രാജസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിലെ മുസ്ലീം പരാമര്‍ശത്തിൽ പ്രതികരിക്കാനില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. പരാമര്‍ശത്തിൽ മോദിക്കെതിരെ പരാതി കിട്ടിയോ എന്ന ചോദ്യത്തിനും കമ്മീഷൻ മറുപടി നൽകിയില്ല. വിദ്വേഷ പ്രസംഗത്തിലൂടെ പെരുമാറ്റച്ചട്ട ലംഘനം നടത്തിയതിനാൽ പ്രധാനമന്ത്രിക്കെതിരെ ശക്തമായ നിലപാട് കമ്മീഷൻ സ്വീകരിക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ വാക്കുകള്‍ വിദ്വേഷ പ്രസംഗത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണെന്നും, തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് മോദിയെ വിലക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് കോണ്‍ഗ്രസ് പരാതിപ്പെട്ടു. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയില്‍ ഇന്നലെ നടത്തിയ പ്രസംഗത്തിലാണ് മുസ്ലീംങ്ങള്‍ക്കെതിരെ കടുത്ത വിഭാഗീയ പരാമര്‍ശങ്ങള്‍ മോദി നടത്തിയത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ സമ്പത്ത് മുഴുവന്‍ മുസ്ലീംങ്ങള്‍ക്ക് നല്‍കുമെന്നായിരുന്നു മോദിയുടെ പ്രസംഗമധ്യേയുള്ള ആരോപണം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജസ്ഥാനിലെ പ്രസംഗം തീർത്തും രാജ്യവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്ലീം വിഭാഗത്തെ നുഴഞ്ഞു കയറ്റക്കാരായി വിശേഷിപ്പിച്ചു കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. എന്നാൽ രാജ്യത്തെ സ്വാതന്ത്ര്യ സമര സേനാനികളുടെ കൂട്ടത്തിൽ ഒരു പാട് മുസ്ലീങ്ങളുടെ പേര് കാണാൻ സാധിക്കും. പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ നടപടി എടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. സങ്കൽപ്പ കഥകൾ കെട്ടിച്ചമച്ച് മുസ്ലീം വിരോധം ജനങ്ങളിൽ വളർത്തുന്ന പ്രചാരണമാണ് നടക്കുന്നതെന്നും, പ്രധാനമന്ത്രിക്കെതിരെ കേസ് എടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനിൽ കെ. ആന്റണിക്ക് പൂർണ പിന്തുണ നൽകുമെന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സഭാ നേതൃത്വം അറിയിച്ചു. സഭയുടെ തിരുവല്ലയിലുള്ള യൂത്ത് സെന്ററിൽ നടന്ന യോഗത്തിൽ അനിലിന് സ്വീകരണം നൽകി. ഇതാദ്യമായാണ് ഒരു ക്രൈസ്തവ സഭ ബിജെപി ക്ക് പരസ്യ പിന്തുണ നൽകുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ സഭകൾ പിന്തുണയുമായി വരുമെന്ന് ബിജെപി ജില്ലാ സെക്രട്ടറി റോയി മാത്യു അറിയിച്ചു.
കേരളത്തിലെ കുറച്ച് കോൺഗ്രസ് നേതാക്കൾ , എൻഡിഎയിൽ ചേരാൻ ചര്‍ച്ച നടത്തിയെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മയുടെ . ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ പ്രാദേശിക പാർട്ടി രൂപീകരിച്ച് എൻഡിഎ സഹകരണം എന്ന രീതിയിലാണ് ചർച്ച. നേരത്തെ കോൺഗ്രസുകാരനായിരുന്ന തനിക്ക് ഏത് സംസ്ഥാനത്തെ നേതാവുമായും ഫോണിൽ ബന്ധപെടാൻ കഴിയുമെന്നും ഹിമന്ത ബിശ്വ ശർമ കൂട്ടിച്ചേര്‍ത്തു.
