Untitled design 2026 05 17T203656.419

 

 

 

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. പാട്ടീൽ അജിത് ഭഗവത് റാവുവിനെ ധനവകുപ്പ് സെക്രട്ടറിയായും പി. ബി നൂഹിനെ ജിഎസ്ടി കമ്മീഷണറായും നിയമിച്ചു. കെ ഇമ്പശേഖർ വാട്ടർ അതോറിറ്റി എംഡിയാണ്. കണ്ണൂർ കളക്ടറായ അരുൺ കെ വിജയനെ വ്യവസായ വകുപ്പ് ഡയറക്ടറായും സ്നേഹിൽ കുമാർ സിങിനെ എൻട്രൻസ് കമ്മീഷണറായും നിയമിച്ചു.

 

സംസ്ഥാനത്തെ ലഹരിമാഫിയയെ അമര്‍ച്ച ചെയ്യാൻ ആഭ്യന്തര വകുപ്പ് ആരംഭിച്ച ഓപ്പറേഷന്‍ തൂഫാന് കെസിബിസി മദ്യ-ലഹരി വിരുദ്ധ സമിതി സമ്പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം ഷാഡോ പൊലീസിനെ നിയോഗിക്കണമെന്നും അതിര്‍ത്തി സംസ്ഥാനങ്ങളെ കൂടി ലഹരിവേട്ടയില്‍ ഉള്‍പ്പെടുത്തണമെന്നും സമിതി ആവശ്യപ്പെട്ടു.

 

സംസ്ഥാനത്തെ മന്ത്രിമാരുടെ ഔദ്യോ​ഗിക വാഹനങ്ങൾക്കുള്ള നമ്പറുകളായി. മുഖ്യമന്ത്രി വിഡി സതീശൻ്റെ കാറിന് ഒന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വാഹനത്തിന് ഒമ്പതാം നമ്പറുമാണ് അനുവദിച്ചിരിക്കുന്നത്. രണ്ടാം നമ്പർ പികെ കുഞ്ഞാലിക്കുട്ടിയുടെ വാഹനത്തിന് നൽകി. സണ്ണി ജോസഫിന് നാലും മോൻസ് ജോസഫിന് മൂന്നും കെ മുരളീധരന് പതിനൊന്നും എപി അനിൽകുമാറിന് ഏഴാം നമ്പറും അനുവദിച്ചു.

 

ചീഫ്‌ ഇലക്ടറല്‍ ഓഫീസറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചത്‌, നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്ന നടപടിയാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌. തെരഞ്ഞെടുപ്പിന്‌ തൊട്ടുപിന്നാലെ ഉദ്ദിഷ്ട കാര്യത്തിന്‌ ഉപകാരസ്‌മരണ എന്നതുപോലെ ഇത്തരം ഒരു നിയമനം നടത്തിയ അനുഭവം കേരളത്തില്‍ ഇന്നോളം ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ്‌ ഘട്ടത്തില്‍ യു.ഡി.എഫിന്‌ വേണ്ടി കമ്മീഷന്‍ പക്ഷപാതപരവും, ദുരൂഹവുമായ പല നടപടികളും സ്വീകരിച്ചുവെന്ന എല്‍.ഡി.എഫ്‌ ആരോപണം ശരിവെക്കുന്ന കാര്യങ്ങളാണ്‌ ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും സിപിഎം കുറ്റപ്പെടുത്തി.

 

കൊല്ലത്തെ സി പി എം പരാജയത്തിൽ പഴിയത്രയും പിണറായിക്കും എം വി ഗോവിന്ദനും . ജില്ലാ കമ്മിറ്റിക്ക് പിന്നാലെ ചേർന്ന കുണ്ടറ ഏരിയ കമ്മിറ്റിയിലും കുണ്ടറ യിലെ പരാജയത്തിന്റെ പാപഭാരം ഇരുവർക്കും മേലയാണ് നേതാക്കൾ ചാർത്തിക്കൊടുക്കുന്നത്. ഇരുവരുടെയും ശൈലിയും കാർക്കശ്യവും ജനങ്ങളിൽ നിന്ന് പാർട്ടിയെ അകറ്റിയെന്നും വിമർശനമുയർന്നു.

 

നവകേരള യാത്രയിൽ ‘രക്ഷാപ്രവർത്തനം’ നടത്തിയ അഞ്ച് പൊലീസുകാരും കുറ്റക്കാർ. ഇതുസംബന്ധിച്ച് ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് നൽകി. അനിൽ, സന്ദീപ്, ഷൈജു, വിപിൻ, അരുൺ തുടങ്ങിയവർ പ്രതികളാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഗൺമാൻമാർക്കെതിരെ വകുപ്പ് ചുമത്തിയിട്ടില്ല.

