രാജ്യത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോളുകളെ തള്ളി എക്‌സാറ്റ് പോള്‍. മൂന്നാമൂഴത്തിനുള്ള നരേന്ദ്രമോദി സര്‍ക്കാരിനുള്ള പ്രതീക്ഷ നല്‍കുന്ന ജനവിധിയാണെങ്കിലും ബിജെപിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ചില്ല. നിലവില്‍ മൂന്നൂറിനടുത്ത് സീറ്റുകളില്‍ എന്‍ഡിഎ മുന്നണിയും 230 നടുത്ത് സീറ്റുകളില്‍ ഇന്ത്യാ മുന്നണിയും മുന്നിട്ടു നില്‍ക്കുകയാണ്. ഇരുപത് സീറ്റിനടുത്ത് മറ്റുള്ളവരും മുന്നിട്ടു നില്‍ക്കുന്നു.
ഇന്ത്യാ മുന്നണി അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയ സാഹചര്യത്തില്‍ നിര്‍ണ്ണായക നീക്കങ്ങളുമായി കോണ്‍ഗ്രസ്. നിലവില്‍ ഇന്ത്യാ സഖ്യം 225 സീറ്റിലോളം മുന്നേറുന്ന സാഹചര്യത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിക്കാന്‍ കോണ്‍ഗ്രസ് നീക്കം ആരംഭിച്ചു. ചന്ദ്രബാബു നായിഡുവിന്റെ ടി ഡി പി, നവീന്‍ പട്‌നായിക്കിന്റെ ബിജെഡി, ജഗന്‍മോഹന്‍ റഡ്ഡിയുടെ വൈ എസ് ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികളുമായി കോണ്‍ഗ്രസ് സംസാരിക്കും. നിതീഷ് കുമാറിന്റെ ജെഡിയുവിനെയും ഇന്ത്യാ മുന്നണിയിലേക്ക് അടുപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങി.
എന്‍ഡിഎയെ ഞെട്ടിച്ച് ഇന്ത്യാ മുന്നണി അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയതോടെ മൂന്നാം വട്ടവും ഭരണം ഉറപ്പിക്കാനുള്ള നിര്‍ണായ നീക്കവുമായി ബിജെപി. ടിഡിപിയെ എന്‍ഡിഎയില്‍ തന്നെ നിര്‍ത്തുന്നതിനായി ചന്ദ്രബാബു നായിഡുവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഫോണില്‍ സംസാരിച്ചു. എന്‍ഡിഎയില്‍ തന്നെ ഉറച്ച് നില്‍ക്കുമെന്നാണ് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു വ്യക്തമാക്കിയത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് മുന്നേറ്റം. 18 സീറ്റുകളിലാണ് യുഡിഎഫിന്റെ മുന്നേറ്റം. യുഡിഎഫ് മുന്നേറ്റത്തിലും തൃശൂര്‍ കീഴടക്കി സുരേഷ് ഗോപി. ആലത്തൂരില്‍ മാത്രമാണ് എല്‍ഡിഎഫിന് വിജയം നേടാനായത്.
തിരുവനന്തപുരത്ത് യുഡിഎഫിന്റെ ശശിതരൂര്‍ എന്‍ഡിഎയുടെ രാജീവ് ചന്ദ്രശേഖറെ പിന്നിലാക്കിയത് ഏറെ വിയര്‍ത്താണ് .അവസാനം വരെ ലീഡ് പിടിച്ച രാജീവ് ചന്ദ്രശേഖറിനെതിരെ 16077 വോട്ടിന്റെ ലീഡാണ് ശശിതരൂരിന് ലഭിച്ചത്. എല്‍ഡിഎഫിന്റെ പന്ന്യന്‍ രവീന്ദ്രന്‍ മൂന്നാം സ്ഥാനത്താണ്.
കേരളം കണ്ട ഏറ്റവും വലിയ ഫോട്ടോഫിനിഷിനൊടുവില്‍ അസാനത്തെ റൗണ്ടിലാണ് ആറ്റിങ്ങലില്‍ യുഡിഎഫിന്റെ അടൂര്‍ പ്രകാശ് എല്‍ഡിഎഫിന്റെ വി ജോയിയെ 1708 വോട്ടുകള്‍ക്ക് പിന്നിലാക്കിയത്. മൂന്ന് ലക്ഷത്തിലധികം വോട്ടുകള്‍ നേടിയ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രി വി.മുരളീധരന്റെ മികച്ച പ്രകടനമാണ് കാര്യങ്ങള്‍ ഫോട്ടോ ഫിനിഷിലേക്കെത്തിച്ചത്.
