വേനല്‍ക്കാലത്ത് രാത്രികാല ദിനചര്യ ക്രമീകരിക്കുന്നത് ചൂടിനെ പ്രതിരോധിക്കാന്‍ സഹായിക്കും. രാത്രി ഉറങ്ങുന്നതിന് മുന്‍പ് ചെറുചൂടുവെള്ളത്തില്‍ കുളിക്കുന്നത് രാത്രികാലങ്ങളിലെ ഉഷ്ണം കുറയാനും ശരീരതാപനില ക്രമീകരിക്കാനും സഹായിക്കും. ചൂടുകാലാവസ്ഥയില്‍ തണുത്ത വെള്ളത്തിലുള്ള കുളി ഒഴിവാക്കുന്നതാണ് നല്ലത്. ഇത് പിന്നീട് ശരീരം ചൂടാകാന്‍ കാരണമാകും. രാത്രി വൈകി വലിയ അളവില്‍ ഭക്ഷണം കഴിക്കുന്നത് ആന്തരിക താപനില വര്‍ധിപ്പിക്കും. ഇത് ശരീരം ചൂടാകാനും ഉഷ്ണം തോന്നാനും കാരണമാകും. രാത്രി വൈകിയുള്ള സ്‌ക്രീന്‍ സമയവും ഇത് കാരണമാകാം. ഇത് മെലറ്റോണിന്‍ ഉല്‍പാദനത്തെ തടസ്സപ്പെടുത്തുക മാത്രമല്ല, മാനസികമായും ബാധിക്കും. പകല്‍ സമയത്ത് ചൂട് തടയാന്‍ ജനാലകളും കര്‍ട്ടനുകളും അടച്ചിടുക. രാത്രിയില്‍, കട്ടികുറഞ്ഞ കോട്ടണ്‍ ബെഡ് ഷീറ്റുകള്‍ തിരഞ്ഞെടുക്കുക. രാത്രി ജനാലകള്‍ തുറന്നിടാന്‍ സുരക്ഷിതമെങ്കില്‍ തണുത്ത കാറ്റ് കിട്ടാന്‍ സഹായിക്കും. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നത് മെച്ചപ്പെട്ട ഉറക്കത്തിനും ശരീരതാപനില ക്രമീകരിക്കാനും സഹായിക്കും. കൂടാതെ ഉറങ്ങുന്നതിനുമുമ്പ് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക. ഇലക്ട്രോണിക് ഉപകരണങ്ങള്‍ മുറി ചൂടാവാന്‍ കാരണമാകുന്നു. അതിനാല്‍ ഉപകരണങ്ങള്‍ ഉറങ്ങുന്നതിന് മുന്‍പ് അണ്‍പ്ലഗ് ചെയ്യാന്‍ മറക്കരുത്. ലൈറ്റുകള്‍ നേരത്തെ ഓഫ് ചെയ്യുക.