കാറിന്റെ ഹെഡ്ലൈറ്റിന്റെ വെളിച്ചത്തില്‍ റോഡ് സിഗ്‌നലുകള്‍ കൂടി തെളിയുന്ന സാങ്കേതികവിദ്യയുമായി ഹ്യുണ്ടേയ് മൊബിസ്. ഹ്യുണ്ടേയ് കമ്പനിക്ക് വാഹനങ്ങളുടെ ഭാഗങ്ങള്‍ വിതരണം ചെയ്യുന്ന ഉപകമ്പനിയാണ് ഹ്യുണ്ടെയ് മൊബിസ്. ട്രാഫിക് സിഗ്‌നലുകള്‍ക്കൊപ്പം കാല്‍നട യാത്രികരെക്കുറിച്ചു മുന്നറിയിപ്പു നല്‍കാനും ശേഷിയുള്ളതാവും ഈ ഹെഡ്ലൈറ്റ്. വാഹനത്തിന്റെ ജിപിഎസും ഓണ്‍ബോര്‍ഡ് ക്യാമറയുമായി ബന്ധിപ്പിക്കുന്ന ലൈറ്റിങ് സംവിധാനമാണിത്. ഇതുവഴിയാണ് റോഡ് സിഗ്‌നലുകളെക്കുറിച്ചും കാല്‍നടയാത്രക്കാരെക്കുറിച്ചുമൊക്കെയുള്ള വിവരങ്ങള്‍ തല്‍സമയം ലൈറ്റിങ് സംവിധാനത്തിന് ലഭിക്കുക. ഉദാഹരണത്തിന് മുന്നിലെ പാതയില്‍ എവിടെയെങ്കിലും അറ്റകുറ്റപ്പണി നടക്കുന്നുണ്ടെങ്കില്‍ അത് മുന്നറിയിപ്പായി ഹെഡ്ലൈറ്റിലൂടെ ഡ്രൈവര്‍ക്ക് മുന്നിലെ റോഡില്‍ തെളിയും. നിരവധി ചെറു എല്‍ഇഡികളുടേയും ചെറു കണ്ണാടികളുടേയും സഹായത്തിലാണ് ഈ ലൈറ്റിങ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. 25,000 എല്‍ഇഡികളാണ് ഓരോ ഹെഡ്ലൈറ്റിലും ഉണ്ടാവുക. അതേസമയം തങ്ങളുടെ ഉല്‍പന്നം ഏതെങ്കിലും വാഹനത്തില്‍ ഹ്യുണ്ടേയ് ഉള്‍പ്പെടുത്തുമോ എന്ന കാര്യത്തില്‍ ഹ്യുണ്ടേയ് മൊബിസിന് ഇതുവരെ ഉറപ്പു ലഭിച്ചിട്ടില്ല.