 

നവകേരള യാത്രയിലെ ഗൺമാൻമാരുടെ മർദനത്തിൽ വീഴ്ച ചൂണ്ടിക്കാണിച്ച ആദ്യ കേസ് ഡയറി തിരുത്തിയ എഡിജിപ്പിക്കെതിരെ നടപടി വന്നേക്കും. കേസ് അട്ടിമറിച്ചവർക്കെതിരെ നടപടി വേണമെന്ന് മർദമേറ്റ ആലപ്പുഴ എംഎൽഎ എഡി തോമസും അജയ് ജുവൽ കുര്യാക്കോസും ആവശ്യപ്പെട്ടു. ‌

 

കോന്നിയിലെ പൊതുസമ്മേളനത്തിൽ വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞ പിണറായിയുടെ പരാമർശം സംസ്ഥാനത്ത് ആകെ വലിയ തിരിച്ചടിയായെന്ന് ഏരിയ കമ്മിറ്റി യോഗത്തിൽ വിമർശനമുയർന്നു. ഇതുമൂലം ഒരു ബൂത്തിൽ കുറഞ്ഞത് 20 വോട്ട് വീതമാണെന്നും സംസ്ഥാനത്താകെ നഷ്ടമായെന്നും വിമർശനമുണ്ടായെന്നും വിമർശനം.

 

സോഷ്യൽ മീഡിയയിലെ പുതിയ രാഷ്ട്രീയ പ്രതിഷേധ പ്രസ്ഥാനമായ ‘കോക്രോച്ച് ജനത പാർട്ടി’യുടെ എക്സ് അക്കൗണ്ട് കേന്ദ്രസർക്കാർ പൂട്ടിച്ചതിനെതിരെ ശക്തമായ പ്രതികരണവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. ഇത് ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയാണെന്നും ഈ കൂട്ടായ്മ ഒരു വലിയ രാഷ്ട്രീയ പ്രസ്ഥാനമായി വളർന്നു വരുമോ എന്ന ഭയമാണ് ബിജെപിയെ ഭരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

 

സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ റിപ്പോർട്ട്. അടുത്ത മൂന്നു മണിക്കൂറിൽ നാല് ജില്ലകളിൽ മഴ ശക്തമാകും. കൊല്ലം, തൃശ്ശൂർ, കോട്ടയം, ഇടുക്കി ജില്ലകളിൽ അടുത്ത മൂന്നു മണിക്കൂർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വരും മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

 

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഫേസ്ബുക്കിൽ അപകീർത്തികരമായ പോസ്റ്റിടുകയും ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്തതിന് കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. നെടുങ്കണ്ടം യൂണിറ്റിലെ ഡ്രൈവർ എസ്. സുനിൽകുമാറിനെതിരെയാണ് സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ട ലംഘനത്തിന് വകുപ്പുതല നടപടി സ്വീകരിച്ചത്.

 

പിഎം ശ്രീ പദ്ധതിയിൽ കഴിഞ്ഞ സർക്കാർ ഒപ്പിട്ടുവെന്നത് യാഥാർഥ്യമാണെന്നും പദ്ധതി പ്രകാരം 93 കോടി സർക്കാരിന് ലഭിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. ഇനി എന്ത് ചെയ്യാൻ കഴിയുമെന്ന നിയമപരമായ കാര്യങ്ങൾ ആലോചിക്കുമെന്നും യുഡ‍ിഎഫ് ഇക്കാര്യത്തിൽ രാഷ്ട്രീയമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്ലസ് വൺ സീറ്റ് പ്രതിസന്ധി യാഥാർഥ്യമാണെന്നും ആവശ്യമായ അധിക സീറ്റും താൽക്കാലിക ബാച്ചുകളും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

 

മലയിടംതുരുത്തിലെ ദളിത് കുടുംബങ്ങളുടെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ തിങ്കളാഴ്ച ഹൈക്കോടതി സ്വീകരിക്കുന്ന നിലപാട് നിർണായകമാകും. 8 കുടുംബങ്ങളെ ഒഴിപ്പിക്കാൻ സാവകാശം തേടി ഹൈക്കോടതിയിൽ ഹർജി നൽകാനാണ് സർക്കാർ നീക്കം.

 

മുഖ്യമന്ത്രി വിഡി സതീശൻ്റെ സെക്രട്ടറിയായി രത്തൻ ഖേൽക്കർ ഐഎഎസിനെ നിയമിച്ചതിൽ വിമർശനവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ പി രാജീവ്. കേരളത്തിൽ ചീഫ് ഇലക്ട്രൽ ഓഫീസറായിരുന്ന ആളെ മുഖ്യമന്ത്രിയുടെ സെക്രട്ടറി ആക്കിയതിൽ കോൺഗ്രസ് കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.എന്നാൽ നിയമനത്തിൽ രാഷ്ട്രീയമില്ലെന്നും കാര്യശേഷിയുള്ള ഉദ്യോഗസ്ഥനാണെന്നും മന്ത്രിയും കെപിസിസി പ്രസിഡന്‍റുമായി സണ്ണി ജോസഫ് പ്രതികരിച്ചു.

 

 

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി സിപിഐ. സിപിഐ വയനാട് ജില്ല എക്സിക്യൂട്ടീവിൽ ആണ് വിമർശനം ഉയർന്നത്. പിണറായിയുടെ പെരുമാറ്റം ചക്രവർത്തിയെ പോലെയാണെന്നും പ്രതിച്ഛായയാണ് തിരിച്ചടിയുടെ മുഖ്യകാരണമെന്നുമാണ് യോ​ഗത്തിലെ വിമർശനം.

