az 2

പൃഥ്വിരാജിനെ നായകനാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത തീര്‍പ്പിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. ചിത്രത്തിന്റെ പശ്ചാത്തലം അനാവരണം ചെയ്യാതെ സസ്‌പെന്‍സ് നിലനിര്‍ത്തിയുള്ളതാണ് 2.41 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍. കമ്മാര സംഭവത്തിനു ശേഷം രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. മുരളി ഗോപി രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ അദ്ദേഹം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നതും മുരളി ഗോപിയാണ്. ഇന്ദ്രജിത്ത് സുകുമാരന്‍, ഇഷ തല്‍വാര്‍, സൈജു കുറുപ്പ്, ലുക്മാന്‍ അവറാന്‍, മാമുക്കോയ, ഹന്ന റെജി കോശി തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുരളി ഗോപി ആദ്യമായി നിര്‍മ്മാണ മേഖലയിലേക്ക് ചുവചുവെക്കുന്ന ചിത്രം കൂടിയാണിത്.

ഇന്ദിരാഗാന്ധിയുടെ മേക്ക് ഓവറില്‍ ആരാധകരെ അമ്പരപ്പിച്ച് മഞ്ജുവാരിയര്‍. ചര്‍ക്കയില്‍ നൂല്‍നൂറ്റ് സൗബിന്‍ ഷാഹിര്‍. സ്വാതന്ത്ര്യദിന ആശംസയുമായി എത്തിയ ‘വെള്ളരിപട്ടണ’ത്തിന്റെ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറി. ചിത്രം സെപ്റ്റംബറില്‍ പ്രദര്‍ശനത്തിനെത്തുമെന്നും പോസ്റ്ററില്‍ പറയുന്നു. ‘രാഷ്ട്രീയം പറയാന്‍ സ്വാതന്ത്ര്യം കിട്ടിയിട്ട് 75വര്‍ഷം’ എന്നതാണ് പോസ്റ്ററിലെ വാചകം. ചിത്രം കുടുംബപശ്ചാത്തലത്തിലുള്ള പൊളിറ്റിക്കല്‍ സറ്റയര്‍ ആണെന്ന സൂചന നല്‍കുന്നതായിരുന്നു നേരത്തെ പുറത്തിറങ്ങിയ ടീസറുകളും ക്യാരക്ടര്‍ റീലുകളും. ‘വെള്ളരിപട്ടണ’ത്തിന്റെ രചന മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ്. സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍,കോട്ടയം രമേശ്, മാലപാര്‍വതി, വീണനായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് ‘വെള്ളരിപട്ടണ’ത്തിലെ പ്രധാന അഭിനേതാക്കള്‍.

രാജ്യത്തെ 12 പൊതുമേഖലാ ബാങ്കുകളും ചേര്‍ന്ന് കഴിഞ്ഞപാദത്തില്‍ (ഏപ്രില്‍-ജൂണ്‍) കുറിച്ചത് 9.2 ശതമാനം വര്‍ദ്ധനയോടെ 15,306 കോടി രൂപ ലാഭം. ഏറ്റവും വലിയ ബാങ്കുകളായ എസ്.ബി.ഐയും പഞ്ചാബ് നാഷണല്‍ ബാങ്കും (പി.എന്‍.ബി) നിരാശപ്പെടുത്തിയെങ്കിലും ബാങ്കുകളുടെ മൊത്തം പ്രകടനത്തെ ബാധിച്ചില്ല. 2021-22ലെ സമാനപാദത്തില്‍ പൊതുമേഖലാ ബാങ്കുകളുടെ സംയുക്തലാഭം 14,013 കോടി രൂപയായിരുന്നു. 9 പൊതുമേഖലാ ബാങ്കുകളുടെ ലാഭവര്‍ദ്ധന മൂന്നുമുതല്‍ 117 ശതമാനം വരെയാണ്. എസ്.ബി.ഐയും പി.എന്‍.ബിയും 7-70 ശതമാനം റേഞ്ചില്‍ ലാഭയിടിവ് രേഖപ്പെടുത്തി. പൂനെ ആസ്ഥാനമായ ബാങ്ക് ഒഫ് മഹാരാഷ്ട്രയാണ് ലാഭത്തില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയത്; 208 കോടി രൂപയില്‍ നിന്ന് 452 കോടി രൂപയായി ലാഭം വളര്‍ന്നു; വര്‍ദ്ധന 117 ശതമാനം. ബാങ്ക് ഒഫ് ബറോഡയുടെ ലാഭം 1,209 കോടി രൂപയില്‍ നിന്ന് 79 ശതമാനം ഉയര്‍ന്ന് 2,168 കോടി രൂപയായി. പൊതുമേഖലാ ബാങ്കുകളുടെ സംയുക്തലാഭത്തില്‍ 40 ശതമാനവും എസ്.ബി.ഐയുടെ സംഭാവനയാണ്; 6,068 കോടി രൂപ.

