ഓഹരി വിപണിയിലേക്കുള്ള ചുവടുകള്‍ ശക്തമാക്കാന്‍ ഐപിഒയുമായി എത്തുകയാണ് പ്രമുഖ വൈദ്യുത വാഹന നിര്‍മ്മാതാക്കളായ ഒല ഇലക്ട്രിക്. ഐപിഒ നടത്തുന്നതുമായി ബന്ധപ്പെട്ട സൂചനകള്‍ നല്‍കിയതോടെ വളരെയധികം പ്രതീക്ഷയിലാണ് നിക്ഷേപകര്‍. 20 വര്‍ഷത്തിനുശേഷമാണ് വാഹന നിര്‍മ്മാതാക്കളില്‍ നിന്ന് ഒരു കമ്പനി ഓഹരി വിപണിയിലേക്ക് എത്തുന്നത്. അതുകൊണ്ടുതന്നെ ഒലയുടെ ഐപിഒ വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നതാണ്. 2003-ലാണ് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി (മുന്‍പ് മാരുതി ഉദ്യോഗ്) ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. ഇതിനുശേഷം ഐപിഒയില്‍ അങ്കം കുറിക്കാനെത്തുന്ന ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളാണ് ഒല. 8,500 കോടി രൂപയുടെ ഐപിഒ സൈസുമായി ഇന്ത്യയിലെ ഏറ്റവും വലിയ 15 ഐപിഒകളില്‍ ഒലയും ഇടം നേടിയേക്കും എന്നാണ് വിദഗ്ധരുടെ വിലയിരുത്താന്‍. ഇതുമായി ബന്ധപ്പെട്ട് ഈ മാസം തന്നെ ഡ്രാഫ്റ്റ് പ്രോസ്‌പെക്ട്‌സ് ഫയല്‍ ചെയ്യാനാണ് ഒലയുടെ തീരുമാനം. പുതിയ ഓഹരികളും ഓഫര്‍ സെയിലും ഉള്‍പ്പെടുന്നതാണ് ഒലയുടെ ഐപിഒ. മാര്‍ക്യു ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്‌സ്, സിംഗപ്പൂര്‍ ടെമാസെക്, ജപ്പാനിലെ സോഫ്റ്റ് ബാങ്ക് എന്നിവരാണ് ഒലയില്‍ കൂടുതല്‍ നിക്ഷേപമുള്ള കമ്പനികള്‍. കഴിഞ്ഞ ഒക്ടോബറില്‍ ഇക്വിറ്റി, ഡെബ്റ്റ് ഫണ്ടിംഗിലൂടെ 3,200 കോടി രൂപയാണ് ഒല സമാഹരിച്ചത്. അധികം വൈകാതെ തന്നെ ഇലക്ട്രിക് കാര്‍ നിര്‍മ്മാണത്തിലേക്ക് കടക്കാനും ഒല പദ്ധതിയിടുന്നുണ്ട്.