നിയമസഭാ കൈയാങ്കളി കേസില്‍ പ്രതികളായ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും അടക്കം ആറ് എല്‍ഡിഎഫ് നേതാക്കള്‍ ഇന്ന് കോടതിയില്‍ ഹാജരാകും. കേസിന്റെ ഭാഗമായി കുറ്റപത്രം വായിച്ചു കേള്‍ക്കാന്‍ പ്രതികളെല്ലാം ഹാജരാകണമെന്ന് തിരുവനന്തപുരം സിജെഎം കോടതി ഉത്തരവിട്ടിരുന്നു. കെ.ടി ജലീല്‍, കെ അജിത്, സി.കെ സദാശിവന്‍, കെ. കുഞ്ഞുമുഹമ്മദ് എന്നിവരും കേസിലെ പ്രതികളാണ്.
പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ നന്നാക്കാത്തതിനു നാലു ജില്ലാ കളക്ടര്‍മാരോട് ഹൈക്കോടതി വിശദീകരണം തേടി. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലാ കളക്ടര്‍മാര്‍ വിശദീകരണം നല്‍കണം. 20 ദിവസം മുന്‍പ് പത്തു ലക്ഷം രൂപ ചെലവഴിച്ചു അറ്റകുറ്റപ്പണി നടത്തിയ ആലുവ പെരുമ്പാവൂര്‍ റോഡ് വീണ്ടും തകര്‍ന്നതിനു വിശദീകരണം വേണം. തൃശൂര്‍ ശക്തന്‍ ബസ്റ്റാന്‍ഡ് പ്രദേശത്തെ റോഡ് പൊളിഞ്ഞതിലും റിപ്പോര്‍ട്ട് തേടി. റോഡുകളില്‍ കുഴികള്‍ രൂപപ്പെട്ടാല്‍ ജില്ലാ കളക്ടര്‍മാര്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്നു കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
തെരുവുനായ പ്രശ്നം പരിഹരിക്കാനും എബിസി വന്ധ്യംകരണ പദ്ധതി ഏകോപിപ്പിക്കാനും ജില്ലാ അടിസ്ഥാനത്തില്‍ സമിതി രൂപീകരിക്കും. ജില്ലാ കളക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സെക്രട്ടറി എന്നിവരടങ്ങുന്ന നാലംഗ സമിതിയാകും ജില്ലാ അടിസ്ഥാനത്തില്‍ ഏകോപിപ്പിക്കുക. തെരുവുനായ്ക്കു ഭക്ഷണ മാലിന്യം ലഭ്യമാക്കാതിരിക്കാന്‍ നടപടിയെടുക്കും. ഇതിനായി ഹോട്ടലുകള്‍, കല്യാണ മണ്ഡപം, മാംസ വ്യാപാരികള്‍ അടക്കമുള്ളവരുടെ യോഗം വിളിക്കുമെന്നു മന്ത്രി എം.ബി രാജേഷ് പറഞ്ഞു.
ആഴക്കടല്‍ മത്സ്യബന്ധന നിയന്ത്രണത്തിന് ഇന്ത്യന്‍ യാനങ്ങള്‍ക്കുള്ള കരട് മാര്‍ഗനിര്‍ദേശം പരമ്പരാഗത മല്‍സ്യത്തൊഴിലാളികളുടെ ജീവനോപാധിയെ തകര്‍ക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍. മത്സ്യബന്ധനമേഖലയെ എങ്ങനെ ബാധിക്കുമെന്നു പഠിക്കാന്‍ ഉന്നത സമിതിയെ നിയോഗിച്ചു. ഭേദഗതി നിര്‍ദേശങ്ങള്‍ കേന്ദ്രത്തിനു സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
പലിശനിരക്ക് വീണ്ടും വര്‍ധിപ്പിച്ചേക്കും. ഈ മാസം അവസാനത്തോടെ റിസര്‍വ് ബാങ്ക് നടത്തുന്ന പണനയ അവലോകന യോഗത്തില്‍ പലിശ നിരക്കു വര്‍ധിപ്പിക്കുമെന്നാണു സൂചനകള്‍. പണപ്പെരുപ്പം ഏഴു ശതമാനമായി വര്‍ധിച്ചിരിക്കേയാണ് പലിശ വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതമാകുന്നത്.
സാമ്പത്തിക പ്രതിസന്ധിക്കിടിയിലും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പദ്ധതി വിഹിതമായി സംസ്ഥാന സര്‍ക്കാര്‍ 1,017 കോടി രൂപ അനുവദിച്ചു. ബജറ്റില്‍ പ്രഖ്യാപിച്ച 12,903 കോടി രൂപയില്‍ 7,258 കോടി രൂപയും കൈമാറിയെന്നു സര്‍ക്കാര്‍.
വെറുപ്പുകൊണ്ട് രാജ്യത്ത് അശാന്തി സൃഷ്ടിക്കുന്ന ബിജെപിക്ക് ഇപ്പോള്‍ പരിഭ്രാന്തിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഹിന്ദുത്വം അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടി രാജ്യത്തെ ഭിന്നിപ്പിക്കുകയാണ്. കേരളത്തിലെ റോഡുകളുടെ നിര്‍മ്മാണം അശാസ്ത്രീയമാണെന്നും രാഹുല്‍ വിമര്‍ശിച്ചു.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് കൊല്ലം ജില്ലയില്‍. രാവിലെ ശിവഗിരി മഠം സന്ദര്‍ശിക്കും. നാവായിക്കുളത്തുനിന്ന് ആരംഭിക്കുന്ന യാത്ര കടമ്പാട്ടുകോണത്തിലൂടെ കൊല്ലം ജില്ലയിലേക്കു പ്രവേശിക്കും. രാവിലെ യാത്ര സമാപിക്കുന്ന ചാത്തന്നൂരില്‍ വിദ്യാര്‍ഥികളുമായി രാഹുല്‍ ഗാന്ധി സംവദിക്കും.
കെ റെയില്‍ സമരത്തിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പിന്തുണ അറിയിച്ചെന്ന് കെ റെയില്‍ വിരുദ്ധ സമര നേതാക്കള്‍. പാരിസ്ഥിതിക- സാമൂഹിക പ്രത്യാഘാതം ഗൗരവതരമെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടെന്നും അവര്‍ പറഞ്ഞു. ആറ്റിങ്ങലിലാണ് കെ റെയില്‍ വിരുദ്ധ സമര നേതാക്കള്‍ രാഹുലുമായി കൂടിക്കാഴ്ച നടത്തിയത്.
ബിജെപി കേരള ഘടകത്തെ ഊര്‍ജസ്വലമാക്കാന്‍ മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ എത്തുന്നു. ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി ഈ മാസം 23 ന് അദ്ദേഹം എത്തും. കൊച്ചിയിലും കോട്ടയത്തും തിരുവനന്തപുരത്തും സന്ദര്‍ശിക്കുകയും യോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്യും.