ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം സിഐടിയു നിർത്തിവെച്ചു. നിർദേശങ്ങളിൽ ഗതാഗത വകുപ്പ് ഇളവ് വരുത്തിയതോടെ ഡ്രൈവിംഗ് ടെസ്റ്റുമായി തിങ്കളാഴ്ച മുതൽ സഹകരിക്കുമെന്ന് സിഐടിയു അറിയിച്ചു. ഗതാഗതമന്ത്രിയും സിഐടിയു സംസ്ഥാന സെക്രട്ടറിയും ആയുള്ള ചർച്ച മെയ് 23 ന് നടത്തും. ചർച്ച പരാജയപ്പെട്ടാൽ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം തുടങ്ങുമെന്നും സിഐടിയു വാർത്താക്കുറുപ്പിലൂടെ പറഞ്ഞു.
ഹൈറേഞ്ച് മേഖലയിലെ തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാവർക്കും ജോലി സമയത്തില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ ബാധകമായിരിക്കുമെന്ന് ലേബര്‍ കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്കാണ് മെയ് 15 വരെ ജോലിസമയത്തിൽ ക്രമീകരണം ഉൾപ്പെടുത്തി ഉത്തരവിറക്കിയിരിക്കുന്നത്. ഹൈറേഞ്ച് മേഖലകളിൽ ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് മൂന്നുമണിവരെ തൊഴിലാളികൾ ജോലി ചെയ്യുന്നത് കണ്ടെത്തിയാൽ തൊഴിലുടമിക്കെതിരെ നടപടി എടുക്കും.
ജെസ്‌ന കേസിൽ കോടതിയിൽകേസ് ഡയറി ഹാജരാക്കി സിബിഐ. ജെസ്‌നയുടെ അച്ഛൻ കഴിഞ്ഞദിവസം കോടതിയിൽ തെളിവുകൾ നൽകിയിരുന്നു. ഈ കാര്യങ്ങൾ സിബിഐ അന്വേഷിച്ചോ എന്നറിയാൻ ആണ് സിബിഐയോട് കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചത്. ഈ മാസം എട്ടിന് ഹർജി പരിഗണിക്കും.
സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായ യദു കൃഷ്ണൻ അന്തിക്കാട് സിഐക്കും എഎസ്ഐയ്ക്കുമെതിരെ, മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി.തെരഞ്ഞെടുപ്പ് സമയത്ത്കരുതല്‍ തടങ്കലിലെടുത്ത്, പൊലീസ് കരിക്കുകൊണ്ട് ഇടിച്ചെന്നാണ് പരാതി. കഴിഞ്ഞ മാസം ഇരുപതിന് തെരഞ്ഞെടുപ്പ് യോഗം കഴിഞ്ഞ് വീട്ടിലെത്തിയ തന്നെ അന്തിക്കാട് പൊലീസ് കൂട്ടിക്കൊണ്ടു പോയി ഇരുട്ടു മുറിയിൽ ഇട്ട് മര്‍ദ്ദിച്ചെന്നാണ് യദു കൃഷ്ണന്‍റെ പരാതി.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ തൃശ്ശൂരിൽ വീഴ്ചയുണ്ടായെന്ന വിമർശനവുമായി കെ മുരളീധരൻ. തൃശ്ശൂരിലെ മുതിർന്ന നേതാക്കളായ മുൻ എംപി ടി എൻ പ്രതാപനെയും ഡിസിസി അധ്യക്ഷൻ ജോസ് വെള്ളൂരിനെയും മുരളീധരൻ പേരെടുത്ത് പറഞ്ഞ് യോഗത്തിൽ വിമർശിച്ചു. ഇരുവരുടേയും സാന്നിധ്യത്തിലായിരുന്നു വിമർശനം. തെരഞ്ഞെടുപ്പ് ചെലവ് ഇരട്ടിയായി. ചില നേതാക്കൾക്ക് പണത്തോട് ആർത്തിയാണെന്നും തൃശ്ശൂരിലെ സ്ഥാനാർത്ഥിയായിരുന്ന മുരളീധരൻ കെപിസിസി യോഗത്തിൽ കുറ്റപ്പെടുത്തി.
മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍, കണ്ടക്ടര്‍ക്കെതിരെ ആരോപണവുമായി ഡ്രൈവര്‍ യദു. മേയറുമായി തര്‍ക്കമുണ്ടായ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണെന്നും അന്ന് കണ്ടക്ടര്‍ മുന്‍ സീറ്റിലാണ് ഇരുന്നതെന്നും പിന്‍സീറ്റിലാണ് ഇരുന്നതെന്ന് പൊലീസിനോട് പറഞ്ഞത് പച്ചക്കള്ളമാണെന്നും യദു പറഞ്ഞു. എംഎല്‍എ സച്ചിൻ ദേവ് ബസില്‍ കയറിയപ്പോള്‍ എഴുന്നേറ്റ് സീറ്റ് നല്‍കിയത് കണ്ടക്ടറാണ്. മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ കണ്ടക്ടറെ സംശയം ഉണ്ട്. തനിക്കെതിരായ ആരോപണങ്ങളില്‍ അഞ്ച് പേരെ എതിര്‍കക്ഷിയാക്കി പരാതി ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും യദു പറഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ കെ. മുരളീധരന് വിജയം ഉറപ്പെന്ന് കെ.പി.സി.സി. മുരളീധരന്‍ ഇരുപതിനായിരത്തില്‍ കുറയാത്ത ഭൂരിപക്ഷത്തിന് വിജയിക്കുമെന്നും എം.എം. ഹസന്‍ പറഞ്ഞു. എന്നാൽ ആറ്റിങ്ങല്‍, മാവേലിക്കര, പാലക്കാട്, കണ്ണൂര്‍ മണ്ഡലങ്ങളിൽ കനത്ത മല്‍സരമെന്നാണ് കെ.പി.സി.സിയുടെ വിലയിരുത്തല്‍.
ബി.ജെ.പിയിലേക്ക് പോകുന്നതിനായി ചര്‍ച്ചകള്‍ നടത്തിയെന്ന ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കാണിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ നല്‍കിയ പരാതിയില്‍ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘത്തിന് അന്വേഷണച്ചുമതല. കെ. സുധാകരന്‍, ശോഭ സുരേന്ദ്രൻ, ജി.നന്ദകുമാര്‍ എന്നിവര്‍ക്കെതിരെയാണ് ഇ.പി പരാതി നല്‍കിയത്.
അടുത്ത മണ്ഡല- മകരവിളക്ക് കാലത്ത് സ്പോട് ബുക്കിങ് ഉണ്ടാവില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഓൺലൈൻ ബുക്കിങ് മാത്രം അനുവദിച്ചാൽ മതിയെന്നാണ് തീരുമാനം. പ്രതിദിനം ബുക്കിങ് 80000 ത്തിൽ നിർത്തും. ശബരിമലയിൽ കഴിഞ്ഞ തവണയുണ്ടായ തിരക്ക് നിയന്ത്രിക്കാൻ കഴിയാതിരുന്നതിൽ സർക്കാർ സംവിധാനങ്ങൾ ഏറെ പഴികേട്ട സാഹചര്യത്തിലാണ് തീരുമാനം.
കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ കാസർകോട് സ്വദേശിയായ 18കാരിക്കെതിരെ പീഡന ശ്രമം. മാനസികാരോഗ്യകേന്ദ്രത്തിൽ പ്ലംബിങ്ങ് ജോലിക്കെത്തിയ ആളായിരുന്നു പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. ഭയന്ന് പെൺകുട്ടി ഒച്ചവച്ചതോടെ, സംഭവം പുറത്തറിഞ്ഞു.മെഡി.കോളേജ് പൊലീസ് ലൈംഗികാതിക്രമത്തിന് കേസ്സെടുത്തിട്ടുണ്ട്.
വിരമിക്കൽ അനൂകൂല്യം നൽകണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ വീഴ്ച്ച വരുത്തിയെന്ന് , കോടതിയലക്ഷ്യ ഹർജി. സുപ്രീംകോടതി സംസ്ഥാന ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷിനെ വിളിച്ചുവരുത്തി .ഈ മാസം പതിനേഴിന് ഹാജരാകാനാണ് ജസ്റ്റിസ് ഹിമാ കോഹ്ലി അധ്യക്ഷയായ ബെഞ്ചിന്റെ ഉത്തരവ്.
വൈദ്യുതി കരുതലോടെ ഉപയോഗിക്കണമെന്നത്ജനം ഏറ്റെടുത്തെന്ന് മന്ത്രി കൃഷ്ണൻ കുട്ടി. മാക്സിമം ഡിമാന്റ് 5676 മെഗാവാട്ടായി കുറഞ്ഞു. വരും ദിവസങ്ങളിലും മാന്യ ഉപഭോക്താക്കള്‍ സഹകരിച്ചാല്‍ വൈദ്യുതി ഏവര്‍ക്കും നിയന്ത്രണങ്ങളില്ലാതെ നല്‍കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
മെയ് 04, 07, 08 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മെയ് 05, 06 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ത്യയിൽ നിന്ന് ആറുമാസത്തെ നിരോധനത്തിന് ശേഷം ഉള്ളി കയറ്റുമതിക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ. നിരോധനം നീക്കിയെന്ന് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് വ്യക്തമാക്കി. കർഷകർക്ക് അനുകൂലമാകുന്നതാണ് കേന്ദ്ര തീരുമാനം. മഹാരാഷ്ട്രയിൽ മൂന്നാം ഘട്ട വോട്ടെടുപ്പിന്റെ മുമ്പാണ് കേന്ദ്രത്തിന്റെ സുപ്രധാന തീരുമാനമുണ്ടായതെന്നതും ശ്രദ്ധേയം.
ഇറാൻ പിടിച്ചെടുത്ത ഇസ്രായേലി ചരക്കുകപ്പൽ എം എസ് സി എരീസിലെ മലയാളികളുൾപ്പെടെയുളള ജീവനക്കാരുടെ മോചനം അന്തമായി നീളുന്നുവെന്ന് റിപ്പോർട്ട്. ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ അറിയിച്ചെങ്കിലും ഇവരെ നാട്ടിലേക്കയയ്ക്കാന്‍ കപ്പൽ കമ്പനി തയ്യാറാകാത്തതാണ് പ്രതിസന്ധി. ജീവനക്കാരെ തിരികെയെത്തിക്കാൻ വിദേശകാര്യമന്ത്രാലയം അടിയന്തിരമായി ഇടപെടണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.
ശരദ് പവാറിനെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ബിജെപി ഗൂഢാലോചന നടത്തുന്നുവെന്ന് മകൾ സുപ്രിയ സുലേ. മഹാരാഷ്ടയിൽ ഒരൊറ്റ എൻ സി പി മാത്രമേ ഉളളൂ. ബാരാമതിയിൽ നടക്കുന്ന സുനേത്രയുമായുളള മത്സരം രണ്ട് ആശയങ്ങൾ തമ്മിലുളള ഏറ്റുമുട്ടലാണെന്നും സുപ്രിയ പറഞ്ഞു. മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി സഖ്യം വലിയ വിജയം നേടുo. റായ്ബറേലിയിലെ രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിൽ കോൺഗ്രസാണ് മറുപടി പറയേണ്ടതെന്നും സുപ്രിയ സുലേ വ്യക്തമാക്കി.
പശ്ചിമബംഗാൾ ഗവർണർ സിവി ആനന്ദബോസിനെതിരായ ലൈംഗിക അതിക്രമ പരാതിയിൽ രാജ്ഭവനിലെ നാല് ജീവനക്കാർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്. ആനനന്ദബോസിനെതിരായ പരാതി അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് നോട്ടീസ് നൽകിയത്. എന്നാൽ ആരോപണം അടിസ്ഥാനരഹിതമെന്നും സത്യം വിജയിക്കുമെന്നും സിവി ആനന്ദബോസ് പ്രതികരിച്ചു.
ജെഡിഎസ് നേതാവ് എച്ച് ഡി രേവണ്ണയെ ബലാത്സംഗ പരാതിയുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത് പൊലീസ്. എംഎൽഎ കൂടിയായ രേവണ്ണയെ പ്രത്യേകാന്വേഷണസംഘം ആണ്കസ്റ്റഡിയിലെടുത്തത്. രേവണ്ണയ്ക്കും മകൻ പ്രജ്വലിനുമെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറിൽ വ്യോമസേനാംഗങ്ങൾ സഞ്ചരിക്കുകയായിരുന്ന വാഹന വ്യൂഹത്തിന് നേരെ ഭീകരരുടെ ആക്രമണം. ആക്രമണത്തിൽ അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് സൈനികരും ജമ്മു കശ്മീര്‍ പൊലീസും തിരച്ചിൽ തുടരുന്നുണ്ട്.
ബിജെപിക്ക് സ്ഥാനാര്‍ത്ഥിക്ക് നേരെ പഞ്ചാബിലെ പാട്യാലയിൽ നടന്ന പ്രതിഷേധത്തിനിടെ ഒരു കര്‍ഷകൻ മരിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി പ്രണീത് കൗറിന് നേരെയുണ്ടായ പ്രതിഷേധത്തിനിടെയാണ് സംഭവം. പ്രതിഷേധത്തിനിടെ കര്‍ഷകനായ സുരീന്ദ്ര സിങ് ആണ് മരിച്ചത്. സ്ഥാനാര്‍ത്ഥിയുടെ കാര്‍ തടയുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.കര്‍ഷകന്‍റെ മരണത്തിന് ഉത്തരവാദി ബിജെപിയാണെന്ന് കര്‍ഷക സംഘടനകള്‍ ആരോപിച്ചു.
ദില്ലിയിലെ പിസിസി മുൻ അധ്യക്ഷൻ അരവിന്ദർ സിംഗ് ലവ്‌ലി ബിജെപിയിൽ ചേർന്നു. ആം ആദ്മി പാർട്ടിയുമായുള്ള സഖ്യത്തിലും, ഇന്ത്യ സഖ്യത്തിൻ്റെ പിന്തുണയോടെ മത്സരിക്കുന്ന കനയ്യ കുമാറിന് സീറ്റ് നൽകിയതിലും പ്രതിഷേധിച്ചാണ് രാജിയെന്നാണ് വിവരം.