തനിക്ക് കൂടുതൽ പിന്തുണ തന്നത് ഇടത് സർക്കാരാണ് എന്നും നാടിനെ ഏറ്റവും സഹായിച്ചത് പിണറായി വിജയനാണെന്നും പാലക്കാട് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന എവി ഗോപിനാഥ്. ഒരു പാർട്ടി വിരുദ്ധ പ്രവർത്തനവും നടത്താതിരുന്നിട്ടും തന്നെ കോൺഗ്രസ് പുറത്താക്കി. പിണറായി വിജയനൊപ്പമുള്ള ഫ്ലക്സ് ബോർഡ് ഉയർത്തിയ അദ്ദേഹം ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചു.
പൊന്നാനി സമസ്ത കൂട്ടായ്മയെന്ന പേരില്‍ മുസ്ലിം ലീഗ് നേതൃത്വത്തെ പരിഹസിക്കുന്ന ചോദ്യാവലിയുമായി സമസ്തയിലെ ഒരു വിഭാഗം. ക്വിസ് മത്സരത്തിനുള്ള ചോദ്യാവലി ഇടത് സ്ഥാനാര്‍ത്ഥി കെ.എസ്.ഹംസയെ പിന്തുണച്ചും ലീഗ് നേതൃത്വത്തെ ആക്ഷേപിച്ചുമുള്ളതാണ്. സമസ്ത ഉൾപ്പടെ ലീഗിന് വോട്ട് ചെയ്തിരുന്നവർ ഇത്തവണ മാറിചിന്തിക്കുമെന്ന് കെ.എസ്.ഹംസ പറഞ്ഞു.
പത്തനംതിട്ട മെഴുവേലിയിലെ കള്ളവോട്ട് അന്വേഷിക്കാൻ മൂന്നംഗ സമിതി. രാഷ്ട്രീയ ഗൂഢാലോചന നടന്നോയെന്ന്അന്വേഷിക്കും. ബിഎൽഒയും യുഡിഎഫ് പഞ്ചായത്ത് അംഗവും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന കേസ് അന്വേഷിക്കാൻ സമിതിയെ ചുമതലപ്പെടുത്തിയത്ജില്ലാ കളക്ടർ ആണ് . ആറു വർഷം മുൻപ് മരിച്ചുപോയ അന്നമ്മയുടെ പേരിൽ മരുമകളായ അന്നമ്മ വോട്ട് ചെയ്തതാണ് പരാതിക്ക് ഇടയാക്കിയത്.
ദിവസങ്ങളോളം മില്‍മ പാല് കേടാകാതിരിക്കാന്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നുവെന്ന ആരോപണത്തിനെതിരെ നിയമ നടപടിയുമായി മില്‍മ. ഒരു യൂട്യൂബ് ചാനലിനെതിരെയാണ് മില്‍മ പരാതി നൽകിയത്. പാൽ ദിവസങ്ങളോളം കേടാകാതിരിക്കാൻ രാസവസ്തുക്കള്‍ ചേര്‍ക്കുന്നെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് മില്‍മ അധികൃതര്‍ അറിയിച്ചു.
കെഎസ്ആര്‍ടിസി ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ ആരംഭിച്ചു. 30-ാം തീയതി വരെയാണ് യാത്രക്കാരുടെ ആവശ്യo പരിഗണിച്ച് അധിക സര്‍വ്വീസുകള്‍ നടത്തുന്നത്. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് സര്‍വ്വീസുകള്‍ ക്രമീകരിച്ചിട്ടുള്ളത്. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.
യുവാക്കൾക്ക് തൊഴിലില്ലായ്മ വേതനമായി നൽകേണ്ട പണത്തിൽ വെട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥർക്ക് വിജിലൻസ് കോടതി 12 വർഷം കഠിന തടവും പിഴയും വിധിച്ചു. അക്കൗണ്ട്സ് വിഭാഗത്തിലും ഹെൽത്ത് വിഭാഗത്തിലും ഉദ്യോഗസ്ഥരായിരുന്ന തിരുവനന്തപുരം കോർപറേഷനിലെ രണ്ട് പേർക്ക് ആണ് ശിക്ഷ വിധിച്ചത്.
