നേപ്പാളിലെ മലയാളി ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. നേപ്പാളിലെ പൊഖ്റയിൽ വിനോദ സഞ്ചാരത്തിനായി എത്തിയ പ്രായമായവർ അടക്കമുള്ളവർ കുടുങ്ങി കിടക്കുകയാണ്. അവർ വീണ്ടും അവിടെ തുടരുന്നത് അതീവ ദുഷ്കരമാണെന്നും ഇവരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി കത്തിലൂടെ അഭ്യർത്ഥിച്ചു.
ശബരിമല സ്വർണ്ണപ്പാളി വിവാദത്തില്‍ ദേവസ്വം ബോർഡിന് തിരിച്ചടി. ചെന്നൈയിലേക്ക് കൊണ്ട് പോയ ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണ്ണം പൂശിയ പാളി തിരികെ എത്തിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. കേസ് പരിഗണിച്ച കോടതി ദേവസ്വം ബോർഡിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണം പൂശിയ പാളികൾ നന്നാക്കാൻ കൊണ്ടുപോയതുമായി ബന്ധപ്പെട്ട ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് വന്നിരിക്കുന്നത്.
എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിനായി പ്രത്യേക പ്രവേശന പരീക്ഷ നടത്തുമെന്ന പ്രഖ്യാപനത്തിൽ അതിവേഗം മലക്കം മറിഞ്ഞ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പാക്കാനാണ് പരീക്ഷയെന്നുള്ള ഫേസ്ബുക്ക് പോസ്റ്റ് മന്ത്രി പിൻവലിച്ചു. ഉദ്ദേശിച്ചത് കെ ടെറ്റ് പരീക്ഷയാണെന്ന് മന്ത്രി വിശദീകരിച്ചു.
മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് ചുമത്തിയ ലക്ഷങ്ങളുടെ പിഴ കുടിശിക എഴുതിത്തള്ളാന് നീക്കം. സംസ്ഥാനത്തെ എഐ ക്യാമറകള്‍ കണ്ടെത്തിയ കുറ്റങ്ങള്‍ക്ക് ചുമത്തിയ പിഴയാണ് പിന്‍വാതിലിലൂടെ റദ്ദാക്കാന് ആലോചിക്കുന്നത്. ഇതുസംബന്ധിച്ച് ഗതാഗത കമ്മിഷണർ സി. എച്ച് നാഗരാജു നിയമോപദേശം തേടി.
സംസ്ഥാനത്ത് പാർട്ടി ബ്രാഞ്ച് കമ്മിറ്റികളുടെ എണ്ണം കുറഞ്ഞുവരുന്നതായും പാർട്ടി അംഗങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായതായും സിപിഐ സമ്മേളന റിപ്പോര്‍ട്ട്. സമ്മേളനങ്ങൾ പൂർത്തിയായപ്പോൾ അഞ്ച് മണ്ഡലങ്ങളിൽ നേതൃത്വത്തിന്‍റെ സമവായ ശ്രമങ്ങൾ പരാജയപ്പെട്ടെന്നും സംസ്ഥാന സമ്മേളനത്തിനുശേഷം നേതാക്കൾ സംഘടനാ പ്രവർത്തനം ശക്തമാക്കണമെന്നും റിപ്പോര്‍ട്ടില്‍ നിർദേശിക്കുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും പ്രവർത്തനത്തിൽ വീഴ്ച ഉണ്ടായെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിയെയും രൂക്ഷ വിമര്‍ശനങ്ങളുണ്ട്.
സർക്കാർ നയങ്ങളിൽ വിമർശനവുമായി സിപിഐ. സിപിഐ സംസ്ഥാന സമ്മേളനത്തിലാണ് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. മദ്യനയത്തിൽ നിലവിലെ നിലപാട് തെറ്റാണെന്നും സർക്കാർ പ്രോത്സാഹിപിപ്പിക്കുന്നത് വിദേശ മദ്യമാണ്, കള്ള് ചെത്ത് വ്യവസായം പ്രതിസന്ധിയിലെന്നുമുൾപ്പെടെയുള്ള കാര്യങ്ങളാണ് സിപിഐ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നത്.
കഴിഞ്ഞ ദിവസം ഇസ്രായേല്‍ ഖത്തറില്‍ നടത്തിയ വ്യോമാക്രമണത്തിനെതിരെ സമൂഹം ഒന്നിച്ച് ശബ്‍ദമുയര്‍ത്തണമെന്നും ഈ കിരാത നടപടിക്കെതിരെ ലോക രാജ്യങ്ങള്‍ ഒന്നിച്ച് പ്രതികരിക്കാന്‍ തയ്യാറാവണമെന്നും സമസ്ത. കോഴിക്കോട് സമസ്ത കാര്യാലയത്തില്‍ ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
പേരൂർക്കടയില്‍ പൊലീസ് കള്ളകേസിൽ കുടുക്കി ദളിത് സ്ത്രീയായ ബിന്ദുവിന് സഹായവുമായി എംജിഎം ഗ്രൂപ്പ്. ചുള്ളിമാനൂർ സ്വദേശി ബിന്ദുവിന് എംജിഎം സ്കൂളിൽ പ്യൂണായി നിയമനം നൽകുമെന്ന് എംജിഎം ഗ്രൂപ്പ് ചെയർമാൻ ഗീവർഗീസ് യോഹന്നാൽ അറിയിച്ചു. മാനേജുമെൻ്റ് പ്രതിനിധികൾ ബിന്ദുവിൻ്റെ വീട്ടിലെത്തിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ബിന്ദുവിനെ മാനസികമായി പീഡിപ്പിച്ച കേസിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന റിപ്പോർട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നാളെ പരിഗണിക്കും.
കോഴിക്കോട് വിജില്‍ തിരോധാനക്കേസില്‍ അയാളുടേതെന്ന് കരുതുന്ന ഷൂ സരോവരത്തെ ചതുപ്പിലെ തെരച്ചിലില്‍ കണ്ടെത്തി. ഷൂ വിജിലിന്റേതാണെന്ന് പ്രതികള്‍ തിരിച്ചറിഞ്ഞെന്ന് പൊലീസ് അറിയിച്ചു. മൃതദേഹാവശിഷ്ടങ്ങള്‍ക്കായുള്ള തെരച്ചില്‍ നാളെയും തുടരും. ലഹരി ഉപയോഗിക്കുന്നതിടെ മരിച്ച വിജിലിന്റെ മൃതദേഹം സരോവരം ബയോപാര്‍ക്കിലിലെ ചതുപ്പില്‍ ചവിട്ടിത്താഴ്ത്തിയെന്നായിരുന്നു സുഹൃത്തുക്കളായ നിഖില്‍, ദീപേഷ് എന്നിവരുടെ മൊഴി.
വൈഫ് ഇൻ ചാർജ്’ പരാമർശത്തിൽ ഡോ. ബഹാവുദ്ദീൻ നദ്‌വിയെ പിന്തുണച്ചും ഉമർ ഫൈസിയെ തള്ളിയും നാസർ ഫൈസി കൂടത്തായി. ബഹുഭാര്യത്വം ഉൾപ്പെടെയുള്ള വിഷയങ്ങളിലെ സമസ്തയുടെ നിലപാട് തന്നെയാണ് അദ്ദേഹം പറഞ്ഞത്. ബഹുഭാര്യത്വത്തെ എതിർക്കുന്ന സാംസ്കാരിക നായകരിൽ പലർക്കും ഭാര്യക്ക് പുറമേ കാമുകിമാരും മറ്റും ഉള്ളവരല്ലേ? എന്നും നാസർ ഫൈസി ചോദിച്ചു.
സമസ്ത നേതാവ് ഡോ. ബഹാവുദ്ദീൻ നദ്‌വിയുടെ ഇൻചാർജ് ഭാര്യ പരാമർശത്തെ തള്ളി സമസ്ത നേതൃത്വം. സ്വകാര്യ നോക്കേണ്ടത് സമസ്തയുടെ പണിയല്ലെന്നാണ് നേതൃത്വത്തിന്റെ പ്രതികരണം. സമസ്തയുടെ ചർച്ചാവിഷയമല്ലെന്നും സമസ്തയുടെ നയം ഇതല്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. പ്രസ്താവനയിൽ വിശദീകരണം നൽക്കേണ്ടത് നദ്‌വിയാണ്. അദ്ദേഹത്തിന്റെ പ്രസ്താവനയെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കണം. ജനപ്രതിനിധികളുടെ സ്വകാര്യതയിലേക്ക് കടക്കുന്ന പ്രസ്താവന സമസ്ത നടത്താറില്ലെന്നും നേതൃത്വം വ്യക്തമാക്കി.
പൊലീസ് കസ്റ്റഡി മർദനങ്ങളിൽ സംസ്ഥാന വ്യാപക പ്രതിഷേധവുമായി കോൺഗ്രസ്. പൊലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ ധർണ നടത്തിയായിരുന്നു പ്രതിഷേധം. ജീവൻ സംരക്ഷിക്കേണ്ട പൊലീസ് കൊലയാളികൾ ആയി മാറിയെന്നു കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആരോപിച്ചു. പത്തുവർഷം മുൻപത്തെ ആരോപണങ്ങൾ ഇപ്പോൾ ഉയരുന്നത് ശ്രദ്ധ തിരിക്കാനുള്ള സർക്കാർ നീക്കമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ പെൺകുട്ടിക്കാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധന ഫലം പോസിറ്റീവ് എന്ന് കണ്ടെത്തി. വിദഗ്ധ പരിശോധനയ്ക്കായി സ്രവം തിരുവനന്തപുരത്തെക്ക് അയച്ചിരിക്കുകയാണ്. അതേ സമയം, രോഗം ബാധിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണങ്ങളില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരെ മൊഴി നല്‍കി യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ്. രാഹുലിനെതിരെ ഗൂഢാലോചന നടക്കുന്നു എന്ന് ആരോപിച്ചാണ് വനിതാ നേതാവ് മൊഴി നല്‍കിയിരിക്കുന്നത്.
ബലാത്സംഗ കേസിൽ റാപ്പർ വേടന്റെ ചോദ്യം ചെയ്യൽ അവസാനിച്ചു. കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് കോടതിയുടെ പരിഗണനയിലുള്ള കേസായതിനാൽ ഇപ്പോൾ ഒന്നും പറയുന്നില്ല, എല്ലാം പറയാം എന്നായിരുന്നു വേടന്റെ മറുപടി. കോടതി നടപടികളുമായി സഹകരിക്കുമെന്നും വേടൻ പറഞ്ഞു. മുന്‍കൂര്‍ ജാമ്യം ലഭിച്ചിട്ടുള്ളതിനാൽ ചോദ്യം ചെയ്യൽ പൂര്‍ത്തിയായതിന് ശേഷം വേടനെ വിട്ടയച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവനടിയുടെ മൊഴിയില്‍ ക്രൈംബ്രാഞ്ച് നിയമോപദേശം തേടും. വെളിപ്പെടുത്തലിൽ ഉറച്ചുനിന്ന നടി, രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച മെസേജുകളുടെ സ്ക്രീൻഷോട്ടും ക്രൈംബ്രാഞ്ചിന് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ നടിയെ പരാതിക്കാരിയാക്കാൻ കഴിയുമോയെന്നറിയാനാണ് നിയമോപദേശം. തെളിവുകൾ കൈമാറിയെങ്കിലും നിയമനടപടിക്ക് താൽപര്യമില്ലെന്ന് നടി അറിയിച്ചിരുന്നു.
ചേർത്തലയിലെ ബിന്ദു പത്മനാഭന്‍റെ കൊലപാതക കേസിലും സെബാസ്റ്റ്യനെ കുരുക്കാൻ ക്രൈംബ്രാഞ്ച്. സെബാസ്റ്റ്യനെ കേസിൽ പ്രതിചേർത്ത് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് നീക്കം. സെബാസ്റ്റ്യനെ പ്രതിച്ചേർക്കാൻ അന്വേഷണസംഘം അടുത്ത ദിവസം കോടതിയിൽ റിപ്പോർട്ട് നൽകും. ഏറ്റുമാനൂർ സ്വദേശി ജൈനമ്മയുടെ കൊലപാതകക്കേസിൽ നിലവിൽ റിമാന്റിലാണ് ചേർത്തല പള്ളിപ്പുറം സ്വദേശി സി എം സെബാസ്റ്റ്യൻ.