 

 

മന്ത്രി കെ എം ഷാജിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തു. വാട്‌സ്ആപ്പ് സന്ദേശത്തില്‍ കെ എം ഷാജിയെ വര്‍ഗീയവാദി എന്ന് വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി.

 

തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ സുലൂർ മേഖലയിൽ വ്യാഴാഴ്ച വൈകുന്നേരം മുതൽ കാണാതായ പത്തുവയസ്സുകാരിയെ കണ്ണമ്പാളയം തടാകത്തിന് സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കാർത്തിക്, മോഹൻ രാജ് എന്നിവരടങ്ങുന്ന രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.ഇത്തരം ക്രൂരമായ കുറ്റകൃത്യങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് വ്യക്തമാക്കി.

 

കോക്റോച്ച് ജനത പാർട്ടിയുടെ വെബ്സൈറ്റ് കേന്ദ്ര സർക്കാർ മരവിപ്പിച്ചെന്ന് സ്ഥാപകൻ അഭിജിത് ദിപ്കെ. വെബ്സൈറ്റ് അടക്കം സർക്കാർ പൂർണ്ണമായി മരവിപ്പിച്ചതോടെ തങ്ങളുടെ പ്രധാന ആശയവിനിമയ മാർഗ്ഗങ്ങളും രാഷ്ട്രീയ ക്യാമ്പെയിനുകളും തടസ്സപ്പെടുകയും പാർട്ടിയുടെ പ്രവർത്തനം പൂർണ്ണമായും വഴിമുട്ടുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു.

 

വടക്കൻ ചൈനയിലെ ഷാൻസി പ്രവിശ്യയിലുള്ള കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 90 തൊഴിലാളികൾ കൊല്ലപ്പെട്ടു. ചൈനയിൽ കഴിഞ്ഞ 17 വർഷത്തിനിടെ ഉണ്ടാകുന്ന ഏറ്റവും വലിയ ഖനി ദുരന്തമാണിത്. വെള്ളിയാഴ്ച രാത്രി 7.29ഓടെയാണ് ഷാൻസി പ്രവിശ്യയിലെ ക്വിൻയുവാൻ കൗണ്ടിയിലുള്ള ലിഷെൻയു കൽക്കരി ഖനിയിൽ അപകടമുണ്ടായത്.

 

ഉപരോധം കൊണ്ട് വലഞ്ഞ ഗാസയിലേക്ക് കപ്പലില്‍ ഭക്ഷണവും മരുന്നും മറ്റ് സഹായ സാമഗ്രികളുമായി ചെന്ന മനുഷ്യാവകാശ സംഘത്തിനുനേരെ ഇസ്രായേല്‍ ക്രൂരത. സംഘത്തിലെ വനിതകളില്‍ ചിലരെ ഇസ്രായേല്‍ സൈനികര്‍ ബലാല്‍സംഗം ചെയ്‌തെന്ന ആരോപണം ഉയര്‍ന്നു. കപ്പലിലുണ്ടായിരുന്ന നിരവധി പേരെ ഇസ്രായേല്‍ സൈനികര്‍ ക്രൂരമായി മര്‍ദ്ദിച്ചതായും ആരോപണമുണ്ട്. ഇതോടെ ഇസ്രായേലിനെതിരെ പ്രതിഷേധവുമായി വിവിധ രാജ്യങ്ങള്‍ രംഗത്തുവന്നു.

 

ഒരാഴ്ച കൊണ്ട് യുദ്ധം തീര്‍ക്കാമെന്ന് കരുതി യുക്രൈനെതിരെ പോരിനിറങ്ങിയ റഷ്യ ഇപ്പോള്‍ പെട്ടുകിടക്കുകയാണെന്ന് വിലയിരുത്തല്‍. യുദ്ധക്കളത്തിലെ പ്രതിസന്ധികളും ആഭ്യന്തരമായ എതിര്‍പ്പും കാരണം, എങ്ങനെയെങ്കിലും യുദ്ധം നിര്‍ത്തിയാല്‍ മതിയെന്ന അവസ്ഥയിലാണ് റഷ്യയെന്നാണ് യൂറോപ്യന്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ വിലയിരുത്തല്‍.

 

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരം യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചു. ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി. റൂബിയോയുടെ നാല് ദിവസത്തെ സന്ദർശനത്തിൽ ക്വാഡ് സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും.

 

 

യുഎഇയിലെ ഷാർജയിൽ മലയാളി യുവതിയെയും അഞ്ചുവയസ്സുകാരിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ അഴീക്കോട് പുതിയകാവ് ‘ആർഷ അഷിത’ഭവനത്തിൽ ആർഷയും ഏകമകൾ റൂഹിയുമാണ് മരിച്ചത്. ആർഷയ്ക്ക് 35 വയസ്സായിരുന്നു.

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *