ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി ഇതിനോടകം തന്നെ നിരവധി ഫീച്ചറുകള്‍ വാട്സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഉപയോക്താവിന്റെ സ്വകാര്യത സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ ഫീച്ചറുകള്‍. ഇതില്‍ ഒന്നാണ് ലോക്ക്ഡ് ചാറ്റ് ഫീച്ചര്‍. നിലവില്‍ പ്രൈമറി ഡിവൈസില്‍ മാത്രമാണ് ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുക. പ്രൈമറി ഡിവൈസുമായി (മൊബൈല്‍ ഫോണ്‍) ബന്ധിപ്പിച്ചിരിക്കുന്ന ലിങ്ക്ഡ് ഡിവൈസുകളിലും കൂടി ഈ ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാക്കാനുള്ള ശ്രമത്തിലാണ് വാട്സ്ആപ്പ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ഫീച്ചറായി ഉടന്‍ തന്നെ ഈ അപ്ഡേഷന്‍ വാട്സ്ആപ്പ് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രഹസ്യ കോഡ് ഉപയോഗിച്ച് ചാറ്റുകള്‍ സംരക്ഷിക്കുന്നതാണ് ലോക്ക്ഡ് ചാറ്റ് ഫീച്ചര്‍. ചാറ്റ് ലിസ്റ്റില്‍ നിന്ന് മറച്ചുപിടിക്കുന്നത് കൊണ്ട് മറ്റുള്ളവര്‍ക്ക് ഇത് ആക്സസ് ചെയ്യാന്‍ സാധിക്കില്ല. പ്രൈമറി ഫോണില്‍ രഹസ്യ കോഡ് ഉണ്ടാക്കി, ഇത് ഉപയോഗിച്ച് ലിങ്ക്ഡ് ഡിവൈസിലെ ലോക്ക്ഡ് ചാറ്റുകള്‍ ആക്സസ് ചെയ്യാന്‍ കഴിയുന്നവിധമാണ് പുതിയ ഫീച്ചര്‍ വരുന്നത്.