മുഖ്യമന്ത്രി പറഞ്ഞിട്ടാണ് ജയരാജൻ ജാവദേക്കറെ കണ്ടതെന്നും, ജയരാജനെ മുഖ്യമന്ത്രി ഒറ്റിയെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊണ്ടു നടന്നതും നീയേ ചാപ്പ കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പ എന്ന സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ജീർണത ബാധിച്ച പാർട്ടിയായി മാറിയോ എന്നും അദ്ദേഹം ചോദിച്ചു, മുഖ്യമന്ത്രി എന്താണ് പ്രകാശ് ജാവദേക്കറുമായി സംസാരിച്ചതെന്ന് സി.പി.എം നേതൃത്വം മറുപടി പറയണമെന്നും, ഇ.പി.ജയരാജനെതിരെ ഏതു വരെ സിപിഎമ്മിന് പോകാൻ കഴിയുമെന്ന് സംശയമുണ്ട്. പിണറായിക്ക് എല്ലാം അറിയാമെന്നും സതീശൻ കൂട്ടിച്ചേർത്തു.

ഇ.പി ജയരാജൻ- പ്രകാശ് ജാവദേക്കര്‍ കൂടികാഴ്ചയിൽ പ്രതികരിക്കാതെ സീതാറാം യെച്ചൂരി. പ്രതികരിക്കാനില്ല, കേരളത്തിലെ പാർട്ടി നേതാക്കൾ സംസാരിച്ചിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ഇപി ജയരാജൻ നടത്തിയ തുറന്നു പറച്ചിൽ കേന്ദ്ര നേതൃത്വത്തെ ഞെട്ടിച്ചു. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം ബിജെപിയുടെ മുതിർന്ന നേതാവുമായി വീട്ടിൽ കൂടിക്കാഴ്ച നടത്തിയത് നിസാരമായി കാണാനാവില്ല . കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് ചേരുന്നത് പാർട്ടി ആയുധമാക്കുമ്പോൾ ഈ ചർച്ച വൻ തിരിച്ചടിയായെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ.

ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ ഇ പി ജയരാജനെതിരെ പാർട്ടി നടപടിയെടുക്കുമെന്ന് സൂചന. ബിജെപി നേതാവ് വീട്ടിലെത്തികണ്ടത് പാര്‍ട്ടിയെ അറിയിച്ചില്ല.സംസ്ഥാനതലത്തില്‍ ആദ്യം പ്രശ്നം ചര്‍ച്ച ചെയ്യും, ഇതിന് ശേഷം കേന്ദ്ര നേതൃത്വം വിഷയം പരിശോധിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.

നേരത്തെ തന്നെ ബില്ലുകളെല്ലാം ഒപ്പിട്ടിരുന്നു എന്ന്ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബില്ലുകളുമായി ബന്ധപ്പെട്ട ലഭിച്ചിരുന്ന പരാതികൾ പരിശോധിക്കുന്നതിന് വേണ്ടിയാണ് സമയം എടുത്തത്. കേരള സർക്കാർ കോടതിയെ സമീപിച്ചതിന് ഇതുമായി ബന്ധമില്ല എന്നും അദ്ദേഹം വ്യക്തമാക്കി. പോളിംഗ് ശതമാനം സംതൃപ്തി നൽകുന്നു, സ്ഥാനത്തെ പോളിംഗ് കുറഞ്ഞത് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കട്ടെ എന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

പോളിങ് വൈകിയത് എല്‍ഡിഎഫി‌ന് അനുകൂലമെന്ന് യുഡിഎഫ് പറയുന്നത് പരാജയഭയം മൂലമാണെന്ന് കെ.കെ. ശൈലജ. എന്തുകൊണ്ട് പോളിങ് ഇത്രയും വൈകിയതെന്ന് പരിശോധിക്കണമെന്നും. കരുതിക്കൂട്ടി ആരെങ്കിലും പോളിങ് വൈകിപ്പിച്ചെന്ന് തോന്നിയിട്ടില്ല. പോളിങ് കൂടുന്നത് യുഡിഎഫിന് അനുകൂലമെന്നത് പണ്ടെന്നും കെ.കെ.ശൈലജ പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വര്‍ഗീയ ചേരിതിരിവിന് ശ്രമിച്ചിട്ടില്ലെന്ന് ഷാഫി പറമ്പില്‍.കാഫിര്‍ എന്നാരെയും വിളിച്ചിട്ടില്ല. വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ച് സിപിഎം ആണ് മതധ്രുവീകരണത്തിന് ശ്രമിക്കുന്നത്. യുഡിഎഫിന് വിജയസാധ്യതയുള്ള മേഖലകളിൽ വോട്ടെടുപ്പ് മന്ദഗതിയിൽ ആയതിന്റെ കാരണം തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തണം. ഉദ്യോഗസ്ഥ തലത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് സംശയമുണ്ടെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

