എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തി. കേരളത്തിലെ മുഖ്യമന്ത്രി രാഹുല്‍ ഗാന്ധിയെ മാത്രം ആക്രമിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് പരിപാടിക്കിടെ പറഞ്ഞു. ഒട്ടേറെ അഴിമതി ആരോപണങ്ങള്‍ വന്നിട്ടും ഇതുവരെ മുഖ്യമന്ത്രിയെ ചോദ്യം ചെയ്തില്ല. ബിജെപിക്കൊപ്പം നിന്നാണ് പിണറായി തന്റെ സഹോദരനെ ആക്രമിക്കുന്നതെന്നും കോടികളുമായി പിടിയിലായ ബിജെപി നേതാവിനെതിരെയും നടപടിയില്ലെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.
കോൺഗ്രസ് അധികാരത്തിൽ വന്നാൽ പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്ന് പ്രിയങ്ക ഗാന്ധി. പത്തനംതിട്ടയിൽ യു ഡി എഫ് സ്ഥാനാർഥിക്ക് വേണ്ടി നടത്തിയ പൊതുയോഗത്തിനിടെയാണ്, സി എ എ റദ്ദാക്കും എന്ന് പ്രിയങ്ക പ്രഖ്യാപിച്ചത്. സി എ എയിൽ കോൺഗ്രസ് നിലപാടെന്താണെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചോദ്യത്തിനുള്ള ഉത്തരം കൂടിയാണിത്.
സിപിഎം ഇലക്ടറല്‍ ബോണ്ട് വാങ്ങി എന്ന് പറഞ്ഞ വി ഡി സതീശനെ അത് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നും, സതീശന്‍ പെരുംനുണയനാണെന്നും മന്ത്രി വി ശിവന്‍കുട്ടി. ബിജെപിക്കൊപ്പം ഇലക്ടറല്‍ ബോണ്ട് വാങ്ങിയ രാഷ്ട്രീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആ കോണ്‍ഗ്രസിന്റെ നേതാവാണ് സുപ്രീംകോടതിയില്‍ ഇലക്ടറല്‍ ബോണ്ടിനെതിരായി നിയമപ്പോരാട്ടം നടത്തുകയും വിജയിക്കുകയും ചെയ്ത സിപിഎം ഇലക്ടറല്‍ ബോണ്ട് വാങ്ങിയെന്ന് നുണ പറയുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു.
ഇലക്ടറൽ ബോണ്ട് കേസിൽ കേന്ദ്രസർക്കാർ പുന:പരിശോധനാ സാധ്യത തേടുന്നു. ഇലക്ടറൽ ബോണ്ട് സംവിധാനം ഉചിതമായ ഭേഭഗതികളോടെ മുന്നൊട്ട് കൊണ്ട് പോകാൻ അനുവദിയ്ക്കണം എന്നാകും ഹർജ്ജി.കള്ളപ്പണത്തെ രാഷ്ട്രിയത്തിൽ നിന്ന് അകറ്റാൻ വേണ്ടിയാണിത്.തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് ഹർജ്ജി സമർപ്പിയ്ക്കാനാണ് തീരുമാനം.പുന:പരിശോധനാ ഹർജ്ജിയിലൂടെ കോടതി ഉയർത്തിയ വീർശനങ്ങൾ കൂടി അംഗികരിച്ച് സംവിധാനം സർക്കാർ പുന:സംഘടിപ്പിയ്ക്കും . ഇക്കാര്യത്തിൽ നിയമപോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ.
വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ഓണ്‍ലൈന്‍ ചാനലിനെതിരെ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിൽ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം ജില്ലയില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ക്ക് തകരാറുണ്ടെന്നും ഇലക്ഷന്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയപ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കമുണ്ടായെന്നുമായിരുന്നു വാർത്ത. നിയമനടപടിക്ക് പിന്നാലെ ഓൺലൈൻ ചാനലിൽ നിന്ന് വാർത്ത പിൻവലിച്ചു.
മോര്‍ഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ലെന്നും മുഖം വെട്ടിയൊട്ടിച്ചുളള പോസ്റ്റർ പ്രചരിക്കുന്നുവെന്നാണ് വാർത്താ സമ്മേളനത്തിൽ പറഞ്ഞതെന്നും കെ കെ ശൈലജ. വീഡിയോ നുണപ്രചരങ്ങൾ നടക്കുന്നുണ്ട്, പക്ഷേ താനന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞത് പോസ്റ്ററിനെ കുറിച്ചാണെന്ന് ശൈലജ പറഞ്ഞു. പോസ്റ്ററിൽ തലമാറ്റി തന്റ തലയൊട്ടിച്ച് വികൃതമാക്കി പ്രചരിപ്പിക്കുന്നു. പല കുടുംബ ഗ്രൂപ്പുകളിലും ഇത്തരം പോസ്റ്ററുകൾ പ്രചരിക്കുന്നുണ്ടെന്നും ഇതിനെല്ലാം പിന്നിൽ ഒരു സംഘമുണ്ട്, പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും ശൈലജ വ്യക്തമാക്കി.
