ബാര്‍ കോഴ ആരോപണത്തിൽ പുറത്തുവന്ന, ശബ്ദ രേഖ നിഷേധിക്കാതെ ബാറുടമ സംഘടന സംസ്ഥാന വൈസ് പ്രസിഡന്റ് അനിമോൻ. കെട്ടിടം വാങ്ങാൻ 50 ലക്ഷം പിരിക്കാൻ സംസ്ഥാന പ്രസിഡൻ്റ് സമ്മർദ്ദം ചെലുത്തി. പിരിവ് നടക്കാത്തതിനാൽ തന്നെ വിമര്‍ശിച്ചു,ആ സമ്മർദ്ദത്തിലാണ് ശബ്ദരേഖ ഗ്രൂപ്പിലിട്ടത്. അന്ന് എന്താണ് പറഞ്ഞതെന്ന് ഇപ്പോൾ ഓർമ്മയില്ല. ഗ്രൂപ്പിൽ പലർക്കും പണം നൽകാൻ താൽപര്യമുണ്ടായിരുന്നില്ല. അങ്ങനെയാകാം ഓഡിയോ പുറത്ത് പോയതെന്നും അനിമോൻ ക്രൈം ബ്രാഞ്ചിന് മൊഴി നൽകി.
മദ്യനയത്തിൽ മാറ്റം വരുത്താൻ പോകുന്നുവെന്ന പ്രചാരണം അടിസ്ഥാനമില്ലാത്തതെന്ന് ചീഫ് സെക്രട്ടറി ഡോ.വി.വേണു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് ചീഫ് സെക്രട്ടറിയുടെ നിർദേശ പ്രകാരം നടന്ന ചർച്ചകളെ കുറിച്ചാണ് തെറ്റായ പ്രചാരണം നടക്കുന്നതെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പിൽ കുറ്റപ്പെടുത്തി. സെക്രട്ടറിമാരുടെ പ്രതിമാസ യോഗത്തിൽ ചീഫ് സെക്രട്ടറി നിർദേശങ്ങൾ നൽകിയത് ഉദ്യോഗസ്ഥർ നിർവഹിക്കേണ്ട കടമയുടെ ഭാഗമാണ്. പതിവായി തുടരുന്ന ഈ നിർദ്ദേശങ്ങളെ ദുർവ്യാഖ്യാനിച്ചാണ് പലതരത്തിലുള്ള വാർത്താ പ്രചാരണങ്ങളും ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകള്‍ക്ക് നിയമപരമായ സംരക്ഷണത്തെക്കുറിച്ച് ബോധവത്ക്കരണം ശക്തമാക്കുമെന്ന് വനിതാ കമ്മിഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ . കല്‍പ്പറ്റ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടത്തിയ വനിതാ കമ്മീഷൻ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു അവർ. വയനാട് ജില്ലാതല സിറ്റിംഗില്‍ എത്തിയ പരാതികളില്‍ കൂടുതലും ഗാര്‍ഹിക പീഡന പരാതികൾ ആയിരുന്നു . നിയമ സംരക്ഷണം ഉറപ്പാക്കിയിട്ടും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തവരുണ്ട് . പല പരാതികളിലും ഒത്തുതീര്‍പ്പിനോ നിയമപരമായ വേര്‍പിരിയലിനോ തയാറാകാതെ മുന്നോട്ടു പോകുന്ന പ്രവണതയുണ്ടെന്നും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു.
പ്രകടന പത്രികയില്‍ എല്‍.ഡി.എഫ്. ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ തകിടം മറിച്ചുകൊണ്ടാണ് പിണറായി സര്‍ക്കാര്‍ മദ്യനയം തയ്യാറാക്കിയതും അതു മുന്നോട്ടുകൊണ്ടുപോകുന്നതുമെന്നും മുന്‍ കെപിസിസി പ്രസിഡണ്ട് വിഎംസുധീരന്‍ കുററപ്പെടുത്തി. പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ സംസ്ഥാനത്തുണ്ടായിരുന്നത് കേവലം 29 ബാറുകള്‍ മാത്രമായിരുന്നു. അതിപ്പോള്‍ 920 നുമേല്‍ കവിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അങ്കമാലിയിൽ ഗുണ്ടാ നേതാവിന്റെ വീട്ടിലെ വിരുന്നിൽ ഡി.വൈ.എസ്.പിക്കൊപ്പം പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എം.ജി. സാബുവിനൊപ്പം കുപ്രസിദ്ധ ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടിലെ വിരുന്നിൽ പങ്കെടുത്ത ഉദ്യോഗസ്ഥർക്കെതിരെയാണ് പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ നടപടിയെടുത്തത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്നതിന് പിന്നാലെയാണ് എം.ജി സാബു സ്ഥലം മാറി ആലപ്പുഴയിലെത്തിയത്.