കേരളത്തിലെ ലോക്സഭ തിരഞ്ഞെടുപ്പ് അലങ്കോലമാക്കിയെന്ന് കെ.സി വേണുഗോപാല്‍. പോളിങ് ശതമാനം കുറയ്ക്കാന്‍ ബോധപൂര്‍വമായ ഇടപെടലുകളുണ്ടായെന്നും തിരഞ്ഞെടുപ്പ് ഹൈജാക്ക് ചെയ്യാന്‍ സിപിഎം ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു. ഉദ്യോഗസ്ഥര്‍ വോട്ടര്‍മാരെ പീഡിപ്പിച്ച തിരഞ്ഞെടുപ്പാണ് ഇന്നലെയുണ്ടായത്. താമസം നേരിട്ട 90 ശതമാനം ബൂത്തുകളും യുഡിഎഫിന് മേല്‍ക്കൈയുള്ള ബൂത്തുകളായിരുന്നുവെന്നും കെ.സി വേണുഗോപാല്‍ വ്യക്തമാക്കി.

ആരെങ്കിലും ചൂണ്ടിക്കാണിക്കുന്നിടത്ത് ഇ.പി ജയരാജൻ നിഷ്കളങ്കമായി പോകരുതായിരുന്നുവെന്ന് മുതിര്‍ന്ന നേതാവും എൽഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ തോമസ് ഐസക് അഭിപ്രായപ്പെട്ടു. വിഷയത്തിലെ എന്റെ അഭിപ്രായം പാർട്ടി ഘടകത്തിൽ പറയും. ഇപ്പോൾ മുഖ്യമന്ത്രി പറഞ്ഞതിനപ്പുറം മറ്റൊന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വോട്ടിംഗിൽ കാലതാമസമുണ്ടായെന്ന് ജോസ് കെ മാണി. ഒരു മിനിറ്റിൽ മൂന്നു വോട്ട് മാത്രമാണ് പല ബൂത്തുകളിലും ചെയ്യാനായതെന്നും മൂന്നും നാലും മണിക്കൂർ ക്യൂ നിന്ന ശേഷം ആളുകൾ വോട്ടു ചെയ്യാതെ മടങ്ങിപ്പോയെന്നും ജോസ് കെ മാണി കുറ്റപ്പെടുത്തി.വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യതയെ കുറിച്ച് പ്രതിപക്ഷം ഉന്നയിച്ച സംശയങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്ഉദ്യോഗസ്ഥ തലത്തിൽ വൈകിപ്പിച്ചതായി കരുതുന്നില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി.

ശോഭാ സുരേന്ദ്രന് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസയച്ച് ഗോകുലം ഗോപാലൻ. സിഎംആർഎൽ ഉടമ ശശിധരൻ കർത്താ സുഹൃത്താണെന്ന തെറ്റായ ആരോപണം ഉന്നയിച്ചെന്നും തെളിവ് നൽകാൻ പരസ്യമായി ആവശ്യപ്പെട്ടിട്ടും ശോഭാ സുരേന്ദ്രൻ തയാറായില്ലെന്നും നോട്ടീസിൽ പറയുന്നു. ശോഭാ സുരേന്ദ്രന്റെ ആരോപണങ്ങളില്‍ മറുപടി നല്‍കാന്‍ തന്റെ സംസ്‌കാരം അനുവദിക്കുന്നില്ലെന്നും ആരോപണങ്ങള്‍ പൂര്‍ണമായും തെറ്റാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വയനാട് പുൽപ്പള്ളിയിൽ കടുവ ഇറങ്ങിയെന്ന് നാട്ടുകാർ. കളപ്പുരയ്ക്കൽ ജോസഫിൻ്റെ രണ്ടു പശുക്കിടാങ്ങളെ കടുവ പിടിച്ചു എന്ന് സംശയം. ഒന്നരമാസം പ്രായമുള്ള പശുക്കളാണ്, പശുക്കളെ മേയാൻ വിട്ടപ്പോഴാണ് കടുവയുടെ ആക്രമണം ഉണ്ടായത്. ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് കടുവ ഇറങ്ങിയത്. തൊട്ടപ്പുറത്തെ കർണാടക കാടുകളിൽ നിന്ന് കടുവ എത്തിയതാകാം എന്നാണ് വിലയിരുത്തൽ. വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്.

എറണാകുളത്ത് 2019 നേക്കാൾ 9 ശതമാനത്തിലധികമാണ് പോളിംഗിൽ ഇടിവ്. 77.64 ശതമാനം ആയിരുന്നു 2019ല്‍ പോള്‍ ചെയ്ത വോട്ടുകളെങ്കില്‍ 68.27 ശതമാനം ആണ് എറണാകുളത്ത് ഇക്കുറി ഔദ്യോഗിക പോളിംഗ് കണക്ക്. എറണാകുളം നിയോജക മണ്ഡലത്തില്‍ പോളിംഗ് 10 ശതമാനത്തോളം കുറഞ്ഞു.