ചട്ടം ലംഘിച്ച് പോളിംഗ് സ്റ്റേഷനിൽ ആൾക്കൂട്ടത്തെ എത്തിച്ചുവെന്നാരോപിച്ച് തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്ക്കെതിരെ ചെന്നൈയിൽ പരാതി. ഒരു സാമൂഹ്യ പ്രവർത്തകനാണ് ചെന്നൈ പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. തമിഴക വെട്രി കഴകം രൂപീകരിച്ച ശേഷം ആദ്യം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി ഷൂട്ടിംഗ് തിരക്കുകൾക്കിടെയാണ് വിജയ് റഷ്യയിൽ നിന്നെത്തിയത്. വീട് മുതൽ പോളിംഗ് ബുത്ത് വരെ ആരാധകരുടേയും പ്രവർത്തകരുടേയും അകമ്പടിയോടെയാണ് ബൂത്തിലേക്ക് അദ്ദേഹം എത്തിയത്.
വോട്ടിങ് ശതമാനം കുറഞ്ഞത് രാഷ്ട്രീയ പാര്‍ട്ടികളില്‍ ചർച്ചയാകുന്നു. ഉത്തരേന്ത്യയിലടക്കം തെരഞ്ഞെടുപ്പ് താരംഗമാകത്തതിന്റെ ആശങ്കയിലാണ് ബിജെപി നേതൃത്വം. അമിത് ഷായുടെ നേതൃത്വത്തിൽ ബിജെപി നേതാക്കൾ യോഗം ചേർന്നു. തിരഞ്ഞെടുപ്പ് വിവരങ്ങൾ ചർച്ച ചെയ്യാനായിരുന്നു യോഗം ചേർന്നത്.ഇന്നലെ രാത്രി വരെയുള്ള കണക്ക് അനുസരിച്ച് 62.37 ശതമാനമാണ് പോളിങ്. അന്തിമ കണക്കുകള്‍ വരുമ്പോൾ ഇത് 65 ശതമാനം വരെയാകുമെന്നാണ് അനുമാനം.
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് പി ജയരാജന്‍. നിലവാരമില്ലാത്ത കോണ്‍ഗ്രസ് നേതാക്കള്‍ എഴുതി തരുന്നത് വായിക്കുന്നതിന് മുന്‍പ് രാഹുല്‍ ആലോചിക്കണമായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് പൊലീസ് ലോക്കപ്പിലിട്ട് തല്ലിച്ചതച്ചപ്പോള്‍ അചഞ്ചലനായി നിന്ന പിണറായിയെയാണ് ജയില്‍ കാട്ടി പേടിപ്പിക്കുന്നത്. സംഘപരിവാര്‍ മനസാണ് രാഹുൽ ഗാന്ധിയിൽ പ്രകടമാകുന്നതെന്നും ജയരാജന്‍ പറഞ്ഞു.
നിർമാതാക്കളുo പിവിആർ ഗ്രൂപ്പും തമ്മിലുള്ള തർക്കം പരിഹരിച്ചു. വെർച്വൽ ഫീയെ ചൊല്ലിയായയിരുന്നു തർക്കം. ഇന്ത്യയിലെ മുഴുവൻ സ്‌ക്രീനുകളിലെയും മലയാള സിനിമകളും പ്രദർശിപ്പിക്കാമെന്ന് ധാരണയിലെത്തി. 11ന് റിലീസ് ചെയ്ത മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകൾ മുടങ്ങിയിരുന്നു. സിനിമയുടെ പ്രൊജക്ഷൻ ചെയ്യുന്ന കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായുള്ള തർക്കം മൂലമായിരുന്നു പിവിആർ സ്‌ക്രീനുകളിൽ മലയാളചിത്രങ്ങളുടെ പ്രദർശനം നിർത്തിവച്ചത്.
ഷാഫി പറമ്പിലിന് ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗ് നോട്ടീസ് നൽകി. വടകര വഖഫ് ഭൂമിയിൽ “ഈദ് വിത്ത് ഷാഫി” എന്ന പേരിൽ നടന്ന പരിപാടിയിൽ പങ്കെടുത്തതിനെ സംബന്ധിച്ച് ലഭിച്ച പരാതിയെ തുടർന്നാണ് നടപടി. ഷാഫി പറമ്പിൽ പ്രഥമ ദൃഷ്ട്യാ മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും, മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്നും നോട്ടീസിൽ പറയുന്നു.
മറ്റു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിച്ചിരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്ത് നല്‍കി. നിലവില്‍ സംസ്ഥാനത്തിന് പുറത്ത് തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥരില്‍ നിന്നും ഫോം 12 D മാത്രമാണ് ഒപ്പിട്ട് വാങ്ങിയിരിക്കുന്നത്. സംസ്ഥാനത്ത് ഇല്ലാത്തവര്‍ക്ക് ഈ അവസരം വിനിയോഗിക്കാനാകില്ല. ഇതിന് പകരമായി പോസ്റ്റല്‍ ബാലറ്റ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
‘വീട്ടിലെ വോട്ടില്‍’ ആളുമാറി വോട്ടു ചെയ്യിപ്പിച്ച സംഭവത്തിൽ നാല് പോളിങ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ. പോളിങ് ഓഫീസർ, സ്പെഷ്യൽ പോളിങ് ഓഫീസർ, മൈക്രോ ഒബ്സർവർ ബിഎൽഒ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. വീഴ്ച പറ്റിയെന്ന് വ്യക്തമായതോടെയാണ് നടപടി. പൊലീസ് കേസ് രജിസ്റ്റർ ചെയ്യാൻ കമ്മീഷണർക്കും കലക്ടർ നിർദ്ദേശം നൽകി.
വോട്ടർ പട്ടികയിലെ ഇരട്ടിപ്പ് പോലുള്ള ആരോപണങ്ങളിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. തെരഞ്ഞെടുപ്പിൽ ആൾമാറാട്ടം തടയുന്നതിനും സുതാര്യത ഉറപ്പുവരുത്താനും പോളിങ് ഉദ്യോഗസ്ഥർക്കായി ‘എ എസ് ഡി മോണിട്ടർ സിഇഒ കേരള’ എന്ന ആപ്പാണ് എൻഐസി കേരളയുടെ സഹായത്തോടെ സംസ്ഥാനത്തിന് മാത്രമായി വികസിപ്പിച്ചത്. ഈ ആപ്പ് വഴി ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ കഴിയും.
പ്രതികൾക്ക്ജാമ്യം നൽകിയതിനെതിരെ മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥൻ്റ അമ്മ, സുപ്രീം കോടതിയെ സമീപിച്ചു. നാല് പ്രതികൾ നൽകിയ അപ്പീൽ പരിഗണിച്ചാണ് ദില്ലി ഹൈക്കോടതി ശിക്ഷാ വിധി സ്റ്റേ ചെയ്തത്. വിചാരണക്കോടതി പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. സൗമ്യയുടെ അമ്മ നൽകിയ അപ്പീൽ തിങ്കളാഴ്ച്ച സുപ്രീംകോടതി പരിഗണിക്കും.
കണ്ണൂരില്‍ ബി.എല്‍.ഒമാരെ വച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ അസൂത്രിത നീക്കമാണ് നടക്കുന്നതെന്ന് ടിവി രാജേഷ്. ബി.എല്‍.ഒയുടെ നേതൃത്വത്തിലാണ് ഇവിടെ കള്ള വോട്ട് രേഖപ്പെടുത്തിയതെന്ന് രാജേഷ്. സംഭവത്തില്‍ യുഡിഎഫ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും രാജേഷ് ആവശ്യപ്പെട്ടു.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ തട്ടിപ്പാണെന്ന് വ്യാജപ്രചാരണം നടത്തിയതിന് സംസ്ഥാനത്ത് 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ, നിയമ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയെന്ന്ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.പൊതുജനങ്ങള്‍ക്ക് പൊലീസിന്റെ സാമൂഹികമാധ്യമ നിരീക്ഷണസംഘങ്ങള്‍ക്ക് വിവരം നല്‍കമെന്നും സഞ്ജയ് കൗള്‍ അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രമ്യ ഹരിദാസ് എംപി. ബിജെപി സർക്കാരിനേയും പ്രധാനമന്ത്രിയേയും വിമർശിക്കുന്നതിന് പകരം, രാജ്യം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന രാഹുൽ ഗാന്ധി എന്ന നേതാവിനെ നിരന്തരമായി അവഹേളിച്ചു കൊണ്ടിരിക്കുകയാണ് കേരള മുഖ്യമന്ത്രിയെന്ന് രമ്യ ഫേസ്ബുക്കിൽ കുറിച്ചു.