തിരുവനന്തപുരം നെയ്യാർ ഡാമിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന കെഎസ്‌യു ക്യാമ്പിലെ കൂട്ടത്തല്ലുമായി ബന്ധപ്പെട്ട് നാല് പേര്‍ക്ക് സസ്പെൻഷൻ. സംസ്ഥാന ജനറൽ സെക്രട്ടറി അനന്തകൃഷ്ണൻ, എറണാകുളം ജില്ലാ സെക്രട്ടറി ആഞ്ജലോ ജോർജ്, തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് അൽ ആമീൻ അഷറഫ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജെറിൻ ആര്യനാട് എന്നിവരെ സംഘടനയിൽ നിന്ന് സസ്പെന്റ് ചെയ്തു. വാര്‍ത്ത മാധ്യമങ്ങൾക്ക് നൽകിയെന്ന ആരോപണത്തിലാണ് രണ്ട് പേര്‍ക്കെതിരെ നടപടിയെടുത്തത്. സംഘര്‍ഷത്തിന് തുടക്കമിട്ടെന്ന് ആരോപിച്ചാണ് മറ്റ് രണ്ട് പേരെ സസ്പെൻ്റ് ചെയ്തത്. എൻഎസ്‌യു നേതൃത്വമാണ് 4 പേരെയും സസ്പെൻഡ് ചെയ്തത്.
മാസപ്പടി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്റെ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ ജീവനക്കാർ നൽകിയ ഹർജി അപക്വമാണെന്ന് ഇഡി അറിയിച്ചു. ചട്ടങ്ങൾ പാലിച്ചാണ് പ്രവർത്തിച്ചിരുന്നതെന്ന സി.എം.ആർ.എൽ കമ്പനിയുടെ വാദം ശരിയല്ലെന്നും ഇ .സി .ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെടാനാകില്ലെന്നും ഇതുവഴി ആരും കുറ്റക്കാരനാകുന്നില്ലെന്നും കേന്ദ്ര ഏജൻസി സത്യവാങ്മൂലത്തിലൂടെ അറിയിച്ചു. ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത മാസം ഏഴിലേക്ക് മാറ്റി.
പെരിയാറിൽ രാസമാലിന്യം ഒഴുക്കിയതിനെ തുടർന്നുണ്ടായ മത്സ്യക്കുരുതിക്ക് ശേഷം മലിനീകരണ നിയന്ത്രണ ബോർഡ് പുഴയിൽ പരിശോധനകൾ കർശനമാക്കി. ചട്ടലംഘനം കണ്ടെത്തിയ എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന രണ്ട് കമ്പനികൾക്കെതിരെ നടപടിയെടുത്തു. എ കെ കെമിക്കൽസ് എന്ന കമ്പനിയോട് അടച്ച് പൂട്ടാനും അർജ്ജുന ആരോമാറ്റിക്സ് എന്ന കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി.
റോഡിലെ മരം, സമീപത്തെ കെട്ടിടത്തിന് അപകട ഭീഷണി ഉയർത്തുന്നെന്നും, മുറിച്ച് മാറ്റണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളി കേരള ഹൈക്കോടതി. സുഗതകുമാരിയുടെ കവിത പരാമർശിച്ചാണ് ഹർജി ജസ്റ്റിസ് പി വി ഉണ്ണികൃഷ്ണൻ തള്ളിയത്. പട്ടാമ്പി വഴിയുള്ള പാലക്കാട് പൊന്നാനി റോഡിലുള്ള മരം മുറിയ്ക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.
കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂൺ 25 ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ . ബിനോയ് വിശ്വം, എളമരം കരീം, ജോസ് കെ മാണി എന്നിവരുടെ കാലാവധി ജൂലൈ ഒന്നിന് അവസാനിക്കുന്ന സാഹചര്യത്തിൽ ഈ ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
കാലവര്‍ഷം സാധാരണയേക്കാൾ കടുക്കുമെന്ന് റിപ്പോര്‍ട്ട്. ദക്ഷിണേന്ത്യയിലും മധ്യേന്ത്യയിലും കാലവർഷം കനക്കും. ജൂണിലും സാധാരണയേക്കാൾ കൂടുതൽ മഴയ്ക്ക് സാധ്യത. വെള്ളിയാഴ്ചയോടെ കാലവർഷം കേരളത്തിൽ എത്തിച്ചേർന്നേക്കുo. രാജ്യമൊട്ടാകെ 106 ശതമാനം മഴ ലഭിക്കുമെന്നാണ് വിലയിരുത്തൽ.
നടുക്കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ മറൈൻ എൻഫോഴ്‌സ്മെന്റ് രക്ഷിച്ചു. കോഴിക്കോട് ഹാര്‍ബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട്എഞ്ചിൻ തകരാറിലായി 14 നോട്ടിക്കൽ മൈൽ അകലെ കടലിൽ കുടുങ്ങി. പത്ത് മത്സ്യത്തൊഴിലാളികളാണ് ബോട്ടിൽ ഉണ്ടായിരുന്നത്. തിങ്കളാഴ്ച പുലർച്ചെയോടെ ബോട്ടും, മത്സ്യത്തൊഴിലാളികളെയും സുരക്ഷിതമായി ഹാര്‍ബറില്‍ തിരിച്ചെത്തിച്ചു.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡപ്യൂട്ടി ഡയറക്ടറായി മുൻ മന്ത്രി അനൂപ് ജേക്കബ് എംഎൽഎയുടെ ഭാര്യ, അനില മേരി ഗീവർഗീസിനെ നിയമിച്ചതിൽ അഴിമതി ആരോപിച്ച് സുപ്രീംകോടതിയിൽ ഹർജി. തിരുവനന്തപുരം സ്വദേശി മണിമേഖലയാണ് ഹർജി സമർപ്പിച്ചത്. നേരത്തെ സമാനമായ ഹർജി കേരള ഹൈക്കോടതി തള്ളിയിരുന്നു. വ്യാജ ജോലി പരിചയ സർട്ടിഫിക്കറ്റാണ് അനില മേരി ഗീവര്‍ഗീസ് പദവി ലഭിക്കുന്നതിനായി ഹാജരാക്കിയതെന്ന് ഉൾപ്പെടെയായിരുന്നു ആരോപണം. ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്തായിരുന്നു നിയമനം.
പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതിയുടെ അമ്മയും സഹോദരിയും നൽകിയ മുൻകൂർ ജാമ്യാപേക്ഷയില്‍ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി നാളെ വിധി പറയും. കേസിൽ പൊലീസ് ഇന്ന് കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചു. രാഹുലിൻ്റെ അമ്മ ഉഷാ കുമാരി, സഹോദരി കാർത്തിക എന്നിവർക്കെതിരെ സ്ത്രീധന പീഡന കുറ്റം ചുമത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് മുൻകൂർ ജാമ്യം തേടിയത്. രാഹുലിനെ വിദേശത്ത് നിന്ന് നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
പാലക്കാട് പേവിഷ ബാധയെ തുടർന്ന് ഹോമിയോ ഡോക്ടര്‍ മരിച്ചു. മണ്ണാർക്കാട് പള്ളിക്കുന്ന് ചേരിങ്ങൽ ഉസ്‌മാന്റെ ഭാര്യ റംലത്താണ് മരിച്ചത്. 42 വയസായിരുന്നു. രണ്ട് മാസം മുൻപ് വീട്ടിലെ വളർത്തു നായയുടെ നഖം തട്ടി റംലത്തിന് മുറിവേറ്റിരുന്നു. വളർത്തു നായ ആയതിനാൽ റംലത്ത് ചികിത്സ തേടിയിരുന്നില്ല. പിന്നീട് ദിവസങ്ങൾക്ക് ശേഷം നായ ചത്തിരുന്നു.