ജാപ്പനീസ് വാഹന ബ്രാന്‍ഡായ ഹോണ്ട നാലാം തലമുറ ഹോണ്ട ജാസിനെ ജപ്പാനില്‍ അവതരിപ്പിച്ചു. ജപ്പാനില്‍ ഫിറ്റ് എന്ന് പേരിട്ടിരിക്കുന്ന ഹാച്ച്ബാക്ക് അഞ്ച് ട്രിം ലെവലുകളില്‍ വാഗ്ദാനം ചെയ്യും. അതേസമയം മുമ്പത്തെ നെസ് നിര്‍ത്തലാക്കും. ബേസിക്, ഹോം, ലക്‌സ്, ക്രോസ്-സ്റ്റാര്‍ എന്നിവയാണ് നിലവിലുള്ള ഡിസൈനുകള്‍. നെസ്സിന് പകരം ഒരു പുതിയ ആര്‍എസ് ഓപ്ഷന്‍ വാഹനത്തിന് ലഭിക്കും. ഓരോ പതിപ്പും സ്‌റ്റൈലിസ്റ്റിക് വശങ്ങള്‍ വേര്‍തിരിക്കുന്നു. ആര്‍എസ് കായികതയ്ക്ക് ഊന്നല്‍ നല്‍കുന്നു. പുതിയ ഫിറ്റിന്റെ ബേസിക്, ഹോം, ലക്സ് എന്നീ മൂന്ന് വകഭേദങ്ങള്‍ക്കും ഒരു പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ബമ്പര്‍ ലഭിക്കുന്നു.

‘ഇന്ത്യന്‍ ദേശീയതയുടെ സാമൂഹ്യ പശ്ചാത്തലം’ എന്ന ഗ്രന്ഥം സുപ്രസിദ്ധ സാമൂഹിക ശാസ്ത്രജ്ഞനും ബോംബെ സര്‍വകലാശാലയിലെ സാമൂഹികശാസ്ത്രവകുപ്പ് അധ്യക്ഷനുമായിരുന്നു ഡോ. എ ആര്‍ ദേശായ് എഴുതിയ സോഷ്യല്‍ ബാക്ക്ഗ്രൗണ്ട് ഓഫ് ഇന്ത്യന്‍ നാഷണലിസം എന്ന പുസ്തകത്തിന്റെ പരിഭാഷയാണ്. ഇംഗ്ലീഷില്‍നിന്ന് ഈ പുസ്തകം പരിഭാഷപ്പെടുത്തിയത് അധ്യാപകനായ ശ്രീകുമാരന്‍ ഉണ്ണിയാണ്. കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്. വില 380 രൂപ.

പ്രമേഹരോഗം പലപ്പോഴും തിരിച്ചറിയാന്‍ വൈകുന്നത് കാര്യമായ സങ്കീര്‍ണതകളിലേക്ക് തന്നെ നയിക്കാം. എന്നാല്‍ ചില ലക്ഷണങ്ങളിലൂടെ പ്രമേഹരോഗത്തെ തിരിച്ചറിയാന്‍ നമുക്ക് സാധിക്കും. അത്തരത്തില്‍ പ്രമേഹത്തിന്റെ ഭാഗമായി കാലുകളിലും പാദങ്ങളിലുമായി കണ്ടേക്കാവുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ‘ഡയബെറ്റിക് ന്യൂറോപതി’ എന്നൊരു അവസ്ഥയുണ്ട്. പ്രമേഹരോഗികളില്‍ നാഡികളില്‍ സംഭവിക്കുന്ന കേടുപാടാണിത്. പ്രധാനമായും കാലിലും പാദങ്ങളിലുമാണിത് കാണപ്പെടുന്നത്. കാലിലോ പാദങ്ങളിലോ വേദന, മരവിപ്പ് എന്നിവയാണീ അവസ്ഥയില്‍ അനുഭവപ്പെടുക. പ്രമേഹരോഗികളില്‍ കാലില്‍ വ്രണമുണ്ടാകുന്ന അവസ്ഥയെ കുറിച്ച് മിക്കവര്‍ക്കും അറിയാം. അധികവും കാല്‍വെള്ളയിലാണ് ഇത്തരത്തില്‍ പ്രമേഹത്തിന്റെ ഭാഗമായി വ്രണമുണ്ടാകുന്നത്. ഗുരുതരമാകുന്ന സാഹചര്യങ്ങളില്‍ ഈ വ്രണം ഉണങ്ങാതെ വിരലുകളോ പാദമോ കാലോ തന്നെ മുറിച്ചുമാറ്റേണ്ട അവസ്ഥയുമുണ്ടാകം. ‘അത്‌ലറ്റ്‌സ് ഫൂട്ട്‌സ്’ എന്നറിയപ്പെടുന്നൊരു അണുബാധയുണ്ട്. ഒരിനം ഫംഗല്‍ അണുബാധയാണിത്. പാദത്തിലും വിരലുകള്‍ക്കിടയിലുമെല്ലാം ചൊറിച്ചില്‍, ചുവപ്പുനിറം, വിള്ളല്‍ എന്നിവയെല്ലാം കാണുന്നതാണ് ഇതിന്റെ ലക്ഷണങ്ങള്‍. ഇതിന്റെ സൂചനയായി കാലില്‍ തന്നെ അരിമ്പാറയും ഉണ്ടാകാം. പ്രമേഹരോഗികളില്‍ ചില സന്ദര്‍ഭങ്ങളില്‍ നഖങ്ങളിലും ഇതിന്റെ സൂചനയുണ്ടാകാം. ‘ഒണിക്കോമൈക്കോസിസ്’ എന്നാണിത് അറിയപ്പെടുന്നത്. അധികവും തള്ളവിരലിനെയാണിത് ബാധിക്കുക. മറ്റ് വിരലുകളിലെ നഖങ്ങളെയും ബാധിക്കാം. മഞ്ഞയോ ബ്രൗണ്‍ നിറമോ നഖങ്ങളില്‍ പടരുന്നതാണ് സൂചന.
രക്തയോട്ടം നിലയ്ക്കുന്നതിന്റെ ഭാഗമായി കോശങ്ങള്‍ കേടുവരികയും ആ ഭാഗം തന്നെ നശിച്ചപോവുകയും ചെയ്യുന്നതും പ്രമേഹത്തില്‍ കാണാം. ഇതും കാലുകളെയാണ് അധികവും ബാധിക്കുക. ശ്രദ്ധിച്ചില്ലെങ്കില്‍ വിരലുകളോ പാദമോ തന്നെ മുറിച്ചുകളയേണ്ട അവസ്ഥയും ഇതുമൂലം ഉണ്ടാകാം. പ്രമേഹരോഗികളില്‍ പ്രമേഹം കാലിലെ പേശികളെയും മോശമായി ബാധിക്കം. ഇതിന്റെ ഭാഗമായി കാലിന്റെ ആകൃതിയില്‍ തന്നെ വ്യത്യാസം വരാം.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 79.58, പൗണ്ട് – 96.35, യൂറോ – 81.43, സ്വിസ് ഫ്രാങ്ക് – 84.31, ഓസ്ട്രേലിയന്‍ ഡോളര്‍ – 56.23, ബഹറിന്‍ ദിനാര്‍ – 211.14, കുവൈത്ത് ദിനാര്‍ -259.51, ഒമാനി റിയാല്‍ – 206.98, സൗദി റിയാല്‍ – 21.20, യു.എ.ഇ ദിര്‍ഹം – 21.67, ഖത്തര്‍ റിയാല്‍ – 21.86, കനേഡിയന്‍ ഡോളര്‍ – 61.94.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *