തോന്ന്യാക്ഷരങ്ങള്‍ അലക്ഷ്യമായി എഴുതിയതാണെങ്കിലും സൂക്ഷ്മമായി നോക്കിയാല്‍ വായനക്കാരെയും ഉള്‍പ്പെടുത്തുന്ന ഓര്‍മ്മകളുടെ ശേഖരമാണ് ഈ കൃതി. ജീവിതത്തില്‍ തോറ്റുപോയവരും ജീവിക്കാന്‍ മറന്നവരും പ്രണയവേനലില്‍ വെന്തവരും തനിച്ചായി പോയവരും ഈ കൃതിയിലുടനീളം നിറഞ്ഞുകിടപ്പുണ്ട്.നിളയുടെ ഓരങ്ങളില്‍നിന്ന് ഓര്‍മ്മകളുടെ തടവറയിലേക്ക് തിരിച്ചിറങ്ങുന്ന എഴുത്തുകാരന്‍ അമ്മമണമുള്ള സുഖദമായ വിചാരങ്ങളുടെ ആഴങ്ങളിലേക്ക് മുങ്ങിപ്പോകുന്നുണ്ട്. നാട്ടുവിശേഷങ്ങളും ചേറു മണക്കുന്ന ബാല്യവും കാവിനു പറയാനുണ്ടായിരുന്നതും മുണ്ട്യാറക്കുന്നിലെ വെയില്‍ താഴുമ്പോള്‍ വീണുപോയ ഇലകള്‍ പറഞ്ഞതും മുറിവുകള്‍ തന്നെയാണ്. അല്പം വിശ്രമിക്കാമെന്ന് എഴുത്തുകാരന്‍ പറയുമ്പോഴും ഒരു പാട്ടുപെട്ടി പറഞ്ഞ കഥയുടെ സ്മൃതിചിത്രങ്ങളാണിത്. ‘നിളയില്‍ നിലാവ് പെയ്യുമ്പോള്‍’. അലോഷി. ഗ്രീന്‍ ബുക്‌സ്. വില 123 രൂപ.