മുൻ മുഖ്യമന്ത്രി കെ കരുണാകരന്‍റെ ഇളയ സഹോദരൻ റിട്ടയേര്‍ഡ് പൊലീസ് സബ് ഇന്‍സ്പെക്ടർ കെ.ദാമോദര മാരാർ (102) കോഴിക്കോട്ട് അന്തരിച്ചു. നാലരയോടെ വെള്ളിമാടുകുന്ന് നിർമ്മല ആശുപത്രിയിലായിരുന്നു അന്ത്യം.
ഗുജറാത്ത് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. സർക്കാരിലും പ്രാദേശിക ഭരണകൂടത്തിലും വിശ്വാസമില്ലെന്ന് കോടതി പറഞ്ഞു.ഗുജറാത്ത് രാജ്‌കോട്ടിൽ ഗെയിമിങ് സെന്‍ററിന് തീപിടിച്ച് 28 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ആയിരുന്നു ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.രണ്ടര വർഷമായി ഒരു സ്ഥാപനം മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവർത്തിക്കുന്നു. ഇത്രയും കാലം സർക്കാർ ഉറങ്ങുകയായിരുന്നോ എന്നും കോടതി ചോദിച്ചു. അഹമ്മദാബാദിലെ രണ്ട് ഗെയിമിംഗ് സോണുകൾക്കും പ്രവർത്തിക്കാൻ അനുമതിയില്ലെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു.
ബിജെപി സ്ഥാനാർഥി പ്രജ്വല്‍ രേവണ്ണ മെയ് 31-ന് ബെംഗളുരുവിലെത്തി കീഴടങ്ങും. ലൈംഗിക അതിക്രമ കേസിൽ പ്രതിയായ പ്രജ്വല്‍ രേവണ്ണ ഏപ്രിൽ 27 മുതൽ ഒളിവിലാണ്. പ്രജ്വലിന്‍റെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് റദ്ദാക്കാനുള്ള നീക്കത്തിലാണ് വിദേശകാര്യമന്ത്രാലയം. ഇത് ഒഴിവാക്കാനാണ് പ്രജ്വലിന്‍റെ നീക്കം. നാട്ടിലേക്ക് തിരികെ ടിക്കറ്റ് ബുക്ക് ചെയ്തതായി സൂചനയുണ്ട്. പറയാതെ വിദേശത്ത് പോയതിന് കുടുംബത്തോട് മാപ്പ് ചോദിക്കുന്നെന്ന് പ്രജ്വൽ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
ഇടക്കാല ജാമ്യം ഏഴു ദിവസത്തേക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിരിവാള്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. ആരോഗ്യപ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇടക്കാല ജാമ്യം നീട്ടി നല്‍കമെന്ന് ആവശ്യപ്പെട്ട് കെജ്രിവാൾ ഹര്‍ജി സമർപ്പിച്ചത്. ഏഴ് കിലോ തൂക്കം കുറഞ്ഞ തനിക്ക് പിഇടി-സിടി സ്‌കാന്‍ അടക്കം മെഡിക്കല്‍ പരിശോധനകള്‍ ആവശ്യമാണെന്നും ജാമ്യം നീട്ടി നല്‍കണമെന്ന് കെജ്രിവാള്‍ ആവശ്യപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ കെജ്രിവാളിന് സുപ്രീംകോടതി ജൂണ്‍ 1 വരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.
വിരമിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ കരസേന മേധാവി ജനറൽ മനോജ് പാണ്ഡെയുടെ കാലാവധി ഒരു മാസം കൂടി നീട്ടി. അദ്ദേഹം വിരമിക്കുന്ന ഒഴിവിലേക്ക് പരിഗണിച്ചിരുന്ന രണ്ട് ഉദ്യോഗസ്ഥരെ മറികടക്കാൻ സർക്കാർ ശ്രമിക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. രാജ്യത്തെ സേനാ മേധാവിമാരുടെ കാലാവധി സർക്കാർ നീട്ടി നൽകുന്നത് അപൂർവ്വമാണ്.തെരഞ്ഞെടുപ്പ് കണക്കിലെടുത്തുള്ള സ്വാഭാവിക നടപടി എന്ന വിശദീകരണമാണ് സർക്കാർ വൃത്തങ്ങൾ നൽകുന്നത്.