ഹൃദ്രോഗ ചികിത്സ സ്റ്റെന്റിന് കുറവ് വന്നാല്‍ പരിഹരിക്കാന്‍ നടപടി സ്വീകരിച്ച്മന്ത്രി വീണാ ജോര്‍ജ്. ചികിത്സ സ്റ്റെന്റില്ലാത്തതിനാല്‍ ഒരു ആശുപത്രിയിലും ആന്‍ജിയോപ്ലാസ്റ്റി മുടങ്ങിയിട്ടില്ല. ഏതെങ്കിലും മെഡിക്കല്‍ കോളേജില്‍ കുറവുണ്ടായാല്‍ സ്റ്റെന്റുകള്‍ ആശുപത്രികളില്‍ നേരിട്ടെത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന. മൂന്നാര്‍, ചിന്നക്കനാല്‍, മാങ്കുളം തുടങ്ങി പ്രദേശങ്ങളിലെ റിസോര്‍ട്ടുകളിലും ഭക്ഷണ വില്പന കേന്ദ്രങ്ങളിലുമാണ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ്പരിശോധനകള് നടത്തിയത്. മൂന്ന് സ്ക്വാഡുകളുടെ നേതൃത്വത്തില്‍ 102 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി, നിയമ ലംഘനം കണ്ടെത്തിയ 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി.
തിരിച്ചറിയല്‍ രേഖയില്ലാത്തവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ കമ്മീഷന് സംവിധാനമൊരുക്കി. വോട്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ അന്നേ ദിവസം വോട്ടിംഗിനായി ഉപയോഗിക്കാം. തെരഞ്ഞെടുപ്പ് കമ്മീൻ നൽകുന്ന തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ 13 തിരിച്ചറിയല്‍ രേഖകളാണ് അംഗീകരിച്ചിട്ടുള്ളത്.
കോട്ടയത്ത്ബിഡിജെഎസിനെ വിമർശിച്ച് സി പി എം ലഘുലേഖ പുറത്തിറക്കി. ബിഡിജെഎസിൻ്റേത് മാരീച രാഷ്ട്രീയo. മണ്ഡലത്തിൽ പണമൊഴുക്കി വോട്ടു പിടിക്കാൻ ബിഡിജെഎസ് ശ്രമിക്കുകയാണ്. മൈക്രോ ഫിനാൻസ് തട്ടിപ്പ് സമുദായം മറക്കില്ലെന്നും ലഘുലേഖയിൽ ഓർമ്മപ്പെടുത്തുന്നു. തുഷാർ വെള്ളാപ്പള്ളിയാണ് കോട്ടയം മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. 26-ാം തീയതി വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 40°C വരെയും, കൊല്ലം, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യത.വരും മണിക്കൂറുകളില്‍ ആറ് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഡോക്ടറുമായി ദിവസേന 15 മിനിറ്റ് വീഡിയോ കണ്സള്ട്ടേഷൻ അനുവദിക്കണമെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹർജി വിചാരണക്കോടതി തള്ളി. പതിവായി ഇന്‍സുലിന്‍ കുത്തിവയ്പ്പുകള്‍ അദ്ദേഹത്തിനാവശ്യമുണ്ടോ എന്ന് തീരുമാനിക്കാന്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒരു മെഡിക്കല്‍ പാനല്‍ രൂപീകരിക്കാന്‍ റോസ് അവന്യൂ കോടതി ഉത്തരവിട്ടു. ഡയബറ്റോളജിസ്റ്റുകളില്‍ നിന്നോ എന്‍ഡോക്രൈനോളജിസ്റ്റുകളില്‍ നിന്നോ വിദഗ്ധ ചികിത്സ ഉള്‍പ്പെടെ ലഭ്യമാണെന്ന് ഉറപ്പാക്കാന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് കോടതി നിര്‍ദ്ദേശം നല്കി.