ഒന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കൊല്ലത്തിന്റെ പ്രേമലുവായ യുഡിഎഫിന്റെ എന്‍.കെ.പ്രേമചന്ദ്രന്‍ എല്‍ഡിഎഫിന്റെ എം.മുകേഷിനെ മലര്‍ത്തിയടിച്ചത്. എന്‍ഡിഎയുടെ കൃഷ്ണകുമാര്‍ ഒന്നരലക്ഷത്തിലധികം വോട്ടുകള്‍ നേടി മൂന്നാമതെത്തി.
പത്തനംതിട്ടയില്‍ യുഡിഎഫിന്റെ ആന്റോ ആന്റണി എല്‍ഡിഎഫിന്റെ ടി.എം.തോമസ് ഐസകിനെ മലര്‍ത്തിയടിച്ചത് 66,064 വോട്ടുകള്‍ക്കാണ്. 2,34,098 പിടിച്ച എന്‍ഡിഎയുടെ അനില്‍ ആന്റണി മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.
മാവേലിക്കരയിലെ വാശിയേറിയ മത്സരത്തില്‍ ഒടുവില്‍ വിജയം യുഡിഎഫിന്റെ കൊടിക്കുന്നില്‍ സുരേഷിനൊപ്പം. 9,323 വോട്ടിനാണ് എല്‍ഡിഎഫിന്റെ സി.എ.അരുണ്‍കുമാറിനെ സുരേഷ് തോല്‍പിച്ചത്. എന്‍ഡിഎയുടെ ബൈജി കലാശാലക്ക് 1,40,658 വോട്ട് കിട്ടി.
ആലപ്പുഴ മണ്ഡലം എല്‍ഡിഎഫിലെ എ.എം.ആരിഫില്‍ നിന്ന് തിരിച്ചു പിടിച്ച് യുഡിഎഫ്. 62650 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫിന്റെ കെ.സി.വേണുഗോപാല്‍ ഈ മണ്ഡലം സ്വന്തമാക്കിയത്. എന്‍ഡിഎ യുടെ ശോഭ സുരേന്ദ്രന്‍ 2,95, 841 വോട്ടു നേടി കനത്തവെല്ലുവിളിയാണ് ഉയര്‍ത്തിയത്.
കോട്ടയം മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ തോമസ് ചാഴിക്കാടനെ വീഴ്ത്തി യുഡിഎഫിന്റെ ഫ്രാന്‍സിസ് ജോര്‍ജ്. 87,464 വോട്ടിനാണ് ഫ്രാന്‍സിസ് ജോര്‍ജിന്റെ വിജയം. 1,63,605 വോട്ടു നേടിയ എന്‍ഡിഎ യുടെ തുഷാര്‍ വെള്ളാപ്പള്ളി മൂന്നാമതെത്തി.
ഇടുക്കിയില്‍ എല്‍ഡിഎഫിന്റെ ജോയ്‌സ് ജോര്‍ജിനെ 1,33,727 വോട്ടിനെ തോല്‍പിച്ച യുഡിഎഫിന്റെ ഡീന്‍ കുര്യാക്കോസിന് വമ്പന്‍ വിജയം. മൂന്നാമതെത്തിയ സംഗീത വിശ്വനാഥന് 91,323 വോട്ടാണ് ലഭിച്ചത്.
എറണാകുളം മണ്ഡലത്തില്‍ 2,50,385 വോട്ടിന് എല്‍ഡിഎഫിന്റെ കെ.ജെ.ഷൈനെ തകര്‍ത്ത് യു.ഡി.എഫിന്റെ ഹൈബി ഈഡന്‍. 1,44,500 വോട്ടാണ് എന്‍ഡിഎയുടെ കെ.എസ്.രാധാകൃഷ്ണനെ ലഭിച്ചത്.
