രസതന്ത്രം, സാഹിത്യം, സമാധാനം, ഭൗതികശാസ്ത്രം, വൈദ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം എന്നീ മേഖലകളിൽ, ലോകത്ത് മഹത്തായ സംഭാവനകൾ നൽകിയവർക്ക് ലിംഗ, ജാതി, മത, രാഷ്‌ട്ര ഭേദമന്യേ നൽകുന്ന പുരസ്‌കാരമാണ് നോബൽ സമ്മാനം. ഇതിനെക്കുറിച്ച് കൂടുതലായി അറിയാം….!!!
ലോകത്തെ ഏറ്റവും ഉയർന്ന പുരസ്‌കാരമായി കരുതപ്പെടുന്ന ഒന്നാണ് നോബൽ സമ്മാനം.നോബൽ പതക്കത്തിനും ബഹുമതി പത്രത്തിനു പുറമേ 10 മില്ല്യൺ സ്വീഡൻ ക്രോണ സമ്മാനത്തുകയും ജേതാവിനു ലഭിക്കുന്നു.നൈട്രോഗ്ലിസറിൻ എന്ന സ്ഫോടകവസ്തുവിനെ ഒരുതരം കളിമണ്ണു ചേർത്ത് കൂടുതൽ സൗകര്യപ്രദമായും സുരക്ഷിതമായും കൈകാര്യം ചെയ്യാവുന്ന പാകത്തിലാക്കാമെന്ന് സ്വീഡിഷ് ശാസ്‌ത്രജ്ഞനായ ആൽഫ്രഡ് നോബൽ കണ്ടുപിടിച്ചു.
1867-ൽ ഈ മിശ്രിതത്തിന് ഡൈനാമൈറ്റ് എന്ന പേരു നല്കി പേറ്റന്റ് എടുക്കുകയും ചെയ്തു.ഇതിനെത്തുടർന്ന് ജെലാറ്റിനുമായി കൂട്ടിക്കലർത്തി ജെലിഗ്നൈറ്റ് എന്ന സ്ഫോടകമിശ്രിതത്തിനും രൂപം നല്കി. ഈ സ്ഫോടക മിശ്രിതങ്ങൾ ഖനനത്തിനും പാറപൊട്ടിക്കുന്നതിനും മാത്രമല്ല പ്രയോജനപ്പെട്ടത്, യുദ്ധങ്ങളിൽ ഏറ്റവും മാരകമായ ആയുധമായും ഇവ ഉപയോഗിക്കപ്പെട്ടു. ഈ സ്ഫോടക മിശ്രിതങ്ങളുടെ പരക്കേയുളള ഉപയോഗം, അതിന്റെ കുത്തകാവകാശിയായ നോബലിന് ഏറെ ധനം നേടിക്കൊടുത്തു.
1895 നവംബർ 27-ന് അദ്ദേഹം തന്റെ വിൽപത്രത്തിൽ സ്വത്തിന്റെ കുറെ ഭാഗങ്ങൾ സ്വജനങ്ങൾക്ക് എഴുതിവെച്ചതിനു ശേഷം, ബാക്കി ഭാഗം ഭൗതികശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്‌ത്രം, സാഹിത്യം, സമാധാനപ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ ലോകക്ഷേമത്തിന്നായി മികച്ച സംഭാവനകൾ നൽകിയവർക്കുള്ള വാർഷിക പുരസ്‌കാരത്തിനു നീക്കിവെച്ചു.
1896-ൽ അദ്ദേഹത്തിന്റെ മരണശേഷമാണ് ഈ സമ്മാനത്തുകയെക്കുറിച്ച് പുറംലോകം അറിയുന്നത്. പക്ഷെ, വൻസമ്പത്തിനുടമയായിരുന്ന അവിവാഹിതനായ നോബലിന്റെ സ്വത്തുവകകളുടെ വലിയൊരു ഭാഗം ഇത്തരമൊരു സമ്മാനത്തുകയ്‌ക്ക് വേണ്ടി ഉപയോഗിക്കുന്നതിനെ അദ്ദേഹത്തിന്റെ കുടുംബക്കാർ ശക്തമായി എതിർത്തു. ഈ എതിർപ്പും തുടർന്നുണ്ടായ പ്രശ്‌നങ്ങളും കാരണം നോബൽ സമ്മാനം നടപ്പിലാക്കുന്നതിന് കാലതാമസം നേരിട്ടു. 1901-ലാണ് ആദ്യമായി നോബൽ പുരസ്കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ടത്.
