മീനിലും മീനെണ്ണയിലുമൊക്കെ സമൃദ്ധമായി അടങ്ങിയിട്ടുള്ള ഒമേഗ-3 ഫാറ്റി ആസിഡ് ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ഗുണപ്രദമാണെന്ന് പഠനം. അമേരിക്കന്‍ ജേണല്‍ ഓഫ് റെസ്പിറേറ്ററി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ മെഡിസിനിലാണ് ഇത് സംബന്ധിച്ച ഗവേഷണഫലം പ്രസിദ്ധീകരിച്ചത്. ഒമേഗ-3 ഫാറ്റി ആസിഡിന്റെ നീര്‍ക്കെട്ടിനെ കുറയ്ക്കുന്ന ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളാണ് ശ്വാസകോശ ആരോഗ്യത്തിന്റെ കാര്യത്തില്‍ നിര്‍ണായകമാകുന്നതെന്ന് അമേരിക്കയിലെ കോര്‍ണല്‍ സര്‍വകലാശാലയില്‍ നടത്തിയ ഗവേഷണം ചൂണ്ടിക്കാട്ടുന്നു. രണ്ട് ഘട്ടങ്ങളിലായാണ് പഠനം നടത്തിയത്. ആദ്യ ഘട്ട നിരീക്ഷണ പഠനത്തില്‍ 15,063 അമേരിക്കക്കാര്‍ ഉള്‍പ്പെടുന്നു. ഇവരുടെ ശരാശരി പ്രായം 56. ഇവരില്‍ 55 ശതമാനം സ്ത്രീകളായിരുന്നു. ഏഴ് മുതല്‍ 20 വര്‍ഷം വരെ ഇവരുടെ വിവരങ്ങള്‍ ഗവേഷകര്‍ ശേഖരിച്ചു. രക്തത്തില്‍ ഒമേഗ-3 ഫാറ്റി ആസിഡിന്റെ തോത് ഉയര്‍ന്നിരിക്കുന്നത് ശ്വാസകോശ തകരാറിന്റെ നിരക്ക് കുറയ്ക്കുമെന്ന് ഈ പഠനത്തില്‍ നിരീക്ഷിച്ചു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതായി കണ്ടെത്തിയത് ഡോകോസാഹെക്സനോയിക് ആസിഡ്(ഡിഎച്ച്എ) എന്ന ഒമേഗ-3 ഫാറ്റി ആസിഡാണ്. സാല്‍മണ്‍, ചൂര, മത്തി എന്നിവയില്‍ ഉയര്‍ന്ന തോതില്‍ ഡിഎച്ച്എ അടങ്ങിയിരിക്കുന്നു. ഡയറ്ററി സപ്ലിമെന്റായും ഇത് ലഭ്യമാണ്. രണ്ടാം ഘട്ടത്തില്‍ യുകെ ബയോബാങ്കില്‍ നിന്നുള്ള യൂറോപ്യന്മാരായ അഞ്ച് ലക്ഷം രോഗികളുടെ ജനിതക ഡേറ്റ ഗവേഷകര്‍ പരിശോധിച്ചു. ഒമേഗ-3 ഫാറ്റി ആസിഡുമായി സമാനതകളുള്ള ചില ജനിതക അടയാളങ്ങളും ശ്വാസകോശ ആരോഗ്യവുമായുള്ള ബന്ധമാണ് ഈ ഘട്ടത്തില്‍ പരിശോധിച്ചത്. ഡിഎച്ച്എ ഉള്‍പ്പെടെയുള്ള ഒമേഗ-3 ഫാറ്റി ആസിഡുകളുടെ തോതുയരുന്നതും മികച്ച ശ്വാസകോശ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി.