രാജ്യത്ത് മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിംഗിൽ ഇടിവ്. അഞ്ച് മണിവരെ ആകെ 60 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കഴിഞ്ഞ തവണ 67.4 ശതമാനമായിരുന്നു പോളിംഗ്.മധ്യപ്രദേശിലാണ് കൂടുതൽ പോളിംഗ് രേഖപ്പെടത്തിയത്.ശക്തമായ പോരാട്ടം നടന്ന ബാരമതിയിലാണ് ഏറ്റവും കുറഞ്ഞ പോളിംഗ്. ആദ്യ രണ്ട് ഘട്ടങ്ങളിലും പോളിംഗ് ശതമാനം കുറഞ്ഞതിനെ തുടർന്ന് വോട്ടർമാരെ പോളിംഗ് ബൂത്തിലെത്തിക്കാൻ എല്ലാ ശ്രമവും തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയിരുന്നു. എന്നാൽ കാര്യമായ ഉയർച്ച പോളിംഗ് ശതമാനത്തിലുണ്ടായില്ല.
മാസപ്പടി കേസില്‍ സിഎംആര്‍എല്‍ നല്കിയ ഹര്‍ജി ഈ മാസം മുപ്പതിലേക്ക് മാറ്റി.എസ്എഫ്ഐഒ, ഇഡി അന്വേഷണത്തിനെതിരെ നൽകിയ ഹർജി ഡൽഹി ഹൈക്കോടതിയാണ് 30ലേക്ക് മാറ്റിയത്.ഈ കേസുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ എങ്ങനെയാണ് ഷോൺ ജോർജിന് കിട്ടുന്നത് എന്ന് സിഎംആർഎല്ലിന്റെ അഭിഭാഷകൻ ചോദിച്ചു. ആദായനികുതി വകുപ്പിനടക്കം മറുപടി സമർപ്പിക്കാൻ പത്തു ദിവസം കൂടി കോടതി സമയം അനുവദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്കി പ്രതിപക്ഷ നേതാവ് വിഡി സതീശന്. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്കാന് സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് നല്‍കിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് അറിയിച്ചു.
മുഖ്യമന്ത്രി ആരുടെ ചെലവിലാണ് വിദേശത്ത് പോയതെന്ന് വെളിപ്പെടുത്തണം എന്ന് ബിജെപി നേതവ് പ്രകാശ് ജാവദേക്കർ. മുഖ്യമന്ത്രി എവിടെ പോകുന്നു ആരൊക്കെ കാണുന്നു എന്നതെന്നതെല്ലാം രഹസ്യമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ എങ്ങോട്ടാണ് പോയതെന്ന് എംവി ഗോവിന്ദന് അറിയാമോ എന്നും പ്രകാശ് ജാവദേക്കർ ചോദിച്ചു.കേരളത്തിൽ ബിജെപി 5 സീറ്റ് വിജയിക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. തിരുവനന്തപുരത്ത് ചേർന്ന് നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം നേതാക്കളെല്ലാം വിശ്രമത്തിലാണെന്ന് ടി സിദ്ധീഖ്. ഏഴു ഘട്ടമായുള്ള തെരഞ്ഞെടുപ്പില്‍ രണ്ട് ഘട്ടം മാത്രമാണ് കഴിഞ്ഞത്. അഞ്ച് ഘട്ടങ്ങള്‍ ബാക്കി നില്ക്കുന്നു. പല കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ ചുമതല ലഭിച്ച് പോയി കഴിഞ്ഞു. എന്നാല്‍ സിപിഎം നേതാക്കളെല്ലാം വിശ്രമത്തിലാണെന്നും, അവര്‍ക്ക് ഇന്ത്യാ മുന്നണിയുടെ ഭാഗമായി ബിജെപിക്കെതിരെ പോരാട്ടം നയിക്കാന്‍ ഉത്തരേന്ത്യയിലേക്ക് പോയ് കൂടെയെന്നും സിദ്ധീഖ് ചോദിച്ചു.
