എന്‍ഐഎ അറസ്റ്റ് ചെയ്ത പതിനൊന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെയും കൊച്ചി എന്‍ഐഎ കോടതി ഈ മാസം 20 വരെ റിമാന്‍ഡ് ചെയ്തു. പ്രതികളെ കാക്കനാട് ജയിലിലേക്കു കൊണ്ടുപോകും. പ്രതികളെ വിയ്യൂരിലെ അതീവ സുരക്ഷ ജയിലിലേക്ക് മാറ്റണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന ശശി തരൂര്‍ എംപിയുടെ തെരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ ഇന്ത്യയുടെ ഭൂപടത്തില്‍ പിഴവ്. ജമ്മു കാഷ്മീരിന്റെ ഒരു ഭാഗം ഇല്ലാത്ത ചിത്രമാണ് പ്രകടനപത്രികയില്‍ ചേര്‍ത്തതെന്നാണ് ആരോപണം. ഭൂപടം തിരുത്തിയതായി ശശി തരൂരിന്റെ ഓഫീസ് അറിയിച്ചു
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനു മൂന്നു സ്ഥാനാര്‍ത്ഥികള്‍. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, ശശി തരൂര്‍ എംപി, ജാര്‍ഖണ്ഡില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് കെ.എന്‍.ത്രിപാഠി എന്നിവരാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. നെഹ്റു കുടുംബത്തിന്റേയും ഹൈക്കമാന്‍ഡിന്റേയും ജി 23 വിമത ഗ്രൂപ്പിന്റേയും പിന്തുണയോടെയാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേ മല്‍സരിക്കുന്നത്. മല്‍സരിക്കാനിരുന്ന മനീഷ് തീവാരിയും ഖാര്‍ഗെയെ പിന്തുണച്ചു. പ്രവര്‍ത്തകര്‍ക്കൊപ്പം വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ശശി തരൂര്‍ പത്രിക സമര്‍പ്പിക്കാന്‍ എഐസിസി ആസ്ഥാനത്ത് എത്തിയത്. പാര്‍ട്ടി കീഴ്ഘടകങ്ങളെ ശക്തിപ്പെടുത്തുമെന്നും യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും പാര്‍ട്ടിയില്‍ പങ്കാളിത്തം ഉറപ്പാക്കുമെന്നും ശശി തരൂര്‍ പ്രകടനപത്രികയില്‍ പറയുന്നു.
പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പിഎഫ്ഐയുടെ ആസ്ഥാനം ഉള്‍പെടെയുള്ള ഓഫീസുകള്‍ പൂട്ടി സീല്‍ ചെയ്തു. എന്‍ഐഎയുടെ നേതൃത്വത്തിലായിരുന്നു കോഴിക്കോട്ടെ മീഞ്ചന്തയിലുള്ള സംസ്ഥാന സമിതി ഓഫീസായ യൂണിറ്റി സെന്റര്‍ സീല്‍ ചെയ്തത്. പിഎഫ്ഐക്കൊപ്പം നിരോധിച്ച ക്യാംപസ് ഫ്രണ്ട് ഉള്‍പ്പെടെയുളള പോഷക സംഘടനകയുടെ ഓഫീസുകളും സീല്‍ ചെയ്തു. വടകര, നാദാപുരം, തണ്ണീര്‍പന്തല്‍, കുറ്റ്യാടി എന്നിവിടങ്ങളിലെ ഓഫീസികളും പൂട്ടി നോട്ടീസ് പതിപ്പിച്ചു. തിരുവനന്തപുരം മണക്കാട്, കൊല്ലം അഞ്ചല്‍, ഇടുക്കി തൂക്കുപാലം, കണ്ണൂര്‍ താണ, കാസര്‍കോട്, പന്തളം, കാസര്‍കോട് പെരുമ്പളക്കടവ്, തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ്, ചാവക്കാട് മണത്തല യൂണിറ്റി സെന്റര്‍ എന്നിവയും പൂട്ടി.