പൊലീസ് അതിക്രമ പരാതി സംസ്ഥാനത്ത് വ്യാപകമെന്ന് കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ. 20 ലക്ഷം വാഗ്ദാനം ചെയ്തിട്ടും കോൺഗ്രസ് നേതാവ് വർഗീസും സുജിത്തും വഴങ്ങിയില്ല. ബിജെപി കൗൺസിലർ ബിനു പ്രസാദ് ഇന്നലെ കുന്നംകുളം കൗൺസിൽ യോഗത്തിൽ വച്ച് 10 ലക്ഷം വാങ്ങി ബിജെപി നേതാക്കൾ കേസ് ഒത്തുതീർപ്പാക്കി എന്ന് പറഞ്ഞു. ഷാജഹാൻ ഉൾപ്പെടെയുള്ള അഞ്ച് പൊലീസുകാർക്കെതിരെയുള്ള എഫ്ഐആർ ഒരു ദിവസം കൊണ്ട് അപ്രത്യക്ഷമായെന്നും സന്ദീപ് ആരോപിച്ചു.
യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെതിരെ വീണ്ടും വിമർശനവുമായി കെ ടി ജലീൽ എംഎൽഎ. ഫിറോസിന്റേത് റിവേഴ്സ് ഹവാല നടത്തുന്ന കമ്പനിയെന്ന് കെ ടി ജലീൽ ഫേസ്ബുക്കിലൂടെ വിമർശിച്ചു. കെ ടി ജലീലിൽ മനോനില തെറ്റിയ നേതാവാണെന്നും ചികിത്സ നൽകണമെന്നും യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ടി പി അഷ്‌റഫലി തിരിച്ചടിച്ചു.
പത്തനംതിട്ട അടൂർ താലൂക്ക് ഓഫീസിലെ ഓഫീസ് അറ്റൻഡർക്ക് സസ്പെൻഷൻ. ട്രാഫിക് എസ്ഐക്ക് വേണ്ടി കൈക്കൂലി വാങ്ങിയതിനാണ് സസ്പെൻഡ് ചെയ്തത്. ഓഫീസ് അറ്റൻഡർ വിഷ്ണു എസ് ആറിനെയാണ് സസ്പെൻഡ് ചെയ്തത്. റവന്യു വകുപ്പ് അണ്ടർ സെക്രട്ടറിയുടെതാണ് നടപടി. പത്തനംതിട്ട യൂണിറ്റിലെ മുൻ ട്രാഫിക് എസ് ഐ സുമേഷ് ലാൽ ഡി എസിന് വേണ്ടി ഇയാൾ ടിപ്പർ ലോറി ഉടമകളിൽ നിന്നും ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു.
രാജ്യവ്യാപകമായി വോട്ടർ പട്ടികയിൽ സമഗ്രമായ മാറ്റങ്ങൾ വരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ. ഒക്ടോബറിൽ ഇതിനായുള്ള നടപടികൾ ആരംഭിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ പറഞ്ഞു. ബുധനാഴ്ച എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് ഇലക്ടറൽ ഓഫീസർമാരുമായി (സിഇഒ) നടത്തിയ യോഗത്തിലാണ് ഈ നിർദ്ദേശത്തിന് അംഗീകാരം ലഭിച്ചത്.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്തിട്ടില്ലെന്ന് ആർജെഡി. പാര്‍ട്ടിയിലെ 9 എംപിമാരും ഒറ്റക്കെട്ടായാണ് പ്രതിപക്ഷ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തതെന്ന് തേജസ്വി യാദവ് വ്യക്തമാക്കി. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ആർജെഡി എംപിമാരടക്കം ക്രോസ് വോട്ട് ചെയ്തെന്ന് ചില റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് തേജസ്വി യാദവിന്‍റെ പ്രതികരണം.
ദില്ലി കലാപ ഗൂഢാലോചന കേസിൽ പ്രതിയായ ജെഎൻയു വിദ്യാര്‍ത്ഥി നേതാവ് ഉമർ ഖാലിദ് സുപ്രീം കോടതിയിൽ ജാമ്യ ഹർജി നൽകി. ദില്ലി ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീൽ നൽകിയിരിക്കുന്നത്. ദില്ലി ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. കേസിൽ പ്രതികളായ ഉമര്‍ ഖാലിദ്, ഷർജീൽ ഇമാം അടക്കമുള്ള എട്ട് പേരുടെ ജാമ്യാപേക്ഷയാണ് കഴിഞ്ഞ ദിവസം ദില്ലി ഹൈക്കോടതി തള്ളിയത്. കലാപത്തിന്റെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് 2020 സെപ്റ്റംബറിൽ ഉമർ ഖാലിദിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്
നേപ്പാളിലെ കലാപത്തെ തുടർന്ന അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യ. യുപി, ബീഹാർ അടക്കം അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി. നേപ്പാളിലെ സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ ഉന്നതലയോഗം ചേർന്നിരുന്നു.ഉത്തരാഖണ്ഡ്, യുപി, ബിഹാർ സംസ്ഥാനങ്ങളിലെ അതിർത്തി പ്രദേശങ്ങൾ അതീവ ജാഗ്രത പുലർത്തുന്നു.