ആലപ്പുഴ ജില്ലയിലാണ് തീവ്രമായ ചൂടിനെ തുടര്‍ന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇടുക്കിയും വയനാടും ഒഴികെയുള്ള പന്ത്രണ്ട് ജില്ലകളില്‍ ഉയര്‍ന്ന താപനിലക്കുള്ള യെലോ അലര്‍ട്ടും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കിയിട്ടുണ്ട്. ശനിയാഴ്ചവരെ മിക്കവാറും എല്ലാ ജില്ലകളിലും മഴകിട്ടാനും സാധ്യതയുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആലപ്പുഴയില്‍ അതികഠിനമായ ചൂട് തുടരുകയാണ്. താപനില 38 ഡിഗ്രി സെല്‍സ്യസ് വരെ ഉയര്‍ന്നു. ഇത് കണക്കിലെടുത്താണ് ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐസിയു പീഡനക്കേസുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. പ്രീതിക്കെതിരായ ആരോപണങ്ങളില്‍ പുനരന്വേഷണം. അതിജീവിതയുടെ മൊഴിയെടുത്ത ഡോ. പ്രീതി പ്രതികൾക്കനുകൂലമായി റിപ്പോർട്ടെഴുതിയെന്നായിരുന്നു അതിജീവിതയുടെ പരാതി. അതിജീവിത ഉത്തരമേഖല ഐജിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുനരന്വേഷണം.
മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കൊതുകു ജന്യ രോഗമായതുകൊണ്ട് തന്നെ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങൾ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കണം. പനിയടക്കം രോഗ ലക്ഷണം ഉള്ളവര്‍ വൈകാതെ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.
കപ്പലുകളെ തകര്‍ക്കുന്ന ബോംബുകള്‍ കണ്ടെത്താനും അവയെ ആശയക്കുഴപ്പത്തിലാക്കി വഴിതിരിക്കാനും കഴിവുള്ള മാരീച് അറെ സംവിധാനം കെല്‍ട്രോണ്‍ നാവികസേനയ്ക്ക് കൈമാറിയെന്ന് മന്ത്രി പി രാജീവ്. 3 എണ്ണമാണ് അരൂരിലെ കെല്‍ട്രോണ്‍ യൂണിറ്റില്‍ നിന്ന് വിശാഖപട്ടണത്തേക്ക് കയറ്റി അയച്ചത്.
ഒരു വക്കീല്‍ ഗുമസ്ഥനൊപ്പo മാത്യു കുഴല്നാടന് പ്രാക്ടീസ് ചെയ്യുന്നത് ഗുണം ചെയ്യുമെന്ന് മന്ത്രി വിഎന്‍ വാസവന്. മാത്യു നല്കിയ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയ സാഹചര്യത്തില്‍, എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞ് ജനങ്ങളോട് മാപ്പ് പറയാന്‍ തയ്യാറാകണമെന്നും വാസവന് ആവശ്യപ്പെട്ടു.
വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ കോഴിക്കോട് സ്വദേശി ഹർഷിന തുടർചികിത്സക്ക് ക്രൗഡ് ഫണ്ടിങ്ങിന് ഇറങ്ങുന്നു. സർക്കാർ വാഗ്ദാനം ചെയ്ത ഒരു സഹായവും പിന്തുണയും ഇതുവരെ കിട്ടിയിട്ടില്ലെന്ന് ഹർഷിന പറഞ്ഞു.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത്.പണം സ്വരൂപിക്കാൻ ഈ മാസം 15 മുതൽ സമര സമിതി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങും.
ശശി തരൂർ തിരുവനന്തപുരത്ത് തോറ്റു തുന്നം പാടുമെന്ന് പ്രകാശ് ജാവദേക്കർ. രാജീവ് ചന്ദ്രശേഖറിന്റെ വിജയം 100% ഉറപ്പാണ് എന്ന് അദ്ദേഹം പറഞ്ഞു. മോദിയുടെ ഗ്യാരണ്ടിക്ക് ജനങ്ങൾ കൂട്ടത്തോടെ വോട്ട് ചെയ്തുവെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന് അഭിപ്രായപ്പെട്ടു.
താൽക്കാലിക അധ്യാപകരെ നിയമിക്കാൻ സ്കൂളുകൾക്കും പി.ടി.എ.യ്ക്കും അനുമതി നൽകിയത് വിദ്യാഭ്യാസ പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാനാണെന്ന് മന്ത്രി വി ശിവൻകുട്ടി. എസ്എസ്എൽസിക്ക് മികച്ച വിജയമാണ് സംസ്ഥാനത്ത് ഉണ്ടാകാറുള്ളത്. അധിക ബാച്ചുകളും സീറ്റുകളുടെ മാർജിനൽ വർദ്ധനവും നേരത്തെ തന്നെ നടത്തിയിട്ടുണ്ടെന്ന് മന്ത്രി വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
കഴക്കൂട്ടത്ത് ടിപ്പര്‍ ലോറി കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു. പെരുമാതുറ സ്വദേശി റുക്സാനയാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് മൂന്നരയോടെ വെട്ടുറോഡിലാണ് അപകടം നടന്നത്.
മദ്യനയ കേസിൽ ജയിലിൽ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജിയിലെ ഇന്നത്തെ വാദം പൂർത്തിയായി. മറ്റന്നാൾ കേസ് വീണ്ടും പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. അരവിന്ദ് കെജ്രിവാള് മുഖ്യമന്ത്രിയാണെന്നും സ്ഥിരം കുറ്റവാളിയല്ലെന്നും, മുഖ്യമന്ത്രിയുടെ അഭാവത്തിൽ ദില്ലിയിൽ പല ഫയലുകളും കുടുങ്ങി കിടക്കുന്നുവെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്വി ചൂണ്ടിക്കാട്ടി.ജയിലിലായിട്ടും കെജ്രിവാൾ മുഖ്യമന്ത്രിയായി തുടരുന്നത് വ്യക്തിപരമായ തീരുമാനമാണെന്നും ഇഡി സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി.
ഹരിയാന ബിജെപി സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 3 സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു. അതോടെ ഹരിയാനയിലെ ബിജെപി സർക്കാർ പ്രതിസന്ധിയിലായി. 90 അംഗ നിയമസഭയില്‍ ബിജെപി അംഗങ്ങളുടെ എണ്ണം 42 ആയി കുറഞ്ഞു. ജെജെപി വിമതരുടെ പിന്തുണയോടെയാണ് ബിജെപി അധികാരത്തില്‍ തുടരുന്നത്. ബിജെപി സര്‍ക്കാരിന്റെ പിന്തുണ പിന്‍വലിച്ച സ്വതന്ത്രര്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
പ്രജ്വൽ രേവണ്ണക്കെതിരായ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എച്ച് ഡി കുമാരസ്വാമി. ഇപ്പോൾ നടക്കുന്നത് സിദ്ധരാമയ്യ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ അന്വേഷണമാണ്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും അന്വേഷണത്തിൽ ഇടപെടുന്നുണ്ട് എന്നും അദ്ദേഹം വിമർശിച്ചു. തെളിവുകൾ കൊണ്ടുവന്ന ആൾ തന്നെ ഡികെ ശിവകുമാർ കേസിൽ അനാവശ്യ ഇടപെടലുകൾ നടത്തുന്നു എന്ന് പറഞ്ഞിട്ടുണ്ട്. എച്ച്ഡി രേവണ്ണക്കെതിരെ തെളിവുകൾ ഇല്ലാത്തതിനാൽ, പലതും കെട്ടിച്ചമയ്ക്കുകയാണെന്നും കുമാരസ്വാമി ആരോപിച്ചു.
