്ഷം രൂപയും ഡീസല്‍ മോഡലിന് 75.20 ലക്ഷം രൂപയുമാണ് വില. മെഴ്സിഡീസിന്റെ വിതരണക്കാരായ ഓട്ടോഹാങ്ങറിന്റെ മുംബൈ ഡീലര്‍ഷിപ്പില്‍ നിന്നാണ് പ്രിയാമണി വാഹനം സ്വന്തമാക്കിയത്. ആഡംബര എസ് യു വി യുടെ ഡെലിവറി സ്വീകരിക്കുന്ന ചിത്രവും ഓട്ടോഹാങ്ങര്‍ പുറത്തു വിട്ടിരുന്നു. പോളാര്‍ വൈറ്റ് നിറത്തിലുള്ള ബെന്‍സ് എസ്‌യുവിയാണ് താരം തിരിഞ്ഞെടുത്തത്. വേരിയന്റ് ഏതാണെന്നു വ്യക്തമല്ല. ആഡംബരം, സുരക്ഷ അതിനൊപ്പം തന്നെ പെര്‍ഫോമന്‍സിലും മുമ്പിലാണ് ഈ കരുത്തന്‍. രണ്ടു ലീറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളാണ് വാഹനത്തിന്. ഡീസല്‍ എന്‍ജിന്‍ മോഡലിന് 197 എച്ച്പി കരുത്തും 440 എന്‍എം ടോര്‍ക്കുമുണ്ട്. വേഗം 100 കടക്കാന്‍ 8 സെക്കന്‍ഡ് മാത്രം മതി ഈ കരുത്തന്. പെട്രോള്‍ മോഡലിന് 258 എച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കുമുണ്ട്. വേഗം നൂറ് കടക്കാന്‍ വേണ്ടത് 6.2 സെക്കന്‍ഡ് മാത്രം.