രാജസ്ഥാനിൽ പ്രസംഗമധ്യേയുള്ള മുസ്ലീം പരാമര്‍ശം വിവാദമായതോടെ അലിഗഡിൽ മുസ്ലിം ക്ഷേമ പദ്ധതികൾ വിശദീകരിച്ച് മോദിയുടെ പ്രസംഗം. മുസ്ലീങ്ങളുടെ ഉന്നമനത്തിനായി കഴിഞ്ഞ സർക്കാരുകൾ ഒന്നും ചെയ്തില്ലെന്നും, മുസ്ലിം വോട്ട് മാത്രമായിരുന്നു കോൺഗ്രസിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. മുത്തലാഖ് നിരോധനത്തിലൂടെ പെൺകുട്ടികളുടെ കണ്ണീർ താൻ തുടച്ചുവെന്നും, തീര്‍ത്ഥാടനത്തിനുളള ഹജ്ജ് ക്വാട്ട വർധിപ്പിച്ചു. മുസ്ലീം സഹോദരിമാർക്ക് തനിച്ച് ഹജ്ജിന് പോകാനുള്ള അവസരമൊരുക്കിയെന്നും അവരുടെയൊക്കെ ആശിർവാദം തനിക്കുണ്ടെന്നും മോദി പറഞ്ഞു.
ഗുജറാത്തിൽ വോട്ടെടുപ്പിന് മുൻപ് സൂറത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി മുകേഷ് ദലാൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക തള്ളുകയും ഏഴ് സ്വതന്ത്ര സ്ഥാനാർത്ഥികൾ മത്സരത്തിൽ നിന്ന് പിന്മാറുകയും ചെയ്തതോടെയാണ് തെരഞ്ഞെടുപ്പിന് മുമ്പേ മുകേഷ് ദലാൽ വിജയിച്ചത്.
ഗുജറാത്തിൽ വോട്ടെടുപ്പിന് മുൻപ് സൂറത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി മുകേഷ് ദലാൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി രാഹുല്‍ ഗാന്ധി. ശനിയാഴ്ച്ച കോൺഗ്രസ് സ്ഥാനാർത്ഥി നിലേഷ് കുഭാണിയെ പിന്താങ്ങിയ മൂന്നു പേരും പിന്മാറുകയായിരുന്നു. തങ്ങളുടെ ഒപ്പ് വ്യാജമായി നിലേഷിന്റെ പത്രികയിൽ ഉൾപ്പെടുത്തി എന്ന് സത്യവാങ്മൂലം നൽകിയായിരുന്നു പിന്മാറ്റം. ഏകാധിപതിയുടെ യഥാർത്ഥ മുഖം വീണ്ടും തുറന്ന് കാണിക്കപ്പെട്ടുവെന്നും, ജനപ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ അവകാശം കവർന്നെടുത്തുവെന്നും ഇത് അംബേദ്ക്കറുടെ ഭരണഘടനയെ തകർക്കാനുള്ള മറ്റൊരു ശ്രമമാണെന്നും രാഹുൽ വിമർശിച്ചു.
ബംഗാളിൽ, എയ്ഡഡ് സ്കൂളുകളിലേക്കുള്ള 2016ലെ അധ്യാപക നിയമനങ്ങൾ കൽക്കട്ട ഹൈക്കോടതി റദ്ദാക്കി. ഇതോടെ 25,753 അധ്യാപകർക്ക് ജോലി നഷ്ടപ്പെടും. അവരുടെ ശമ്പളം 12% പലിശ സഹിതം തിരികെ നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു. നിയമിക്കപ്പെട്ടവരിൽ ഒരാളായ കാൻസർ ചികിത്സയിൽ കഴിയുന്ന സോമ ദാസ് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ ജോലിയിൽ തുടരാനും കോടതി ഉത്തരവിട്ടു.