ലാലുപ്രസാദ് യാദവിന്റെ പ്രസ്താവന ആയുധമാക്കി നരേന്ദ്ര മോദി. മുസ്ലീം വിഭാഗത്തിന് പൂർണ്ണ സംവരണം വേണമെന്ന ലാലുവിന്റെ പ്രസ്താവനയാണ് മോദി മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഇന്ന് റാലികളിൽ ആയുധമാക്കിയത്. വിവാദത്തെ തുടർന്ന് ലാലുപ്രസാദ് യാദവ് തന്റെ പ്രസ്താവന തിരുത്തി.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ ആരതി നടത്തിയ വനിതാ നേതാവിനെതിരെ കേസ്. എന്‍സിപി നേതാവും മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷയുമായ രൂപാലി ചക്കങ്കറിനെതിരെയാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് കേസെടുത്തിരിക്കുന്നത്. ഇവിഎമ്മിന് മുന്നില്‍ രൂപാലി ചക്കങ്കര്‍ ആരതി നടത്തിയത് വലിയ വിവാദമായിരുന്നു. പോളിംഗ് ബൂത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഉത്തര്‍പ്രദേശില്‍ ബിജെപിക്കെതിരെ ആരോപണങ്ങളുമായി സമാജ്വാദി പാര്‍ട്ടി. പോളിംഗ് ബൂത്തുകള്‍ ബിജെപി പിടിച്ചെടുക്കുന്നതായാണ് എസ്പി പ്രധാനമായും പരാതിപ്പെട്ടത്.വോട്ടെടുപ്പിന് ശേഷം ശക്തമായ നിരീക്ഷണത്തിനാണ് എസ്പി പ്രവര്‍ത്തകരോടും നേതാക്കളോടും ആഹ്വാനം ചെയ്യുന്നത്.
കർണാടക ബിജെപി എക്സ് ഹാൻഡിലിൽ പ്രസിദ്ധീകരിച്ച വിദ്വേഷ വീഡിയോ ഉടനടി നീക്കം ചെയ്യാൻ നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. മെയ് 4 ന് വൈകിട്ട് ആണ് ബിജെപിയുടെ എക്സ് ഹാൻഡിലിൽ വിദ്വേഷ വീഡിയോ പങ്കുവെച്ചത്. മതസ്പർദ്ധ വളർത്തുന്നതെന്ന് ചൂണ്ടിക്കാട്ടി വീഡിയോക്കെതിരെ കർണാടക കോൺഗ്രസ് പരാതി നൽകിയിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷനെ ചോദ്യം ചെയ്ത് ഇന്ത്യ സഖ്യം. പോളിങ് ശതമാനം കൃത്യമായ നല്‍കിയില്ലെന്ന് ഉന്നയിച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ചു. വിഷയത്തില്‍ വിമർശനം ഉന്നയിച്ച് തൃണമൂല്‍ കോണ്‍ഗ്രസും സിപിഎമ്മും തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് അയച്ചിട്ടുണ്ട്.ആദ്യഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞ് 11 ദിവസത്തിന് ശേഷമാണ് അന്തിമ പോളിങ് കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ നല്‍കിയത്.
നിയമംലംഘിച്ചുള്ള തെറ്റിദ്ധാരണജനകമായ പരസ്യങ്ങളിൽ അഭിനയിക്കുന്ന താരങ്ങളും ഇൻഫ്ലുവെൻസർമാരും, പരസ്യനിർമ്മതാക്കളെ പോലെ ഉത്തരവാദികളാണെന്ന്സുപ്രീം കോടതി. പരസ്യങ്ങളിൽ അഭിനയിക്കുന്ന സിനിമാ, ക്രിക്കറ്റ് താരങ്ങൾക്കും സോഷ്യൽമീഡിയാ ഇൻഫ്ലുവെൻസർമാർക്കും ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ കഴിയില്ല. പതഞ്ജലി പരസ്യ വിവാദവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക നിരീക്ഷണം.
പശ്ചിമബംഗാള്‍ സ്കൂള്‍ സര്‍വീസസ് കമ്മിഷന് നിയമന കുംഭകോണത്തില്‍ മമത സര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. സര്‍ക്കാര്‍ സ്പോണ്‍സേഡ്, എയ്ഡഡ് സ്കൂളുകളിലെ 2016-ലെ മുഴുവന്‍ റിക്രൂട്ട്മെൻ്റ് നടപടികളും റദ്ദാക്കിയ കൊല്‍ക്കത്ത ഹൈക്കോടതി വിധിക്കെതിരായ ഹർജി പരിഗണിക്കവെയാണ് വിമർശനം.ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ലെന്നും ഇത് വഞ്ചനയാണെന്നും കോടതി വിമർശിച്ചു.