hartal 5

നേതാക്കളെ കൂട്ടത്തോടെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് നാളെ കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍. അറസ്റ്റ്  ഭരണകൂട ഭീകരതയാണെന്നു സംസ്ഥാന കമ്മിറ്റി വിലയിരുത്തി. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ആര്‍എസ്എസ് ഫാസിസ്റ്റ് സര്‍ക്കാരിന്റെ ഭരണകൂട വേട്ടയാണെന്നും അവര്‍ ആരോപിച്ചു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

പോപ്പുലര്‍ ഫ്രണ്ടിന്റെ 165 നേതാക്കളെ എന്‍ഐഎ കസ്റ്റഡിയിലെടുത്തെങ്കിലും അറസ്റ്റു ചെയ്തത് 45 പേരെ. കേരളത്തില്‍നിന്ന് അറസ്റ്റു ചെയ്ത 19 പേരില്‍ 14 പേരെ ഡല്‍ഹിക്കു കൊണ്ടുപോയി. ബുധനാഴ്ച അര്‍ധരാത്രി കഴിഞ്ഞതോടെ 1,500 ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു എന്‍ഐഎ റെയ്ഡ്. ഒഎംഎ സലാം, ജസീര്‍ കെപി, നസറുദ്ദീന്‍ എളമരം,  മുഹമ്മദ് ബഷീര്‍,  ഷഫീര്‍ കെപി, പി അബൂബക്കര്‍, പി കോയ, ഇ എം അബ്ദുള്‍ റഹ്‌മാന്‍ തുടങ്ങി 14 പേരെയാണു ഡല്‍ഹിയിലേക്കു കൊണ്ടുപോയത്.

നാളത്തെ പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റമില്ല. കേരള സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും  മാറ്റിവച്ചു.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് യുവനേതാവ് സച്ചിന്‍ പൈലറ്റിനെ ഹൈക്കമാന്‍ഡ് പിന്തുണച്ചേക്കും. രാജസ്ഥാന്‍ മുഖ്യമന്ത്രി പദവും കോണ്‍ഗ്രസ് അധ്യക്ഷ പദവും ഒരുമിച്ച് വഹിക്കാമെന്ന ഗെലോട്ടിന്റെ നിര്‍ദേശം ഹൈക്കമാന്‍ഡ് തള്ളി. താന്‍ നിര്‍ദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കണമെന്ന ഗെലോട്ടിന്റെ ആവശ്യവും അംഗീകരിക്കില്ല. ഗെലോട്ട് സോണിയാഗാന്ധിയെ സന്ദര്‍ശിച്ചെങ്കിലും കാര്യങ്ങള്‍ അനുകൂലമാക്കനായിട്ടില്ല. ഒരാള്‍ ഒരു പദവി എന്ന ഉദയ്പൂര്‍ ചിന്തന്‍ ശിബരത്തിലെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് സോണിയ വ്യക്തമാക്കി. ഭാരത് ജോഡോ യാത്ര നയിക്കന്ന രാഹുല്‍ഗാന്ധിയും ഇതേ നിലപാട് ആവര്‍ത്തിച്ചു.
(കോണ്‍ഗ്രസ് പൊട്ടിത്തെറിക്കുമോ? https://youtu.be/a55uYTi8iic )

എല്ലാ തരം വര്‍ഗീയതയും അക്രമവും നേരിടേണ്ടതാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലെ എന്‍ഐഎ റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലുമാണ് ഇങ്ങനെ പ്രതികരിച്ചത്. ഭാരത് ജോഡോ യാത്ര തൃശൂര്‍ ജില്ലയില്‍ പ്രവേശിച്ചതിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.

ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനെ രാഷ്ട്രപിതാവെന്നു വിശേഷിപ്പിച്ച് ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ തലവന്‍ ഉമര്‍ അഹമ്മദ് ഇല്ല്യാസി. ഡല്‍ഹിയിലെ കസ്തൂര്‍ബാ ഗാന്ധി മാര്‍ഗിലുള്ള മസ്ജിദിലെത്തി ഇമാം ഓര്‍ഗനൈസേഷന്റെ മുഖ്യ പുരോഹിതനായ ഉമര്‍ അഹമ്മദ് ഇല്യാസിയുമായി മോഹന്‍ ഭാഗവത് കൂടിക്കാഴ്ച നടത്തിയിരുന്നു. ‘ക്ഷണം സ്വീകരിച്ച് എത്തിയ മോഹന്‍ ഭാഗവത് ജി രാഷ്ട്രപിതാവും രാഷ്ട്രഋഷിയുമാണ്. അദ്ദേഹത്തിന്റെ സന്ദര്‍ശനം വളരെ നല്ല സന്ദേശമാണ് നല്‍കുന്നത്. ഏറ്റവും വലിയ മതം മനുഷ്യത്വമാണ്. രാജ്യമാണ് ഏറ്റവും പ്രധാനമെന്ന് ഞങ്ങള്‍ കരുതുന്നു’. ഉമര്‍ അഹമദ് ഇല്ല്യാസി പറഞ്ഞു.

കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പിതാവിനെയും മകളെയും മര്‍ദ്ദിച്ച സംഭവം ഞെട്ടിക്കുന്നതെന്ന് ഹൈക്കോടതി.  ജീവനക്കാര്‍ യാത്രക്കാരോട് പെരുമാറുന്നത് ഇങ്ങനെയാണോയെന്നും കോടതി ചോദിച്ചു. സംഭവത്തെ കുറിച്ച് പിതാവിനോടും മകളോടും വിശദാംശങ്ങള്‍ അന്വേഷിച്ച് ഇന്നുതന്നെ റിപ്പോര്‍ട്ടു തരണമെന്ന് കോടതി കെഎസ്ആര്‍ടിസിക്കു നിര്‍ദേശം നല്‍കി.

എകെജി സെന്ററിലേക്കു പടക്കമെറിഞ്ഞിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിന്‍. ജിതിന്‍ മൂന്നു കേസുകളില്‍ പ്രതിയാണെന്ന് ക്രൈംബ്രാഞ്ച്. ഡിയോ സ്‌കൂട്ടറിലെത്തി സ്‌ഫോടക വസ്തുവെറിഞ്ഞ ശേഷം പ്രതി ഗൗരീശപട്ടത്തേക്കു പോയി. അവിടെ നിന്ന് പ്രതിയുടെ ഉടമസ്ഥതയിലുള്ള കെഎസ്ഇബിയുടെ ബോര്‍ഡുവച്ച കാറിലേക്ക് മാറി. തുടര്‍ന്ന് ഡിയോ സ്‌കൂട്ടര്‍ ഓടിച്ചത് സുഹൃത്തായ വനിതയാണെന്നും പോലീസ്. ധരിച്ചിരുന്ന ടീ ഷര്‍ട്ടാണു തിരിച്ചറിയാന്‍ സഹായിച്ചതെന്നാണ് പോലീസ് പറയുന്നത്.

ലഹരിവസ്തുക്കളുടെ ഉപയോഗം തടയാന്‍ സംസ്ഥാന അതിര്‍ത്തികളില്‍ റെയ്ഡും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസ് സ്റ്റോപ്പുകളില്‍ പട്രോളിംഗും ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് നടക്കുന്ന ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് നടത്തും. രാവിലെ 10 നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രചാരണം  ഉദ്ഘാടനം ചെയ്യും.

കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കണ്‍സഷന്‍ ടിക്കറ്റ് പുതുക്കാന്‍ എത്തിയ അച്ഛനെയും മകളെയും മര്‍ദ്ദിച്ച ജീവനക്കാരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. സ്ത്രീത്വത്തെ അപമാനിച്ചതിനു ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുണ്ടെങ്കിലും അറസ്റ്റ് വൈകുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *