ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഇനിമുതല്‍ ഫാക്ട്-ചെക്കിങ് സംവിധാനം ഉണ്ടാകില്ലെന്ന് മെറ്റാ സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. 2016ലാണ് സുക്കര്‍ബര്‍ഗ് ഫേസ്ബുക്കില്‍ ഫാക്ട് ചെക്കിങ് സംവിധാനം കൊണ്ടുവന്നത്. വസ്തുതാവിരുദ്ധമോ സാമൂഹികമായി അപകടം സൃഷ്ടിക്കുന്നതോ ആയ പോസ്റ്റുകള്‍ കണ്ടെത്താന്‍ സഹായിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. വിവിധ രാജ്യങ്ങളില്‍നിന്നുള്ള 90 സംഘടനകളുടെ സഹായത്തോടെയാണ് ഇത് ചെയ്ത്. 2019ല്‍ ഇന്‍സ്റ്റഗ്രാമിലൂം ഈ സംവിധാനം ആവിഷ്‌കരിച്ചു. എന്നാല്‍, കഴിഞ്ഞദിവസം രണ്ട് പ്ലാറ്റ്‌ഫോമുകളിലും ചില മാറ്റങ്ങള്‍ പ്രഖ്യാപിച്ചുള്ള വിഡിയോയില്‍ സുക്കര്‍ബര്‍ഗ് ഫാക്ട് ചെക്കിങ് നിര്‍ത്തിയ കാര്യവും പറയുകയായിരുന്നു. പകരം, ‘എക്‌സി’ലേതുപോലെ കമ്യൂണിറ്റി നോട്ടുകള്‍ നല്‍കും. നിലവില്‍ ഈ മാറ്റം അമേരിക്കയില്‍ മാത്രമായിരിക്കും. അതേസമയം, ഫാക്ട് ചെക്കിങ് ഇല്ലാതാകുന്നതോടെ, അത് വലിയ തോതില്‍ നുണപ്രചാരണങ്ങളുടെ വേദിയാകുമെന്ന് ആശങ്കപ്പെടുന്നവരുമുണ്ട്.