ഇന്ത്യയില്‍ ഇനി റോയല്‍ എന്‍ഫീല്‍ഡ് അംഗീകൃത കേന്ദ്രങ്ങളില്‍ നിന്നു തന്നെ മോട്ടോര്‍സൈക്കിളുകള്‍ വാടകയ്ക്ക് എടുക്കാം. 25 നഗരങ്ങളിലെ 40 മോട്ടോര്‍ സൈക്കിള്‍ റെന്റല്‍ ഓപറേറ്റര്‍മാര്‍ വഴിയാണ് റോയല്‍ എന്‍ഫീല്‍ഡ് റെന്റല്‍ ആരംഭിച്ചിരിക്കുന്നത്. ഇതുവഴി ഏതാണ്ട് 300ലേറെ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍ സൈക്കിളുകളാണ് വാടകയ്ക്കു നല്‍കാനായി മാറ്റിവെച്ചിരിക്കുന്നത്. കേരളത്തിലെ രണ്ടു നഗരങ്ങളിലും ഈ സൗകര്യം ലഭ്യമാണ്. ഡല്‍ഹി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, അഹ്മദാബാദ്, മുംബൈ എന്നിങ്ങനെയുള്ള വന്‍ നഗരങ്ങളില്‍ ഈ സേവനം ലഭ്യമാണ്. ദീര്‍ഘദൂരയാത്രകള്‍ക്ക് ബുള്ളറ്റുകള്‍ വാടകക്ക് എടുക്കുന്നതിന് വലിയ തോതില്‍ ആവശ്യക്കാരുള്ള മണാലി, ലേ, ഹരിദ്വാര്‍, ഋഷികേശ്, ഷിംല, നൈനിത്താള്‍, ബിര്‍ ബില്ലിങ്, സിലിഗുരി, ഡെറാഡൂണ്‍, ധര്‍മ്മശാല എന്നിവിടങ്ങളിലും ഇനി റോയല്‍ എന്‍ഫീല്‍ഡ് അംഗീകൃത കേന്ദ്രങ്ങളില്‍ നിന്നും മോട്ടോര്‍ സൈക്കിളുകള്‍ വാടകയ്ക്ക് ലഭിക്കും. കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലുമാണ് റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകള്‍ ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നും വാടകക്ക് ലഭിക്കുക. ഇവക്കു പുറമേ ചണ്ഡീഗഡ്, വിശാഖപട്ടണം, ഭുവനേശ്വര്‍, ജയ്സാല്‍മീര്‍, ജയ്പൂര്‍, ഉദയ്പൂര്‍, ഗോവ എന്നിങ്ങനെ സഞ്ചാരികള്‍ കൂടുതലായെത്തുന്ന നഗരങ്ങളിലും ഇത് ആരംഭിച്ചിട്ടുണ്ട്. റോയല്‍ എന്‍ഫീല്‍ഡിന്റെ വെബ്സൈറ്റ് വഴിയാണ് മോട്ടോര്‍ സൈക്കിള്‍ വാടകയ്ക്ക് എടുക്കാനാവുക.