കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരില്‍ വരെ പ്രീഡയബെറ്റിസ് എന്ന അവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഭാവിയില്‍ ഡയബറ്റിസ് രോഗിയാവാനുള്ള സാധ്യത ഇവരില്‍ കൂടുതലായിരിക്കും. ഇത്തരക്കാര്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ മനസിലാക്കി ഉടന്‍ തന്നെ ഡോക്ടറെ സമീപിച്ച് ശരീരത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കണം. നേരത്തെ നിയന്ത്രിച്ചാല്‍ നിങ്ങള്‍ക്ക് നീണ്ടകാല ഡയബറ്റിസ് രോഗാവസ്ഥയില്‍ നിന്നും രക്ഷപ്പെടുകയും ചെയ്യാം. ‘പ്രീഡയബറ്റിസ്’ അവസ്ഥയില്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നതിനാല്‍ പഞ്ചസാര മൂത്രത്തിലൂടെ പുറന്തള്ളാന്‍ ശരീരം ശ്രമിക്കും. ഇതാണ് ശരീരത്തില്‍ ജലാംശം കുറയുന്നതിലേക്ക് നയിക്കുന്നത്. ഇങ്ങനെ വരുമ്പോള്‍ കൂടെക്കൂടെ ദാഹം തോന്നുകയും മൂത്രശങ്കയുണ്ടാവുകയും ചെയ്യും. നമ്മള് കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നുമാണ് ഗ്ലൂക്കോസിന്റെ അളവ് കൂടുതലായും ശരീരത്തില്‍ ഉണ്ടാവുന്നത്. പാന്‍ക്രിയാസ് ഉല്പാദിപ്പിക്കുന്ന ഇന്‍സുലിന്‍ ആണ് ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത്. എന്നാല്‍ ഈ പ്രവര്‍ത്തനം നന്നായി നടക്കാതെ വരുമ്പോഴാണ് പ്രീഡയബറ്റിസ് എന്ന അവസ്ഥ ഉണ്ടാകുന്നത്. അത് ഭാവിയില്‍ ടൈപ്പ് 2 ഡയബറ്റിസ് ആയി മാറുകയും ചെയ്യുന്നു. ദാഹം, മൂത്രാശങ്ക, കഠിനമായ വിശപ്പ്, തൊണ്ട വരള്‍ച്ച, കാഴ്ച മങ്ങല്‍, നിരന്തരമായി ഉണ്ടാകുന്ന അണുബാധ, മുറിവുണ്ടായാല്‍ ഉണങ്ങാന്‍ താമസം, ശരീരഭാരം കുറയുക എന്നിവയൊക്കെ പ്രീഡയബെറ്റിസിന്റെ ലക്ഷണങ്ങളാണ്. ആരോഗ്യകരമായ ജീവിത ശൈലി നയിക്കുന്നതിലൂടെ പ്രീഡയബറ്റിസ് എന്ന അവസ്ഥയെയും അതിലൂടെ ഡയബറ്റിന്റെ സാധ്യതയെയും മറികടക്കാന്‍ സാധിക്കും. അതു ഒരു പക്ഷേ പാരമ്പര്യമായുള്ളതാണങ്കില്‍ പോലും. പോഷക ഗുണമുള്ള ഭക്ഷണം കഴിക്കുക, വ്യായാമം ചെയ്യുക, അമിതവണ്ണം ഒഴിവാക്കുക, രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും നിയന്ത്രിച്ചു നിര്‍ത്തുക, പുകവലി ഒഴിവാക്കുക.