അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം യുണീകോണ്‍ സ്റ്റാര്‍ട്ടപ്പുകളുള്ളത് ഇന്ത്യയിലാണ്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന 114 യൂണീകോണുകളില്‍ 17 കമ്പനികള്‍ മാത്രമാണ് ലാഭത്തിലുള്ളതെന്ന് വിപണിഗവേഷണ സ്ഥാപനമായ ട്രാക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 100 കോടി ഡോളറിനുമേല്‍ നിക്ഷേപകമൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകളാണ് യൂണീകോണുകള്‍. അമേരിക്കയില്‍ 800ലധികവും ചൈനയില്‍ 200ലധികവും യൂണീകോണുകളുണ്ട്. ഈ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം സ്റ്റാര്‍ട്ടപ്പ് കമ്പനികളുള്ളതും ഇന്ത്യയിലാണ്. കേന്ദ്രസര്‍ക്കാരിന്റെ കണക്കുപ്രകാരം രാജ്യത്ത് 92,000 രജിസ്റ്റേഡ് സ്റ്റാര്‍ട്ടപ്പുകളുണ്ട്. പ്രമുഖ സ്റ്റോക്ക് ബ്രോക്കറേജ് സ്ഥാപനമായ സെരോദ, സോഫ്റ്റ് വെയര്‍ ആസ് എ സര്‍വീസ് കമ്പനി സോഹോ, ഇ-കൊമേഴ്സ് കമ്പനി ഫസ്റ്റ് ക്രൈ, ഫിന്‍ടെക് സ്ഥാപനം ബില്‍ഡെസ്ക് എന്നിവയാണ് ലാഭത്തില്‍ മുന്നില്‍. 2021-22, 2022-23 വര്‍ഷങ്ങളിലെ കണക്കുകള്‍ പ്രകാരം മോള്‍ബയോ ഡയഗ്നോസ്റ്റിക്സ്, യൂണിഫോര്‍, എക്സ്പ്രസ് ബീസ്, ഫിസിക്സ് വാലാ, മാമാഎര്‍ത്ത്, കോയിന് ഡി.സി.എക്സ് എന്നിവയും ലാഭത്തിലാണ്. ഏറ്റെടുക്കലുകളും ഐ.പി.ഒയും ഇന്ത്യയിലെ നിരവധി യുണീകോണുകള്‍ക്ക് ആ പദവി നഷ്ടമായെന്നും ട്രാക്ഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മറ്റ് കമ്പനികളാല്‍ ഏറ്റെടുക്കപ്പെട്ടതാണ് മുഖ്യ കാരണം.