ആഗോള സ്പോര്ട്സ്വെയര് ഭീമനായ നൈക്കിയുടെ ഓഹരി വില 12 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തി. ട്രേഡിംഗിനിടെ ഓഹരി വില 4.1 ശതമാനം ഇടിഞ്ഞ് 39.06 ഡോളറിലെത്തി. ഒരുവേള ഓഹരി വില 38.86 ഡോളര്‍ വരെ താഴേക്ക് പോയിരുന്നു. 2021-ലെ റെക്കോഡ് ഉയര്‍ച്ചയില്‍ നിന്ന് ഏകദേശം 78 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഓഹരി വില, 2014 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. കമ്പനിയുടെ വിപണി മൂല്യത്തില്‍ നിന്ന് ഒലിച്ചുപോയതാകട്ടെ 200 ബില്യണ്‍ ഡോളറിലധികവും (ഏകദേശം 16.8 ലക്ഷം കോടി രൂപ). കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം നൈക്കി ഓഹരികളില്‍ 48 ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ചൈനീസ് വിപണിയില്‍ തദ്ദേശീയ ബ്രാന്‍ഡുകളായ ആന്റ സ്പോര്‍ട്സ്, ലി-നിംഗ് എന്നിവയില്‍ നിന്ന് കടുത്ത മത്സരമാണ് നൈക്കി നേരിടുന്നത്. ഓണ്‍ലൈന്‍ വില്‍പ്പനയിലെ ഇടിവും വര്‍ധിച്ച സ്റ്റോക്കും വരുമാനത്തെ സാരമായി ബാധിച്ചു.