രാജ്യം രക്ഷപ്പെടണം എന്ന ലക്ഷ്യത്തോടെ ജനാധിപത്യവും മതേതരത്വവും നിലനിൽക്കാൻ രാജ്യം മുഴുവൻ യാത്രനടത്തി ജനങ്ങളിലേക്കിറങ്ങിയ നേതാവിനെയാണ് അവഹേളിച്ച് സംസാരിക്കുന്നത് എന്നും രമ്യ കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. പത്തുജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24ആം തീയതി വരെ ഉയർന്ന താപനില ഉണ്ടാകും. എന്നാൽ ചിലയിടങ്ങളിൽ സംസ്ഥാനത്ത് വേനൽ മഴ തുടരും. ഉച്ചയ്ക്കുശേഷം മലയോര മേഖലകളിൽ ഇടിമിന്നലോട് കൂടിയ വേനൽ മഴയ്ക്ക് സാധ്യത. ശക്തമായ കാറ്റും മോശം കാലാവസ്ഥയും അനുഭവപ്പെടും. കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്. കേരളതീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ, കെ കെ ഹർഷീനയ്ക്ക്അടുത്ത മാസം വീണ്ടും ശസ്ത്രക്രിയ. തുടർ ചികിത്സയിൽ സർക്കാർ ഇടപെടണമെന്നാണ് ഹർഷിനയുടെ ആവശ്യം. വയറിനുള്ളിൽ വീണ്ടും കൊഴുപ്പ് അടിഞ്ഞു കൂടി. ഇത് നീക്കം ചെയ്യാനാണ് ശസ്ത്രക്രീയ. അടുത്ത മാസം 11 നാണ് അഞ്ചാമത്തെ ശസ്ത്രക്രിയ.
വീടിന്‍റെ ജപ്തി നടപടിക്കിടെ നെടുങ്കണ്ടത്ത്ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. ആശാരികണ്ടം സ്വദേശി ഷീബ ദിലീപ് ആണ് മരിച്ചത്. ജപ്തി നടപടിക്കിടെ ഇവര്‍ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇവരെ രക്ഷപ്പെടുത്താൻ ശ്രമിച്ച രണ്ട് സിവില്‍ പൊലീസുദ്യോഗസ്ഥര്‍ക്കും പൊള്ളലേറ്റു.
ബംഗാളിൽ സിപിഎം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എ ഐ യുവതി. വാർത്താ അവതാരകയായ സമത എന്ന് പേരിട്ട എഐ സുന്ദരിയെയാണ് അവർ അവതരിപ്പിച്ചത്. ഫേസ്ബുക്ക്ലും , യൂട്യുബിലും ബിജെപിയുടെയും ടിഎംസിയുടെയും ദുഷ്പ്രവൃത്തികൾ ഉയർത്തിക്കാട്ടുകയാണ് സമതയുടെ ലക്ഷ്യമെന്ന് സിപിഎം പറഞ്ഞു.
കർണാടകയിൽ മൂന്ന് മുതിർന്ന നേതാക്കൾക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു. കോൺഗ്രസ് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി, ബിജെപി സംസ്ഥാന അധ്യക്ഷൻ ബി വൈ വിജയേന്ദ്ര എന്നിവർക്കെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശ പ്രകാരം പൊലീസ് കേസെടുത്തത്.
ഒഡിഷയിലെ മഹാനദിയിൽ ബോട്ട് അപകടത്തിൽ ഏഴ് മരണം. വെള്ളിയാഴ്ച ജാർസുഗുഡ ജില്ലയിൽ, 50 ഓളം യാത്രക്കാരുമായി പോയ ബോട്ട് മറിയുകയായിരുന്നു. തിരച്ചിൽ തുടരുകയാണെന്നും ശനിയാഴ്ച രാവിലെ ആറ് മൃതദേഹങ്ങൾ കണ്ടെടുത്തുവെന്നും അധികൃതർ അറിയിച്ചു. യാത്രാമധ്യേ, ബോട്ട് കലങ്ങിയ വെള്ളത്തിൽ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്ന ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്ക്, ചില തിരക്കുകൾ കാരണം സന്ദർശനം മാറ്റി എന്നാണ് അറിയിച്ചത്.
എന്‍.ഡി.എയില്‍ ചേര്‍ന്നപ്പോള്‍ തനിക്ക് ക്ലീന്‍ചിറ്റ് കിട്ടയിട്ടില്ല, നേരത്തേയും അഴിമതിക്കാരനായിരുന്നില്ല, എന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. പ്രതിപക്ഷത്തിരുന്നപ്പോൾ താൻ അവർക്ക് അഴിമതിക്കാരൻ ആയിരുന്നില്ല എന്നും അദ്ദേഹം വിമർശിച്ചു.