മാവോയിസ്റ്റുകളുടെ ഭീഷണിയെ തുടർന്ന് പദ്മശ്രീ പുരസ്ക്കാരം തിരികെ നൽകാൻ പാരമ്പര്യ വൈദ്യനായ ഹേംചന്ദ് മാഞ്ചി. ഈ വർഷമാണ് മാഞ്ചിക്ക് പത്മശ്രീ ലഭിക്കുന്നത്. മാവോയിസ്റ്റുകൾ ഇന്നലെ രാത്രിയിൽ നാരായൺപൂരിലെ ചമേലി ഗ്രാമത്തിൽ മൊബൈൽ ടവറിന് തീയിട്ട ശേഷം മാഞ്ചിക്കെതിരെ പോസ്റ്ററുകൾ പതിച്ചിരുന്നു.നാരായൺപൂരിൽ പ്രവർത്തിക്കുന്ന ഇരുമ്പ് ഖനി കമ്മീഷൻ ചെയ്തത് മാഞ്ചിയുടെ അറിവോടെയാണെന്നും മാവോയിസ്റ്റുകൾ ആരോപിക്കുന്നു.
സ്വാതി മലിവാളിനെ ആക്രമിച്ച കേസിലെ പ്രതി ബിഭവ് കുമാർ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. ദില്ലിയിലെ തീസ് ഹസാരി കോടതിയാണ് വിഭവ് കുമാറിന്റെ ജാമ്യാപേക്ഷ തള്ളിയത്. വിഭവ് പ്രകോപനങ്ങളില്ലാതെയാണ് മർദ്ദിച്ചതെന്നും കേസ് പിൻവലിക്കാൻ ഭീഷണിയുണ്ടെന്നും സ്വാതി ദില്ലി തീസ് ഹസാർ കോടതിയിൽ പറഞ്ഞു.
ഹരിയാനയിലും പഞ്ചാബിലും കര്‍ഷക പ്രക്ഷോഭം കനപ്പിക്കാൻ സംയുക്ത കിസാൻ മോര്‍ച്ച. നാളെ പഞ്ചാബില്‍ 16 ബിജെപി സ്ഥാനാര്‍ത്ഥികളുടെ വീടും, ഹരിയാനയില്‍ മന്ത്രിമാരുടെ വീടുകള്‍ വളയാനും തീരുമാനിച്ചതായി സംയുക്ത കിസാൻ മോര്‍ച്ച അറിയിച്ചു.രാവിലെ 12 മുതൽ വൈകീട്ട് 4 വരെയാണ് ധർണ. വളരെ സമാധാനപരമായ ധര്‍ണയായിരിക്കും നടക്കുകയെന്നും സംയുക്ത കിസാൻ മോര്‍ച്ച അറിയിച്ചിട്ടുണ്ട്.
ജൂണ്‍ ഒന്നിലെ ഇന്ത്യ സഖ്യയോഗം: തൃണമൂല്‍ കോണ്‍ഗ്രസ് പങ്കെടുത്തേക്കില്ല.അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്നത് ചൂണ്ടിക്കാട്ടി തൃണമൂല്‍ വിട്ടുനിന്നേക്കുമെന്നാണ് വിവരം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ജൂണ്‍ ഒന്നിന് ഇന്ത്യ സഖ്യകക്ഷികളുടെ യോഗം വിളിച്ചുചേര്‍ത്തത്.
മുൻ കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ സ്ത്രീ മരണപ്പെട്ടു. യെദ്യൂരപ്പയുടെ ഡോളേഴ്സ് കോളനിയിലെ വീട്ടിൽവെച്ച് പ്രായപൂർത്തിയാകാത്ത തന്റെ മകളെ പീഡിപ്പിച്ചതായി പരാതി നൽകിയ 53-കാരിയാണ് ബെംഗളൂരു ഹൂളിമാവിലെ സ്വകാര്യ ആശിപത്രിയിൽ മരിച്ചത്.