ചാലക്കുടി മണ്ഡലത്തില്‍ യുഡിഎഫിന്റെ ബെന്നി ബെഹനാന്‍ 63,769 വോട്ടിന് എല്‍ഡിഎഫിന്റെ സി.രവീന്ദ്രനാഥിനെ തോല്‍പിച്ചു. 1,06,245 വോട്ടു നേടി എന്‍ഡിഎ യുടെ കെ.എ.ഉണ്ണികൃഷ്ണന്‍ മൂന്നാമതെത്തി. ട്വന്റി20 യുടെ ചാര്‍ളി പോള്‍ 1,05,560 വോട്ടു നേടിയതാണ് ബെന്നി ബെഹനാന്റെ ലീഡ് കുറയാന്‍ കാരണമായതെന്ന് റിപ്പോര്‍ട്ടുകള്‍.
തൃശൂരെടുത്ത് സുരേഷ്‌ഗോപി. തൃശൂര്‍ മണ്ഡലത്തില്‍ 412338 വോട്ടു നേടിയ എന്‍ഡിഎയുടെ സുരേഷ്‌ഗോപിക്ക് എല്‍ഡിഫിന്റെ വി.എസ്.സുനില്‍ കുമാറിനേക്കാള്‍ 74686 വോട്ടിന്റെ ഭൂരിപക്ഷം. മൂന്നാം സ്ഥാനത്തെത്തിയ യുഡിഎഫിന്റെ കെ.മുരളീധരന് 3,28,124 വോട്ടാണ് ലഭിച്ചത്.
ആലത്തൂരിലെ കെ.രാധാകൃഷ്ണന്‍ കേരളത്തിലെ ഇടതുമുന്നണിയുടെ ഏകകനല്‍ത്തരി. യുഡിഎഫിന്റെ രമ്യാ ഹരിദാസിനെ 20,111 വോട്ടിനാണ് കെ.രാധാകൃഷ്ണന്‍ തോല്‍പിച്ചത്. 1,88,230 വോട്ടു നേടി എന്‍ഡിഎ യുടെ ടി.എന്‍.സരസു.
യുഡിഎഫിന്റെ വി.കെ.ശ്രീകണ്ഠന് പാലക്കാട്ട് ഉജ്വല വിജയം. എല്‍ഡിഎഫിന്റെ കരുത്തനായ സ്ഥാനാര്‍ത്ഥി എ.വിജയരാഘവനേയാണ് ശ്രീകണ്ഠന്‍ തോല്‍പിച്ചത്. 2,49,568 വോട്ടു നേടി എന്‍ഡിഎയുടെ സി.കൃഷ്ണകുമാര്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെച്ചു.
പൊന്നാനിയില്‍ യുഡിഎഫിന്റെ എം.പി.അബ്ദുസമദ് സമദാനിക്ക് 2,35,090 വോട്ടിന്റെ ഭൂരിപക്ഷം. എല്‍ഡിഎഫിന്റെ കെ.എസ് ഹംസയെയാണ് സമദാനി തോല്‍പിച്ചത്. എന്‍ഡിഎ യുടെ നിവേദിതക്ക് 1,24,295 വോട്ടു ലഭിച്ചു.
3,00,118 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷമാണ് മലപ്പുറത്ത് യുഡിഎഫിന്റെ ഇ.ടി.മുഹമ്മദ് ബഷീഷിന് ലഭിച്ചത്. എല്‍ഡിഎഫിന്റെ വി.വസീഫ് രണ്ടാമതെത്തിയപ്പോള്‍ 85,361 വോട്ടു നേടിയ ഡോ.എം.അബ്ദുള്‍ സലാം മൂന്നാമതെത്തി.
കോഴിക്കോട് മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ എളമരം കരീമിനെ 145894 വോട്ടിന് തോല്‍പിച്ച് യുഡിഎഫിന്റെ എം.കെ.രാഘവന്‍ . മൂന്നാമതെത്തിയ എന്‍ഡിഎ യുടെ എം.രമേശിന് 1,78,713 വോട്ടാണ് ലഭിച്ചത്.
കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവുമായി വയനാടില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 3,64,422 വോട്ടിനാണ് എല്‍ഡിഎഫിന്റെ ആനിരാജയെ രാഹുല്‍ തോല്‍പിച്ചത്. ബിജെപിയുടെ സംസ്ഥാന പ്രസിഡണ്ടും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ.സുരേന്ദ്രന് 141045 വോട്ടാണ് ലഭിച്ചത്.