സംസ്ഥാനത്ത് മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തേക്ക് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ ഈ സമയത്ത് സാധ്യത കൂടുതലാണ് അതിനാൽ പൊതുജനങ്ങളും ഭരണ ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണമെന്നും അറിയിപ്പിലുണ്ട്.

യെമന്‍ തീരത്തിന് സമീപം ഇന്ത്യയിലേക്കുള്ള എണ്ണ ടാങ്കറടക്കം ലക്ഷ്യമിട്ട് ചെങ്കടലില്‍ വീണ്ടും ഹൂതി ആക്രമണമെന്ന് റിപ്പോർട്ട്. റഷ്യയില്‍നിന്ന് ഈജിപ്ത് വഴി ഇന്ത്യയിലേക്ക് പുറപ്പെട്ട എംവി ആന്‍ഡ്രോമേഡ സ്റ്റാര്‍ എന്ന എണ്ണ ടാങ്കറടക്കം മൂന്ന് ചരക്കുകപ്പലുകളെ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണമുണ്ടായതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡാണ് സ്ഥിരീകരിച്ചത്. ഇന്ന് പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യയിലേക്കുള്ള എണ്ണക്കപ്പലിന് കേടുപാടുകള്‍ സംഭവിച്ചു വെങ്കിലും അറ്റകുറ്റപ്പണ പൂര്‍ത്തിയാക്കി യാത്ര തുടരുകയാണ്.

ബിജെപി തെരഞ്ഞെടുപ്പ് പ്രചരണം മാറ്റുന്നുവെന്ന് പി ചിദംബരം. മോദി സർക്കാർ മാറി, ബിജെപി സർക്കാർ എന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രചരണം. ഇന്നലെ മുതല്‍ എൻഡിഎ സർക്കാർ എന്നാണ് പ്രയോഗo. കോണ്‍ഗ്രസ് പ്രകടനപത്രികയെ അവഗണിച്ച മോദി ഇപ്പോള്‍ പ്രകടനപത്രിക പരിഗണിക്കുന്നുവെന്നും ചിദംബരം പരിഹസിച്ചു.

കർണാടകയിൽ സംഘർഷമുണ്ടായ സ്ഥലത്ത് റീപോളിംഗ് നടത്തും. ചാമരാജനഗർ മണ്ഡലത്തിലെ ഇണ്ടിഗനട്ടയിലെ ബൂത്തിലാണ് മറ്റന്നാൾ വീണ്ടും വോട്ടെടുപ്പ് നടത്തുന്നത്. തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് നടത്താനായുള്ള ഉത്തരവ് ഇറക്കി. വോട്ട് ബഹിഷ്കരണത്തെ തുടർന്നുണ്ടായ പ്രശ്നത്തിൽ നാട്ടുകാർ പോളിങ് ബൂത്തുകൾ ആക്രമിക്കുകയും, ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. റീപോളിൻ നടക്കുന്ന ദിവസം കനത്ത സുരക്ഷ ഏർപ്പെടുത്തും.

അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്രസർക്കാർ രാഷ്ട്രീയ എതിരാളികളെ നേരിടുന്നതിന്റെ ഭാഗമാണ് തന്റെ അറസ്റ്റെന്ന് അരവിന്ദ് കെജ്‌രിവാൾ. ഇ ഡിയുടെ വാദങ്ങൾ തള്ളി സുപ്രിംകോടതിയിൽ സമർപ്പിച്ച എതിർസത്യവാങ്മൂലത്തിലാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.ഗോവ നിയമസഭാ തെരെഞ്ഞെടുപ്പിൽ മദ്യനയ അഴിമതിപ്പണം ചെലവഴിച്ചു എന്നത്ഇ ഡി യുടെ ആരോപണം മാത്രമാണ് . ആം ആദ്മിയുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും കള്ളപ്പണമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.സുപ്രിംകോടതിയിൽ കെജ്രിവാൾ എതിർസത്യവാങ്മൂലം ഫയൽ ചെയ്തു.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാൾ ആദ്യമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി. ഈസ്റ്റ് ഡല്‍ഹിയിൽ പ്രചാരണത്തിന്റെ ഭാഗമായി വന്‍ റോഡ് ഷോ നടത്തിയാണ് സുനിത കെജ്രിവാൾ പ്രചാരണത്തിന് തുടക്കം കുറിച്ചത്. ഏകാധിപത്യം ഇല്ലാതാക്കാനും ജനാധിപത്യം സംരക്ഷിക്കാനും എഎപിക്ക് വോട്ട് ചെയ്യണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *