യു.പി.ഐ സേവനങ്ങള്‍ തുടരാന്‍ പേടിഎമ്മിന് അനുമതി നല്‍കി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. പേടിഎമ്മിന് തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍ ലൈസന്‍സ് അനുവദിച്ചതോടെയാണിത്. സേവനങ്ങളുമായി മുന്നോട്ടുപോകാന്‍ എന്‍പിസിഐ പച്ചക്കൊടി കാണിച്ചതിന് പിന്നാലെ പേടിഎം ഓഹരികളില്‍ കുതിപ്പ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ അഞ്ചുശതമാനം മുന്നേറിയ പേടിഎം ഓഹരി അപ്പര്‍ സര്‍ക്യൂട്ട് തൊട്ടതോടെ ലോക്ക് ചെയ്തു. ഓഹരിയ്ക്ക് 370.90 രൂപ എന്ന നിലയിലേക്ക് മുന്നേറിയതോടെയാണ് പേടിഎം ഓഹരിയില്‍ വ്യാപാരം താത്കാലികമായി നിര്‍ത്തിവെച്ചത്. മാതൃകമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍സിന്റെ തേര്‍ഡ് പാര്‍ട്ടി ആപ്പ് ലൈസന്‍സിനുള്ള അപേക്ഷയിലാണ് എന്‍പിസിഐ അനുമതി നല്‍കിയത്. നിക്ഷേപം സ്വീകരിക്കല്‍ അടക്കമുള്ള നടപടികളില്‍ നിന്ന് പേടിഎം പേയ്മെന്റ്സ് ബാങ്കിനെ റിസര്‍വ് ബാങ്ക് വിലക്കിയത് ഇന്ന് പ്രാബല്യത്തിലാവാനിരിക്കേ, ഇന്നലെയാണ് യുപിഐ സേവനങ്ങളുമായി മുന്നോട്ടുപോകാന്‍ പേടിഎമ്മിന് എന്‍പിസിഐ തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍ ലൈസന്‍സ് അനുവദിച്ചത്. ഇതാണ് ഇന്ന് പേടിഎം ഓഹരിയില്‍ പ്രതിഫലിച്ചത്. അഞ്ചുശതമാനം മുന്നേറിയതോടെ പേടിഎമ്മിന്റെ വിപണിമൂല്യം 23,500 കോടിയ്ക്ക് മുകളിലായി. ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, യെസ് ബാങ്ക് എന്നിവയുമായി ചേര്‍ന്നാണ് പേടിഎം യുപിഐ പേയ്മെന്റ് സേവനം നല്‍കുക. ഫോണ്‍പേ, ഗൂഗിള്‍ പേ പോലെ പേയ്മെന്റ് പ്ലാറ്റ്ഫോം ആയി പ്രവര്‍ത്തിക്കനാണ് പേടിഎമ്മിനെ അനുവദിച്ചത്. മറ്റു ബാങ്കുകളുടെ നെറ്റ് വര്‍ക്കിനെ ആശ്രയിച്ചാണ് പേയ്മെന്റ് പ്ലാറ്റ്ഫോമുകള്‍ പ്രവര്‍ത്തിക്കുന്നത്.