കേരളത്തിലെ ഏറ്റവും ജനശ്രദ്ധയാകര്‍ഷിച്ച മണ്ഡലമായ വടകരയില്‍ വിജയം ഷാഫി പറമ്പിലിനൊപ്പം. എല്‍ഡിഎഫിന്റെ കരുത്തുറ്റ സ്ഥാനാര്‍ത്ഥിയായ കെ.കെ.ഷൈലജ ടീച്ചറെ ഷാഫി തോല്‍പിച്ചത് 1,14,940 വോട്ടിനാണ്. മൂന്നാമതെത്തിയ സി.ആര്‍ പ്രഫുല്‍ കൃഷ്ണന്‍ 1,09,724 വോട്ടു നേടി മൂന്നാമതെത്തി.
കേരളത്തില്‍ യുഡിഎഫ് അനുകൂല ട്രെന്‍ഡാണെന്ന് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ. നവമാധ്യമ പ്രചാരണം ഫലത്തെ സ്വാധീനിച്ചതായും വ്യക്തമാക്കി. ട്രെന്‍ഡ് എന്ന നിലയില്‍ 2019ലെ സമാന സാഹചര്യമാണ് കേരളത്തില്‍ കാണുന്നതെന്നും ശൈലജ ടീച്ചര്‍ പ്രതികരിച്ചു.
കെ കെ ശൈലജ ടീച്ചര്‍ക്ക് സ്‌നേഹ കുറിപ്പുമായി കെ കെ രമ. ചിരി മായാതെ മടങ്ങൂ ടീച്ചര്‍ എന്നാണ് യു ഡി എഫ് എം എല്‍ എ സ്‌നേഹത്തോടെ കുറിച്ചത്. മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കി വെക്കണം മനുഷ്യനെന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണ് വടകരയെന്നും അങ്ങനെയുള്ള വടകരയില്‍ നിന്ന് മടങ്ങുമ്പോള്‍ ചിരി മായാതെ വേണം ടീച്ചര്‍ മടങ്ങാനെന്നും രമ ചൂണ്ടികാട്ടി.
കെപിസിസി പ്രസിഡണ്ടും യുഡിഫ് സ്ഥാനാര്‍ത്ഥിയുമായ കെ.സുധാകരന് കണ്ണൂര്‍ മണ്ഡലത്തില്‍ തിളക്കമാര്‍ന്ന വിജയം. എല്‍ഡിഎഫിന്റെ എം.വി.ജയരാജനെ 1,08,411 വോട്ടിനാണ് സുധാകരന്‍ തോല്‍പിച്ചത്. എന്‍ഡിഎ യുടെ സി.രഖുനാഥ് 1,19,496 വോട്ടു നേടി മൂന്നാമതെത്തി.
കണ്ണൂര്‍ മണ്ഡലത്തില്‍ വോട്ടെണ്ണിയപ്പോള്‍ ഇടത് കോട്ടകളില്‍ വിള്ളല്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ ധര്‍മ്മടം മണ്ഡലത്തിലും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ തളിപ്പറമ്പ് മണ്ഡലത്തിലും കെകെ ശൈലജയുടെ മട്ടന്നൂര്‍ മണ്ഡലത്തിലും കെ സുധാകരന്‍ ഭൂരിപക്ഷം നേടി.
കാസര്‍കോഡ് മണ്ഡലത്തില്‍ യുഡിഫിന്റെ രാജ് മോഹന്‍ ഉണ്ണിത്താന്‍ എല്‍ഡിഎഫിന്റെ എം.വി.ബാലകൃഷ്ണനെ 93,869 വോട്ടിന് തോല്‍പിച്ചു.എന്‍ഡിഎ യുടെ എം.എല്‍.അശ്വനി 2,09,270 വോട്ടു നേടി.
