ബലാല്‍സംഗക്കേസില്‍ തെളിവില്ലെന്നു കണ്ടു കുറ്റമുക്തനാക്കപ്പെട്ടയാള്‍ പതിനായിരം കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. 666 ദിവസം ജയിലില്‍ കിടന്ന ശേഷം കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കുറ്റമുക്തനാക്കപ്പെട്ട മുപ്പത്തഞ്ചുകാരനായ കാന്തിലാല്‍ ഭീല്‍ എന്നയാളാണു മധ്യപ്രദേശ് സര്‍ക്കാരിനെതിരേ കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ജയില്‍വാസം കാരണം ലൈംഗികസുഖം അടക്കം ജീവിതത്തിലെ പ്രധാന അനുഭവങ്ങളെല്ലാം നഷ്ടപ്പെട്ടതിന് നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം. കുറ്റാരോപണവും ജയില്‍വാസവും ഭാര്യയും മക്കളും പ്രായമായ അമ്മയും അടങ്ങുന്ന കുടുംബത്തെ തകര്‍ത്തു. ഭക്ഷണവും വസ്ത്രവും വാങ്ങാന്‍ പണമില്ലാതെ അവര്‍ ക്‌ളേശിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു.
ജയിലില്‍ നല്ല വസ്ത്രം ഇല്ലായിരുന്നു. ജയിലിലെ കടുത്ത ചൂടും തണുപ്പും അനുഭവിക്കേണ്ടി വന്നു. ജയില്‍ ജീവിതംമൂലം ത്വക്ക് രോഗമുള്‍പ്പെടെ പല അസുഖങ്ങളും ബാധിച്ചു. പുറത്തിറങ്ങിയശേഷം സ്ഥിരമായ തലവേദനയാണ്. ആറ് പേരടങ്ങുന്ന തന്റെ കുടുംബത്തെ തകര്‍ത്തു. അഭിഭാഷകന്‍ സൗജന്യമായാണ് കേസ് നടത്തിയത്. ഇപ്പോള്‍ വക്കീലിന് ഫീസ് നല്‍കാന്‍ പണം വേണം. പൊലീസ് വ്യാജകേസ് കെട്ടിച്ചമച്ച അപകീര്‍ത്തിപ്പെടുത്തി. തന്റെ ജീവിതവും കരിയറും നശിപ്പിച്ചു. കാന്തിലാല്‍ ഭീല്‍ മാധ്യമങ്ങളോടു പറഞ്ഞു.
ജോലിയും അഭിമാനവും നഷ്ടമായി. ശാരീരികവും മാനസികവുമായ ഉപദ്രവം നേരിട്ടു. കുടുംബജീവിതവും വിദ്യാഭ്യാസ, തൊഴില്‍ പുരോഗതിക്കുള്ള അവസരങ്ങളും നഷ്ടപ്പെട്ടു. അതുകൊണ്ടുതന്നെ തനിക്ക് 10,000 കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം എന്നീ വകുപ്പുകള്‍ ചുമത്തി 2018 ജൂലൈ 20 നാണു കാന്തിലാലിനെതിരേ കേസെടുത്തത്. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയി. 2020 ഡിസംബര്‍ 23 ന് അറസ്റ്റിലായി. എന്നാല്‍ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് നിരീക്ഷിച്ച് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സെഷന്‍സ് കോടതി വെറുതെവിടുകയായിരുന്നു.