നോബൽ, തന്റെ വിൽപത്രത്തിന്റെ നടത്തിപ്പുകാരായി, തന്റെ ഗവേഷണശാലയിൽ ജോലി ചെയ്‌തിരുന്ന റഗ്‌നാർ സോൾമനേയും, റുഡോൾഫ് ലില്ജെഖ്വിസ്‌റ്റിനെയും ചുതലപ്പെടുത്തിയിരുന്നു. അവർ ആദ്യമായി ചെയ്‌തത്, നോബലിന്റെ സ്വീഡനു പുറത്തുള്ള മുഴുവൻ സ്വത്തുക്കളും സ്വീഡനിലേക്ക് മാറ്റുക എന്നതായിരുന്നു. നോബലിന്റെ മരണശേഷം അവ നഷ്‌ടപ്പെടരുത് എന്ന ഉദ്ദേശ്യമായിരുന്നു ഇതിനു പിന്നിൽ.
പിന്നീട്, നോബലിന്റെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിൽ റഗ്‌നർ സോൾമൻ വളരെ പ്രധാനപ്പെട്ട ഒരു പങ്ക് നിർവഹിച്ചു. നോബൽ സമ്മാനങ്ങൾ കൈകാര്യം ചെയ്യുന്നതിനു അദ്ദേഹം നോബൽ ഫൌണ്ടേഷൻ എന്ന പേരിൽ 1900 ജൂൺ 29 ന് ഒരു ട്രസ്‌റ്റ് രൂപവത്കരിച്ചു. നോബൽ അദ്ദേഹത്തിന്റെ വിൽപത്രത്തിൽ സൂചിപ്പിച്ച പ്രകാരമുള്ള അഞ്ച് അവാർഡിംഗ് സ്‌ഥാപനങ്ങളെയും, ഈ ഫൌണ്ടേഷനുമായി സഹകരിപ്പിക്കുന്നതിൽ റഗ്‌നാർ വിജയിച്ചു.
ആൽഫ്രഡ് നോബലിന്റെ ചരമദിനമായ ഡിസംബർ 10-നാണ് എല്ലാ വർഷവും നോബൽ സമ്മാനദാനച്ചടങ്ങ് നടക്കുന്നത്. സ്വീഡന്റെ തലസ്ഥാനമായ സ്‌റ്റോക്‌ൿഹോമിലെ പ്രധാനവേദിയിൽ വെച്ച് സമ്മാനജേതാക്കൾ, സമ്മാന മെഡലും, നോബൽ സമ്മാന ഡിപ്ലോമയും, നോബൽ സമ്മാനത്തുകയുടെ പത്രവും ഏറ്റുവാങ്ങുന്നു. സ്വീഡന്റെ കാർൾ ഗസ്‌റ്റാവ് രാജാവ് സമ്മാനത്തുക പരിശോധിച്ച് ഉറപ്പ് വരുത്തുന്നു.
സമാധാനത്തിനുള്ള നോബൽ സമ്മാനം മാത്രം, നോർവയുടെ തലസ്ഥാനമായ ഓസ്‌ലോയിൽ വെച്ച് നോർവീജിയൻ നോബൽ സമ്മാന കമ്മിറ്റി പ്രസിഡന്റിൽ നിന്നും നോർവേയുടെ ഹറാൾഡ് രാജാവിന്റെ സാന്നിദ്ധ്യത്തിൽ ജേതാക്കൾ പുരസ്കാരം ഏറ്റു വാങ്ങുന്നു. ചടങ്ങിലെ പ്രധാനപ്പെട്ട ഒരു കാര്യപരിപാടിയാണ് സമ്മാനജേതാക്കളുടെ, വിഷയത്തിൻ മേലുള്ള പ്രബന്ധാവതരണം. ഓസ്‌ലോയിലെ ചടങ്ങിൽ, അവാർഡ്‌ദാന ദിവസമാണ് പ്രബന്ധാവതരണം നടക്കുന്നതെങ്കിൽ, സ്‌റ്റോക്‌ൿഹോമിലെ ചടങ്ങിൽ, സമ്മാനദാനച്ചടങ്ങിനു ദിവസങ്ങൾക്ക് മുന്നേ തന്നെ ഇത് നടക്കുന്നു. നോബൽ സമ്മാനത്തെ കുറിച്ച് ഇനിയും ഏറെ അറിയാനുണ്ട്. അവയെല്ലാം അറിയാക്കഥകളുടെ അടുത്ത ഭാഗത്തിലൂടെ നിങ്ങളിലേക്ക് എത്തും.