കെ മുരളീധരന് സംഭവിച്ചത് അപ്രതീക്ഷിത തോൽവിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.ബിജെപി- സിപിഎം ഗൂഢാലോചനയിലൂടെ അപകടകരമായ നീക്കം നടക്കുന്നുവെന്ന് നേരത്തെ പറഞ്ഞതാണ്. അതാണ് തൃശ്ശൂരിലെ തോൽവിക്ക് കാരണമെന്ന് വിഡി സതീശൻ പറഞ്ഞു. പൂരം കലക്കി കൊണ്ട് ബിജെപിക്ക് അനുകൂല സാഹചര്യം സിപിഎം ഒരുക്കിയെന്നും, അത് യുഡിഎഫ് പരിശോധിക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
ബിജെപി കേരളത്തില്‍ ജയിക്കില്ലെന്ന പ്രചാരണത്തിന് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് കെ സുരേന്ദ്രൻ. സംസ്ഥാനത്തിന്‍റെ ചരിത്രത്തിലാദ്യമായി താമര ചിന്ഹത്തില്‍ ഒരു സ്ഥാനാര്‍ത്ഥി വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചത് മാറ്റത്തിന്‍റെ തെളിവാണ്.ഈ വിജയം സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നും ഗെയിം ചേഞ്ചര്‍ ആകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം അസാധാരണ വിധിയല്ലെന്ന് മന്ത്രി എം ബി രാജേഷ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും സമാന വിധിയുണ്ടായി. തുടർന്ന് വിശകലനം ചെയ്ത് കാരണങ്ങള്‍ കണ്ടെത്തി പരിഹരിച്ചു. ജനാധിപത്യത്തിൽ ഇതെല്ലാം സാധാരണമാണ്. പരമാധികാരികള്‍ ജനങ്ങളാണെന്നും എം ബി രാജേഷ് പറഞ്ഞു.
തൃശ്ശൂരിൽ മാത്രമല്ല കേരളത്തിൽ പലയിടത്തും ബിജെപിയുടെ സാന്നിധ്യം ശക്തമായെന്ന് കെ.മുരളീധരൻ. തിരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറ്റിങ്ങലിൽ വലിയ വ്യത്യാസമില്ലാതെ ബിജെപി എൽഡിഎഫിന് അടുത്തെത്തിയെന്നും, പതിവില്ലാതെ രണ്ടു മുന്നണികൾക്കൊപ്പം ബിജെപിയുടെ സാന്നിധ്യം ഉണ്ടായെന്നും ഇത് വളരെ ജാഗ്രതയോടെ ശ്രദ്ധിക്കേണ്ട കാര്യമാണെന്നും മുരളീധരൻ വ്യക്തമാക്കി.
ഇന്ത്യാ മുന്നണിയുടെ പ്രകടനത്തില്‍ പ്രതികരണവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും, പികെ കുഞ്ഞാലിക്കുട്ടിയും. മുൻധാരണകളെ തിരുത്തുന്ന ഫലങ്ങളാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്നത്ഇന്ത്യൻ ജനത മാറിയിരുക്കുന്നു,എന്നതിന്‍റെ തെളിവാണിതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.പാണക്കാട് കുടുംബത്തിന് കീഴില്‍ മുസ്ലീം ലീഗ് ഭദ്രമെന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് പികെ കുഞ്ഞാലിക്കുടി പറഞ്ഞു.തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം ഒറ്റപ്പെട്ട സംഭവമാണ് ഇക്കാര്യം ചർച്ച ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എന്‍.ഡി.എയ്ക്ക് മൂന്നാം തവണയും വിജയം സമ്മാനിച്ചതിന് ജനങ്ങള്‍ക്ക് നന്ദി പറയുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടര്‍ച്ചയായ മൂന്നാം തവണയും ജനം എന്‍ഡിഎയില്‍ വിശ്വാസമര്‍പ്പിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന നേട്ടമാണിത് – അദ്ദേഹം എക്‌സില്‍ കുറിച്ചു. ജനങ്ങളുടെ സ്‌നേഹത്തിന് മുന്നില്‍ ശിരസ് നമിക്കുന്നു. ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ കഴിഞ്ഞ പത്ത് വര്‍ഷമായി നടത്തിവന്ന നല്ല പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഉറപ്പ് നല്‍കുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള വേട്ടയാടലിനെതിരെയാണ് ഈ വിധിയെഴുത്ത്. ഇന്ത്യൻ ജനത അവരുടെ ജനാധിപത്യത്തെ സംരക്ഷിക്കാൻ വേണ്ടിയുള്ള പോരാട്ടമാണ് നടത്തിയത്. പോരാട്ടം ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെയല്ല. തെരഞ്ഞെടുപ്പ് ഫലം മോദിക്കുള്ള വലിയ സന്ദേശമാണ്. വാഗ്ദാനങ്ങൾ പാലിക്കുമെന്നും രാഹുൽ വ്യക്തമാക്കി.