നേപ്പാളിൽ സാമൂഹ്യമാധ്യമ നിരോധനത്തെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട ജെൻ സി പ്രക്ഷോഭത്തിനിടെ ജയിൽ ചാടിയ അഞ്ച് പേരെ പിടികൂടി എസ് എസ് ബി. ഇന്ത്യയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ് ഇവരെ പിടിയിലായത്. ഉത്തർപ്രദേശിലെ സിദ്ധാർത്ഥ് നഗർ അതിർത്തിയിലൂടെ ഇന്ത്യയിലെ കടക്കാൻ ആയിരുന്നു ജയിൽ ചാടിയവരുടെ ശ്രമം.
കാനഡയിലെ കർശനമായ വിസ നിയമങ്ങൾ ഇന്ത്യൻ വിദ്യാർത്ഥികളെ വലിയ രീതിയിൽ ബാധിക്കുന്നു. 2025ൽ 80% ഇന്ത്യൻ വിദ്യാർത്ഥികളുടെയും വിസ അപേക്ഷകൾ നിരസിക്കപ്പെട്ടു. ഇത് ആഗോള വിദ്യാർത്ഥികളുടെ രാജ്യത്തേക്കുള്ള വരവിനെ വലിയ രീതിയിൽ ബാധിച്ചു.
ഇസ്രായേലി ആക്രമണത്തിന് പിന്നാലെ ഖത്തറിന് ഐക്യദാർഢ്യവുമായി അറബ് രാജ്യതലവന്മാർ ദോഹയിലേക്ക്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈകിട്ട് ദോഹയിലെത്തി. ഖത്തർ ഭരണകൂടത്തിലെ ഉന്നതരുമായി കൂടിക്കാഴ്ച നടത്തും. സൗദി, ജോർദാൻ ഭരണധിപൻമാരും ഇന്ന് ദോഹയിൽ എത്തുന്നുണ്ട്. ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് ഒമാൻ സുൽത്താനും പ്രസ്താവനയിറക്കി.
ആഭ്യന്തര പ്രക്ഷോഭങ്ങളില്‍ പൊറുതിമുട്ടുന്ന അയല്‍രാജ്യങ്ങളെ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ഭരണഘടനയുടെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞ് സുപ്രീം കോടതി. നമ്മുടെ ഭരണഘടനയില്‍ നമ്മള്‍ അഭിമാനിക്കുന്നതായി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് പറഞ്ഞു. അയല്‍രാജ്യങ്ങളായ നേപ്പാളിലും ബംഗ്ലാദേശിലും നടക്കുന്ന രാഷ്ട്രീയ രാഷ്ട്രീയ അരക്ഷിതാവസ്ഥയും പ്രക്ഷോഭങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതിയുടെ അഭിപ്രായ പ്രകടനം.
നേപ്പാളിലെ ജെന്‍ സീ പ്രക്ഷോഭകര്‍ മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കിയെ ഇടക്കാല സര്‍ക്കാര്‍ മേധാവിയായി തിരഞ്ഞെടുത്തു. ബുധനാഴ്ച അവര്‍ ജെന്‍ സീ നടത്തുന്നപ്രതിഷേധ പ്രകടനത്തില്‍ ഭാഗമായിരുന്നു. പിന്നാലെയാണ് പുതിയ തീരുമാനം പുറത്തുവന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന്റെ രാജിയില്‍ വെളിപ്പെടുത്തലുമായി ആര്‍എസ്എസ് സൈദ്ധാന്തികന്‍ എസ് ഗുരുമൂര്‍ത്തി. ധന്‍കര്‍ ഭരണകക്ഷിക്ക് ചേരാത്ത രീതിയില്‍ പെരുമാറിയതിനാലാണ് അദ്ദേഹത്തിന് സ്ഥാനമൊഴിയേണ്ടി വന്നതെന്ന് ഗുരുമൂര്‍ത്തി പറഞ്ഞു.