ലോക ചരിത്രത്തില്‍ ആദ്യമായി വിപണി മൂല്യം നാലു ലക്ഷം കോടി ഡോളര്‍ മറികടന്ന ഏക കമ്പനി എന്ന ചരിത്ര നേട്ടവുമായി കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയ. കമ്പനിയുടെ ഓഹരിവില ഇന്നലെ 2.5 ശതമാനം ഉയര്‍ന്നതോടെയാണ് വിപണിമൂല്യത്തില്‍ നിര്‍ണായക നാഴികക്കല്ല് പിന്നിട്ടത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് വിപണി മൂല്യം മൂന്ന് ലക്ഷം കോടി ഡോളര്‍ കടന്നത്. മിക്ക ആഗോള രാജ്യങ്ങളുടെയും മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തേക്കാള്‍ മുകളിലാണ് കമ്പനിയുടെ വിപണി മൂല്യം. എന്‍വിഡിയ ഒരു രാജ്യമായിരുന്നെങ്കില്‍ ജിഡിപിയുടെ അടിസ്ഥാനത്തില്‍ യുഎസ്, ചൈന, ജര്‍മ്മനി, ജപ്പാന്‍ എന്നിവയ്ക്ക് പിന്നില്‍ അഞ്ചാം സ്ഥാനത്ത് കമ്പനി ഉണ്ടാവുമായിരുന്നു. കമ്പനിയുടെ വിപണി മൂല്യം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയേക്കാള്‍ അല്‍പ്പം മുകളിലാണ്. ലോകത്ത് വിപണി മൂല്യം ആദ്യമായി മൂന്നു ലക്ഷം കോടി ഡോളര്‍ കടന്ന കമ്പനികള്‍ ആപ്പിളും മൈക്രോസോഫ്റ്റുമാണ്. 3.74 ലക്ഷം കോടി ഡോളറുമായി മൈക്രോസോഫ്റ്റാണ് നിലവില്‍ രണ്ടാംസ്ഥാനത്ത്. ആപ്പിള്‍ (3.15 ലക്ഷം കോടി ഡോളര്‍), ആമസോണ്‍ (2.36 ലക്ഷം കോടി ഡോളര്‍), എന്നിവ യഥാക്രമം തൊട്ടടുത്ത സ്ഥാനങ്ങളില്‍ വരും. വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ എന്‍വിഡിയ 30 എച്ച്ഡിഎഫ്സി ബാങ്കുകള്‍ക്കും 37 ടിസിഎസിനും 22 റിലയന്‍സ് ഇന്‍ഡസ്ട്രീസിനും തുല്യമാണ്.