രാജ്യത്തെ ഇന്ത്യാമുന്നണിയുടെ തിളക്കമാര്‍ന്ന വിജയത്തിന് കാരണമായത് കേരളത്തിലേയും തമിഴ്‌നാട്ടിലേയും ഉത്തര്‍പ്രദേശിലേയും മഹാരാഷ്ട്രയിലേയും രാജസ്ഥാനിലേയും മികച്ച പ്രകടനം. മഹാരാഷ്ട്രയിലെ 48ല്‍ 29 ഉം, തമിഴ്‌നാട്ടിലെ 39 ല്‍ 39 ഉം ഉത്തര്‍പ്രദേശിലെ 80 ല്‍ 43 ഉം രാജസ്ഥാനിലെ 25ല്‍ 10ഉം ഇന്ത്യാമുന്നണിക്കൊപ്പം നിന്നു. പശ്ചിമബംഗാളിലെ 42 ല്‍ 29 ഉം ടിഎംസി ക്കൊപ്പമാണ്. ബീഹാറിലെ 30 ല്‍ 9 ഉം ഹരിയാനയിലെ 10ല്‍ 5 ഉം ജാര്‍ഖണ്ഡിലെ 14 ല്‍ 5 ഉം കര്‍ണാടകയിലെ 28 ല്‍ 9 ഉം ഇന്ത്യാ മുന്നണി നേടി.
ആന്ധ്രാപ്രദേശിലെ 25 ല്‍ 21 ഉം ആസാമിലെ 14ല്‍ 9 ഉം ബീഹാറിലെ 40 ല്‍ 30 ഉം ചത്തീസ്ഗഡിലെ 11ല്‍ 10 ഉം ഡല്‍ഹിയിലെ 7ല്‍ 7 ഉം ഗുജറാത്തിലെ 26 ല്‍ 25 ഉം കര്‍ണാടകയിലെ 28 ല്‍ 19 ഉം മധ്യപ്രദേശിലെ 29 ല്‍ 29 ഉം ഒഡീഷയിലെ 21 ല്‍ 19 ഉം രാജസ്ഥാനിലെ 25ല്‍ 14 ഉം തെലുങ്കാനയിലെ 8ല്‍ 8ഉം ഉത്തരാഖണ്ഡിലെ 5 ല്‍ 5ഉം ഉത്തര്‍പ്രദേശിലെ 80 ല്‍ 36 ഉം പശ്ചിമബംഗാളിലെ 42ല്‍ 12ഉം സീറ്റുകളാണ് എന്‍ഡിഎക്ക് 300 നടുത്ത എത്താന്‍ സഹായമായത്.
ആന്ധ്ര പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടി വന്‍തിരിച്ചുവരവാണ് നടത്തിയത്. ജഗന്‍ മോഹന്‍ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്യുമെന്ന് പ്രഖ്യാപിച്ച അതേദിവസം അധികാരമേറ്റ് മധുര പ്രതികാരം ചെയ്യാന്‍ ചന്ദ്രബാബു നായിഡു തീരുമാനിച്ചു. ജൂണ്‍ 9ന് ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്യുമെന്ന് ടിഡിപി അറിയിച്ചു. 175 സീറ്റുകളില്‍ 149 സീറ്റുകളിലും ടിഡിപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യമാണ് ലീഡ് ചെയ്യുന്നത്.
ഒഡീഷ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റവുമായി ബിജെപി. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന ഫലസൂചനകള്‍ അനുസരിച്ച് 147 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 72 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുമ്പോള്‍ ബിജെഡി 59സീറ്റിലും കോണ്‍ഗ്രസ് 13 സീറ്റിലും സിപിഎം ഒരു സീറ്റിലും സ്വതന്ത്രര്‍ രണ്ട് സീറ്റിലും ലീഡ് ചെയ്യുന്നു. കേവല ഭൂരിപക്ഷത്തിന് 74 സീറ്റുകളാണ് വേണ്ടത്.
നോട്ടക്കുള്ള വോട്ടുകളില്‍ വന്‍കുറവ്. ജനാധിപത്യ പ്രക്രിയയില്‍ ഭാഗമാവുകയും എന്നാല്‍ സ്ഥാനാര്‍ത്ഥികളോടുള്ള അതൃപ്തി വ്യക്തമാക്കാനായി നോട്ടയ്ക്ക് വോട്ട് ചെയ്യുകയും ചെയ്യുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നതാണ് വിവിധ മണ്ഡലങ്ങളിലെ വോട്ട് നിലകളിലെ ലീഡ് മാറ്റത്തോടൊപ്പം ശ്രദ്ധേയമാകുന്നത്.
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പോരാട്ടം തുടരുമെന്നും കോണ്‍ഗ്രസിന്റെ എല്ലാ പ്രവര്‍ത്തകര്‍ക്കും ഇന്ത്യാ മുന്നണിയിലെ എല്ലാ പാര്‍ട്ടികളിലെയും പ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നുവെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഖാര്‍ഗെ പറഞ്ഞു.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു. 92 വയസായിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദി ഹിന്ദു, ദി സ്റ്റേറ്റ്മാന്‍, ഡെക്കാണ്‍ ഹെറാള്‍ഡ് , പേട്രിയറ്റ്, യുഎന്‍ഐ അടക്കമുളള മാധ്യമ സ്ഥാപനങ്ങളില്‍ ജോലിചെയ്ത അദ്ദേഹത്തിന് സ്വദേശാഭിമാനി പുരസ്‌കാരം അടക്കം നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്.
കിഷോരി ലാൽ ബിജെപിയിൽ നിന്നും, സ്മൃതി ഇറാനിയിൽ നിന്നും അമേഠിയെ 164331 വോട്ടിൻ്റെ വ്യക്തമായ ഭൂരിപക്ഷത്തിൽ തിരിച്ചുപിടിച്ചു .ബിജെപിയോ, സ്മൃതി ഇറാനിയോ കിഷോരി ലാലിനെ ഒരു ഒത്ത എതിരാളിയായി കണക്കാക്കിയിരുന്നില്ല. തൻ്റെ വിജയത്തിന് അദ്ദേഹം നന്ദി പറയുന്നത് ഗാന്ധി കുടുംബത്തിനും ഇന്ത്യാ സഖ്യത്തിനുമാണ്. പ്രത്യേകിച്ചും പ്രിയങ്കഗാന്ധിയ്ക്കാണ് വിജയത്തിനു ശേഷം കിഷോരി ലാൽ നന്ദി പറഞ്ഞത്.
ലൈംഗികാതിക്രമക്കേസുകളില്‍ പ്രതിയായ കര്‍ണാടക ഹാസനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രജ്വല്‍ രേവണ്ണ തോറ്റു. ദേവഗൌഡ കുടുംബത്തിന്റെ സിറ്റിംഗ് സീറ്റായിരുന്ന ഹാസനിൽ 25 വർഷത്തിന് ശേഷമാണ് ജെഡിഎസിന് തിരിച്ചടിയുണ്ടാകുന്നത്. കോൺഗ്രസിന്റെ ശ്രേയസ് പട്ടേൽ ഗൗഡ ഭൂരിപക്ഷം 45,000 കടത്തിയാണ് വിജയിച്ചത്.
ഇന്ത്യന്‍ വിമാന കമ്പനിയായ ആകാശ എയറിന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അനുമതി. സൗദിക്കും ഇന്ത്യയ്ക്കുമിടയില്‍ ജൂണ്‍ എട്ട് മുതല്‍ സര്‍വീസ് ആരംഭിക്കുന്നതിനാണ് അനുമതി ലഭിച്ചത്.
ദക്ഷിണ കൊറിയയിലേക്ക് മാലിന്യ ബലൂണുകള്‍ അയയ്ക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിയെന്ന് വിശദമാക്കി ഉത്തര കൊറിയ. ദക്ഷിണ കൊറിയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ നൂറ് കണക്കിന് മാലിന്യ ബലൂണുകള്‍ അയച്ചതിന് പിന്നാലെയാണ് ഉത്തര കൊറിയയുടെ പ്രതികരണം.
രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍ ഓഹരി വിപണി. എന്‍എസ്ഇ നിഫ്റ്റി 7.66% ഇടിഞ്ഞ് 21,481.80 ല്‍ എത്തി. 14 ലക്ഷം കോടി രൂപയോളം നിക്ഷേപകര്‍ക്ക് നഷ്ടം വന്നതായാണ് റിപ്പോര്‍ട്ട്. നിഫ്റ്റി 50-ലെ കമ്പനികളുടെ മൊത്തം വിപണി മൂലധനം ഉച്ചയ്ക്ക് 12:13 വരെ 14.46 ലക്ഷം കോടി രൂപ കുറഞ്ഞ് 171.16 ലക്ഷം കോടി രൂപയായി.