ഐ.ഒ.എസ് 26ല്‍ പുതിയ സുരക്ഷാഫീച്ചര്‍ അവതരിപ്പിച്ച് ആപ്പിള്‍. ഫേസ്‌ടൈം വിഡിയോകോളില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ചാല്‍ വിഡിയോകോള്‍ തനിയെ നിലക്കുന്ന ഫീച്ചറാണ് ആപ്പിള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഐ.ഒ.എസ് 26ന്റെ ബീറ്റ പതിപ്പില്‍ ആപ്പിള്‍ ഇതിനുള്ള പരീക്ഷണങ്ങള്‍ തുടങ്ങി. വിഡിയോ കോളില്‍ നഗ്‌നതയുണ്ടായാല്‍ കമ്പനി മുന്നറിയിപ്പ് സന്ദേശം നല്‍കുന്നു. തല്‍ക്കാലത്തേക്ക് കോള്‍ തടഞ്ഞിരിക്കുകയാണെന്ന സന്ദേശമാവും നല്‍കുക. നിങ്ങള്‍ക്ക് ഇതില്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ കോള്‍ കട്ടാക്കാവുന്നതാണെന്നും ആപ്പിള്‍ അറിയിക്കും. ഉപഭോക്താവിന് ഒന്നുകില്‍ കോള്‍ തുടരാം അല്ലെങ്കില്‍ കട്ട് ചെയ്യാം. ആപ്പിള്‍ അവരുടെ ഡെവലപ്പര്‍ കോണ്‍ഫറന്‍സ് ആശയവിനിമയത്തില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കുമെന്ന് അറിയിച്ചിരുന്നു. പ്രായം കുറവുള്ള കൗമാരക്കാരായവര്‍ ഉള്‍പ്പടെയുള്ളവരുടെ സുരക്ഷക്കാണ് ഫീച്ചറുകള്‍ കൊണ്ടുവരിക. ഇതിനൊപ്പം ഫോട്ടോ ആല്‍ബങ്ങളില്‍ നഗ്‌ന ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ അത് ആപ്പിള്‍ ബ്ലര്‍ ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്. ലിക്വിഡ് ഗ്ലാസ് തീമിലുള്ള യൂസര്‍ ഇന്‍ര്‍ഫേസിലാണ് ഐ.ഒ.എസ് 26 ആപ്പിള്‍ പുറത്തിറക്കുന്നത്. ഗ്ലാസ് പോലെ സുതാര്യതയുള്ളതും ഒപ്പം ചുറ്റുമുള്ള മറ്റ് വിഷ്വല്‍ എലമെന്റുകള്‍ പ്രതിഫലിക്കുകയും ചെയ്യുന്നതായിരിക്കും ഈ ഗ്ലാസ് ഐക്കണുകള്‍.