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അക്രമങ്ങള്‍ക്ക് ഇന്നലെ 45 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2242 ആയി. ഇതുവരെ 355 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ ആനുകൂല്യം മരവിപ്പിച്ച ഉത്തരവ് നീട്ടി. ലീവ് സറണ്ടര്‍ ചെയ്ത് പണം കൈപ്പറ്റുന്നതിനുള്ള വിലക്ക് ഡിസംബര്‍ 31 വരെ തുടരും. സാമ്പത്തിക അവസ്ഥ കണക്കിലെടുത്താണ് തീരുമാനമെന്ന് ധനവകുപ്പ് വ്യക്തമാക്കി.
സിപിഐയില്‍ പ്രായപരിധി തര്‍ക്കമില്ലെന്നും നേതൃത്വം മുന്നോട്ടുവച്ച മാര്‍ഗനിര്‍ദേശം മാത്രമാണെന്നും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഡി രാജ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു. പ്രായപരിധി നിര്‍ദ്ദേശം സംസ്ഥാനങ്ങള്‍ ചര്‍ച്ചചെയ്തുവരികയാണ്. കേരളാ സിപിഐയിലെ വിഭാഗീയതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അദ്ദേഹം പ്രതികരിച്ചില്ല.
സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചേര്‍ന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ കാനം വിരുദ്ധ പക്ഷ നേതാക്കളായ സി. ദിവാകരനും കെ.ഇ. ഇസ്മയിലിനും വിമര്‍ശനം. പ്രായപരിധി, പദവി വിഷയങ്ങളുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ അനാവശ്യമാണെന്ന് എക്സിക്യൂട്ടീവ് വിലയിരുത്തി. ഇതേസമയം, ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ ഗവര്‍ണര്‍
ആരിഫ് മുഹമ്മദ് ഖാന്‍ തടസപ്പെടുത്തുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിമര്‍ശിച്ചു.
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സമ്മാനിച്ചു. മലയാളത്തിന് എട്ടു പുരസ്‌കാരങ്ങളാണു ലഭിച്ചത്. മികച്ച നടിക്കുള്ള പുരസ്‌കാരം അപര്‍ണ ബാലമുരളിയും മികച്ച നടനുള്ള അവാര്‍ഡ് സൂര്യയും അജയ് ദേവ്ഗണും ഏറ്റുവാങ്ങി. മികച്ച സഹനടനുള്ള പുരസ്‌കാരം ബിജു മേനോനും ഏറ്റുവാങ്ങി. സംവിധായകനുള്ള അവാര്‍ഡ് നേടിയ സച്ചിയുടെ പുരസ്‌കാരം ഭാര്യ സിജിയാണ് ഏറ്റുവാങ്ങിയത്. മികച്ച ഗായികയ്ക്കുള്ള അവാര്‍ഡ് നഞ്ചിയമ്മയും സ്വീകരിച്ചു.
അട്ടപ്പാടി മധുകൊലക്കേസിന്റെ വിചാരണയ്ക്കിടെ കോടതിയില്‍ പ്രദര്‍ശിപ്പിച്ച സിസിടിവി ദൃശ്യങ്ങള്‍ പകര്‍ത്തിയ പോലീസുകാരന് കോടതിയുടെ ശാസന. കേസിലെ സാക്ഷി സുനില്‍ കുമാറിനെതിരെ നടപടി വേണമെന്ന ഹര്‍ജി പരിഗണിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് കോടതിയില്‍ പ്രദര്‍ശിപ്പിക്കാന്‍ അഭിഭാഷകന്‍ പൊലീസുകാരന് കൈമാറി. പൊലീസ് ഉദ്യോഗസ്ഥന്‍ ലാപ്ടോപ്പിലേക്ക് പകര്‍ത്തിയ ശേഷമാണ് ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. കോപ്പി ചെയ്തതിനെ സുനിലിന്റെ വക്കീല്‍ ചോദ്യം ചെയ്തതോടെ കോടതി പൊലീസുകാരനെ ശാസിക്കുകയും ലാപ്പ് ടോപ്പ് പിടിച്ചെടുക്കുകയും ചെയ്തു.